ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് തന്റെ പ്രസ്താവന തടസപ്പെടുത്തി; പാര്‍ലമെന്റിന് മുന്‍പ് ബന്ധുക്കളെ വിവരം അറിയിക്കുന്നത് ചട്ടവിരുദ്ധമെന്നും മന്ത്രി

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് തന്റെ പ്രസ്താവന തടസപ്പെടുത്തി; പാര്‍ലമെന്റിന് മുന്‍പ് ബന്ധുക്കളെ വിവരം അറിയിക്കുന്നത് ചട്ടവിരുദ്ധമെന്നും മന്ത്രി

ന്യൂഡെല്‍ഹി : ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലചെയ്ത 39 ഇന്ത്യക്കാരെക്കുറിച്ച് ലോക്‌സഭയില്‍ താന്‍ നടത്തിയ പ്രസ്താവന തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ നോതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ബഹളം വെച്ചത്. രാജ്യസഭയില്‍ താന്‍ പ്രസ്താവന നടത്തിയപ്പോള്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രതിപക്ഷം നിശബ്ദത പാലിച്ചു. ഇത് രാഹുല്‍ ഗാന്ധിക്ക് ഇഷ്ടപ്പെട്ടു കാണില്ല. അതിനാലാണ് ലോക്‌സഭയില്‍ ബഹളം വെക്കാന്‍ നിര്‍ദേശം കൊടുത്തത്. നടുത്തളത്തിലുണ്ടായിരുന്ന മറ്റ് പാര്‍ട്ടികളുടെ എംപിമാര്‍ നിശബ്ദത പാലിച്ചെങ്കിലും അതുവരെ അടങ്ങിയിരുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു.മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.’-സുഷമ കുറ്റപ്പെടുത്തി.

മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കളെ ആദ്യം അറിയിക്കാന്‍ നിര്‍വാഹമില്ലായിരുന്നെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ കൂടുന്നതിനാല്‍ ചട്ടപ്രകാരം സഭയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത്.

ആള്‍ക്കാര്‍ മരിച്ചെന്ന് നേരത്തെ തന്നെ അറിയാമായിരുന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവെച്ച് ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കിയെന്ന ആരോപണവും വിദേശകാര്യമന്ത്രി നിഷേധിച്ചു. മരിച്ചിട്ടില്ല എന്ന് ഉറപ്പിക്കുന്നതു വരെ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിച്ച് അവരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാ രാജ്യങ്ങളുടെയും വിദേശമന്ത്രിമാരുമായി നേരിട്ട് ഇക്കാര്യം സംസാരിച്ചു. മൊസൂള്‍ ഐസിസില്‍ നിന്ന് മോചിപ്പിക്കാതെ തടവിലുള്ളവരെ കുറിച്ച് അന്വേഷിക്കുന്നത് അസാധ്യമായിരുന്നു. ആരുടെയെങ്കിലും ശരീരാവശിഷ്ടം ഉറ്റവരുടെയാണെന്ന് പറഞ്ഞ് കൈമാറാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലായിരുന്നെന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞു.

മോദി സര്‍ക്കാര്‍ ഹൃദയശൂന്യതയാണ് കാട്ടിയതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഐസിസ് തടവിലാക്കിയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകം മുഴുവന്‍ പറഞ്ഞപ്പോഴും അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് രാജ്യത്തിനും കുടുംബാഗങ്ങള്‍ക്കും ഏഴു തവണയെങ്കിലും ഉറപ്പു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു.

Comments

comments

Categories: FK News, Politics, Slider