ആഗോള വ്യാപാര പശ്ചാത്തലം വെല്ലുവിളി നേരിടുന്നു: ഡബ്ല്യുടിഒ ഡയറക്റ്റര്‍ ജനറല്‍

ആഗോള വ്യാപാര പശ്ചാത്തലം വെല്ലുവിളി നേരിടുന്നു: ഡബ്ല്യുടിഒ ഡയറക്റ്റര്‍ ജനറല്‍

ന്യൂഡെല്‍ഹി : ആഗോള വ്യാപാര അന്തരീക്ഷം വെല്ലുവിളി നേരിടുകയാണെന്നും രാഷ്ട്രങ്ങള്‍ക്കിടയിലെ ബഹുമുഖ തര്‍ക്ക പരിഹാര സംവിധാനത്തില്‍ പരിമിതികള്‍ അഭിമുഖീകരിക്കുന്നുവെന്നും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ)യുടെ ഡയറക്റ്റര്‍ ജനറല്‍ റോബെര്‍ട്ടൊ അസെവെദൊ. ന്യുഡെല്‍ഹിയില്‍ സംഘടിപ്പിച്ച ഡബ്ല്യുടിഒ അനൗദ്യോഗിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്പലേറ്റ് അംഗങ്ങളെ നിയമിക്കുന്നതില്‍ തര്‍ക്ക പരിഹാര സംവിധാനം തടസങ്ങള്‍ നേരിടുകയാണെന്നും ഇത്തരം കാര്യങ്ങള്‍ ന്യൂഡെല്‍ഹിയിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ലോകവ്യാപാര സംഘടനയുടെ പ്രവര്‍ത്തന മാര്‍ങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് യോഗം ഉപയോഗപ്രദമാകുമെന്നും അസെവെദൊ പറഞ്ഞു. ഡബ്ല്യുടിഒ അനൗദ്യോഗിക യോഗത്തില്‍ തുറന്നതും സത്യസന്ധവുമായ ഒരു സംഭാഷണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുരാഷ്ട്ര വ്യാപാര സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിക്കുകയും പരിഷ്‌കരണ നപടികള്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഡബ്ല്യുടിഒ അംഗങ്ങളില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നുവന്ന സംരക്ഷണവാദ നിലപാടുകള്‍ പോസിറ്റീവ് വീക്ഷണത്തിന് വെല്ലുവിളിയാണെന്നും അസെവെദൊ കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച സംരംക്ഷണവാദ നടപടികള്‍ക്കൊപ്പം സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ഇറക്കുമതി തീരുവ അടുത്തിടെ വര്‍ധിപ്പിച്ച യുഎസിന്റെ നടപടിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ- കൊമേഴ്‌സിലെ ചില അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് അസെവെദൊയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിസിനസ് മേധാവികള്‍ ചൂണ്ടിക്കാട്ടി. ഇ – കൊമേഴ്‌സിന്റെ സാധ്യതയും നിര്‍വചനവും സംബന്ധിച്ച അവ്യക്തതകള്‍ ഡബ്ല്യുടിഒ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് പരിഹരിക്കപ്പെടണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: Business & Economy