ഫറൂഖ് കോളേജില്‍ അദ്ധ്യാപകനെതിരെ വന്‍ പ്രതിഷേധം

ഫറൂഖ് കോളേജില്‍ അദ്ധ്യാപകനെതിരെ വന്‍ പ്രതിഷേധം

കോഴിക്കോട്: സ്ത്രീകള്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്് തിങ്കളാഴ്ച്ച കോഴിക്കോട് ഫറൂഖ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ആളിക്കത്തി. എസ്.എഫ്.ഐയും കെ.എസ്.യുവും എ.ബി.വിപിയും കോളേജിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഫറൂഖ് കോളേജിലെ അധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് സമരങ്ങള്‍ക്ക് കാരണമായത്.

കണ്ണില്‍ നോക്കി സംസാരിക്കുന്നതിന് പകരം നെഞ്ചില്‍ നോക്കുന്ന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. ഇസ്ലാമില്‍ അനുവദനീയമല്ലാത്ത രീതിയിലാണ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണമെന്നായിരുന്നു അദ്ധ്യാപകന്റെ പരാമര്‍ശം. കൃത്യമായ രീതിയില്‍ മക്കന ധരിക്കാതെ തണ്ണിമത്തന്‍ കാഴ്ച്ചയ്ക്ക് വയ്ക്കുന്നതു പോലെ വിദ്യാര്‍ത്ഥിനികള്‍ മാറിടം പ്രദര്‍ശിപ്പിച്ചു കൊണ്ട് നടക്കുകയാണെന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. എ.ബി.വി.പി. പ്രവര്‍ത്തകരാണ് ആദ്യം പ്രകടനമായെത്തിയത്. പിന്നാലെ എസ്.എഫ്.ഐ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണിമത്തന്‍ മാര്‍ച്ച് നടത്തി. തണ്ണിമത്തനുമായി എത്തിയ വിദ്യാര്‍ത്ഥിനികള്‍ കോളേജിന്റെ മുന്‍ഗേറ്റില്‍ എത്തി മുദ്രാവാക്യം വിളിച്ചു. കെ.എസ്.യു സമരക്കാര്‍ തണ്ണിമത്തന്‍ മുറിച്ച് വിതരണം ചെയ്തു. പ്രതിഷേധം ശക്തമായതോടെ സമരക്കാര്‍ക്ക് ഗോബാക്ക് വിളികളുമായി രജാഗേറ്റിന് മുന്നില്‍ കോളേജ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകളും അണിനിരന്നു.

 

 

Comments

comments

Categories: Current Affairs