മരണത്തെ മുഖാമുഖം വെല്ലുവിളിച്ച സിആര്‍പിഎഫിന്റെ ‘ചീറ്റപ്പുലി’ ഒരു വര്‍ഷത്തിനു ശേഷം വീണ്ടും രാജ്യസേവനത്തിന് തയാര്‍; ചേതന്‍ കുമാര്‍ ചീറ്റയെപ്പോലെയുള്ള വീരന്‍മാരുള്ളിടത്തോളം അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് ഇന്ത്യ പേടിസ്വപ്നം!

മരണത്തെ മുഖാമുഖം വെല്ലുവിളിച്ച സിആര്‍പിഎഫിന്റെ ‘ചീറ്റപ്പുലി’ ഒരു വര്‍ഷത്തിനു ശേഷം വീണ്ടും രാജ്യസേവനത്തിന് തയാര്‍; ചേതന്‍ കുമാര്‍ ചീറ്റയെപ്പോലെയുള്ള വീരന്‍മാരുള്ളിടത്തോളം അകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്ക് ഇന്ത്യ പേടിസ്വപ്നം!

ന്യൂഡെല്‍ഹി : ഒന്നും രണ്ടുമല്ല ഒന്‍പത് വെടിയുണ്ടകളുടെ രൂപത്തിലാണ് മരണം ചേതന്‍ കുമാര്‍ ചീറ്റയുടെ മുഖാമുഖം എത്തി ഭീഷണി മുഴക്കിയത്. കാലനായെത്തിയവന്റെ മുന്നില്‍ മഹാകാലന്റെ രൂപം പൂണ്ട് മാതൃരാജ്യത്തെ സംരക്ഷിച്ച വീരനാണ് ചേതന്‍. തലച്ചോറും വലതുകണ്ണും തുളച്ചിറങ്ങിപ്പോയ വെടിയുണ്ടയെ പോലും തോല്‍പിച്ചാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഒരു വര്‍ഷം മുന്‍പ് കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അതിദാരുണമായി പരിക്കേറ്റെങ്കിലും മരണത്തെ ചീറ്റ ഓടിത്തോല്‍പിച്ചു. വിശ്രമത്തിനും തീവ്ര ചികിത്സക്കും ശേഷം തകര്‍ന്ന വലതുകണ്ണ് മൂടിക്കെട്ടി ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തില്‍ ഈ സിആര്‍പിഎഫ് കമാന്‍ഡന്റ് ഡല്‍ഹിയിലെ സേനയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുന്നു.

2014 ഫെബ്രുവരി 14ന് കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരുടെ ഒളിത്താവളം ചീറ്റ അംഗമായ സിആര്‍പിഎഫ് 45 ബറ്റാലിയന്‍ വളഞ്ഞു. ഭീകരരുമായ രൂക്ഷമായ ഏറ്റുമുട്ടലില്‍ തലച്ചോറിനും വലതു കണ്ണിനും അടിവയറ്റിലും കൈകളിലും കാലുകളിലും പിന്‍ഭാഗത്തും പരിക്കേറ്റ ചീറ്റ ഒന്നര മാസമാണ് അബോധാവസ്ഥയില്‍ കിടന്നത്. ഇനിയും ധാരാളം ഭീകരര്‍ക്ക് നരകത്തിലേക്കുള്ള എന്‍ട്രി പാസ് നല്‍കാനുണ്ടെന്ന് പ്രഖ്യാപിച്ച് അദ്ദേഹം കണ്ണു തുറന്നു. ജീവിതത്തിലേക്ക് തിരികെ നടന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജന. ബിപിന്‍ റാവത്തും നേരിട്ടെത്തി അദ്ദേഹത്തെ അനുമോദിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് സമാധാന കാലത്ത്് രാജ്യ നല്‍കുന്ന രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീര്‍ത്തി ചക്ര പുരസ്‌കാരവും ഈ വീരന് സമര്‍പ്പിക്കപ്പെട്ടു.

