ദക്ഷിണ പൂര്‍വേഷ്യയെ ലക്ഷ്യമിട്ട് ആലിബാബ

ദക്ഷിണ പൂര്‍വേഷ്യയെ ലക്ഷ്യമിട്ട് ആലിബാബ

മേഖലയില്‍ സജീവമായ ലസാദ ഗ്രൂപ്പില്‍ ജാക്മായുടെ കമ്പനി നടത്തുന്നത് 2 ബില്ല്യണ്‍ ഡോളര്‍ അധികനിക്ഷേപം

ബെയ്ജിംഗ്: ദക്ഷിണ പൂര്‍വ്വേഷ്യയിലെ പ്രധാന ഇ-കൊമേഴ്‌സ് സംരംഭമായ ലസാദ ഗ്രൂപ്പില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം നടത്തുമെന്ന് ആഗോള റീട്ടെയ്ല്‍ ഭീമനായ ആലിബാബ അറിയിച്ചു. സമാന മേഖലകളില്‍ പ്രതിയോഗികളായ ആമസോണ്‍ നടത്തുന്ന വമ്പന്‍ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈനീസ് ശതകോടീശ്വരന്‍ ജാക് മായുടെ നേതൃത്വത്തിലുള്ള കമ്പനി പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നത്.

ആലിബാബയുടെ 18 സ്ഥാപകരിലൊരാളായ ലൂസി പംഗ് ലസാദയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി ചുമതലയേല്‍ക്കും. ലസാദയുടെ സഹസ്ഥാപകനായ മാക്‌സ് ബിറ്റ്‌നെര്‍ക്ക് പകരമായാണ് ആലിബാബയില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുള്ള ലൂസി പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ആയി എത്തുന്നത്. മാക്‌സിന് ഇനിയുള്ളത് കമ്പനിയുടെ മുതിര്‍ന്ന ഉപദേശകന്‍ എന്ന റോള്‍ മാത്രം. പുതിയ നിക്ഷേപത്തോടെ ലസാദയില്‍ ആലിബാബയ്ക്കുള്ള ഓഹരി വിഹിതം നല്ലൊരു ശതമാനം കൂടിയിട്ടുണ്ട്. എന്നാല്‍ എത്രയെന്ന് വ്യക്തമല്ല. ഈ ഡീല്‍ നടക്കുന്നതിന് മുന്നപ് തന്നെ ലസാദയില്‍ ആലിബാബയ്ക്ക് 83 ശതമാനം ഓഹരി ഉടമസ്ഥതയാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിനിടെ നാല് ബില്ല്യണ്‍ ഡോളര്‍ എന്ന വലിയ സംഖ്യയാണ് ആലിബാബ ലസാദയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ മികച്ച സാന്നിധ്യമുള്ള ലസാദയിലെ ഭൂരിപക്ഷ ഒഹരിയുടമസ്ഥാവകാശം ലഭിച്ചത് ആലിബാബയെ വീണ്ടും കരുത്തനാക്കുകയാണ്.

ഏകദേശം 200ലധികം രാജ്യങ്ങളില്‍ ചൈനീസ് ശതകോടീശ്വരന്‍ ജാക് മായുടെ ആലിബാബ പ്രവര്‍ത്തിക്കുന്നുണ്ട്. 500 ദശലക്ഷം ആളുകളാണ് പ്രതിമാസം ആലിബാബയുടെ ഷോപ്പിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത്

ദക്ഷിണ പൂര്‍വേഷ്യന്‍ വിപണിയുടെ വമ്പന്‍ സാധ്യതകളും ലസാദ ഗ്രൂപ്പിന്റെ വിജയത്തില്‍ തങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാണ് പുതിയ നിക്ഷേപത്തിലൂടെ പ്രകടമാകുന്നതെന്ന് ആലിബാബ പ്രസ്താവനയില്‍ അറിയിച്ചു. നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്ന ലസാദയ്ക്ക് പുതിയ ഉണര്‍വേകി ആലിബാബയുടെ നിക്ഷേപം.

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ഏതാണ്ട് ഒരു വര്‍ഷത്തോളമായി ദക്ഷിണ പൂര്‍വ്വേഷ്യന്‍ മേഖലകളിലെ വ്യാപനത്തിന് നേതൃത്വം നല്‍കാന്‍ തുടങ്ങിയിട്ട്. ഈ മേഖലയില്‍ ഉപഭോക്താക്കളെ നേടിയെടുക്കുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ ആമസോണിനും ജെഡിഡോട്ട്‌കോമിനും എതിരെയാണ് ആലിബാബയും സഹകമ്പനിയായ ആന്റ് ഫിനാന്‍ഷ്യല്‍സും മത്സരിക്കുന്നത്. മേഖലയിലെ വരുമാനം ഇരട്ടിപ്പിക്കാന്‍ ഉടന്‍ സാധിക്കുമെന്നാണ് ജാക് മായുടെ പ്രതീക്ഷ. ഏകദേശം 200ലധികം രാജ്യങ്ങളില്‍ ആലിബാബ പ്രവര്‍ത്തിക്കുന്നുണ്ട്. 500 ദശലക്ഷം ആളുകളാണ് പ്രതിമാസം ആലിബാബയുടെ ഷോപ്പിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത്.

Comments

comments

Categories: Business & Economy