തലച്ചോര്‍ പോലും തുരന്നിറങ്ങിയ മുറിവുകളോടെ അബോധാവസ്ഥയില്‍ ആദ്യം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്കും പിന്നാലെ ഡല്‍ഹിയിലെ എയിംസിലെ ട്രോമാ കെയറിലേക്കും അദ്ദേഹത്തിന്റെ നിഞ്ചലമായ ശരീരം എത്തിക്കുമ്പോള്‍ തിരികെ വരുമെന്ന് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. തലച്ചോറിന്റെ വലിയൊരു ഭാഗം അടിയന്തരമായി എടുത്തു മാറ്റിയതാണ് ജീവന്‍ രക്ഷിച്ചത്. വലതു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടെങ്കിലും ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതെ കാക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തിന് കഴിഞ്ഞു. ശസ്ത്രക്രിയയിലൂടെ ഒന്‍പത് വെടിയുണ്ടകളും നീക്കം ചെയ്തു. ഒടുവില്‍ ഒന്നര മാസത്തിനു ശേഷം ചേതന്‍ കണ്ണു തുറന്നപ്പോള്‍ മെഡിക്കല്‍ ലോകത്തെ തന്നെ മഹാത്ഭുതമായിരുന്നു ആ കാഴ്ച.

ഇപ്പോഴും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിട്ടില്ല. ഭാര്യ ഉമയുടെ നേതൃത്വത്തില്‍ ഫിസിയോ തെറാപ്പിയും മറ്റും തുടരുന്നു. കഴിഞ്ഞയാഴ്ച ഡ്യൂട്ടിയില്‍ ചേരുന്നതിന് മുന്‍പ് രാജസ്ഥാനിലെ മൗണ്ട് അബുവിലെ സിആര്‍പിഎഫ് കേന്ദ്രത്തിലെത്തി സൈനികരുടെ ആത്മവീര്യമുയര്‍ത്താന്‍ ഒരു ക്ലാസ് എടുത്തു ഇദ്ദേഹം. ചേതന്‍ കുമാര്‍ ചീറ്റയെന്ന വ്യക്തിയെ കാണുന്നതു പോലും വാസ്തവത്തില്‍ സൈനികരുടെ ആത്മബലം അങ്ങേയറ്റം വര്‍ദ്ധിപ്പിക്കുന്നതാണ്.

‘എന്റെ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ യുദ്ധമുന്നണിയിലേക്ക് പോയി നടപടികളുടെ ഭാഗമാകാന്‍ എന്റെ രാജ്യവും സേനയും ആഗ്രഹിച്ചാല്‍ ഒരു മടിയും കൂടാതെ ഉടനടി പോകാന്‍ ഞാന്‍ തയാറാണ്. എന്റെ കുടുംബവും ഭാര്യയും ആശങ്കയിലാണ്. പക്ഷേ സേനയുടെ ഭാഗമായാല്‍ വേഗം ആരോഗ്യം വീണ്ടെടുക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്.’ -ചീറ്റയുടെ വാക്കുകള്‍.

തന്റെ ചര്‍മത്തിന്റെ ഭാഗമാണ് സൈനിക യൂണിഫോമെന്ന് പറഞ്ഞുകൊണ്ട് ഓഫീസ് ഡ്യൂട്ടിയിലും ഖാക്കി വസ്ത്രം ധരിച്ചാണ് അദ്ദേഹം എത്തുന്നത്. പാക് ഭീകരര്‍ വിളയാടുന്ന ജമ്മു-കശ്മീരിലേക്കോ മാവോയിസ്റ്റുകള്‍ ഛിദ്രം നടത്തുന്ന വടക്കന്‍ മേഖലയിലേക്കോ ഉടനടി ഒരു വിളി പ്രതീക്ഷിച്ചു കൊണ്ട്.

Comments

comments

Categories: FK News, Motivation, Slider