ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും ഐസിസ് വധിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍; ഡിഎന്‍എ പരിശോധനയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; ജന. വികെ സിംഗ് ബാഗ്ദാദിലേക്ക് പോകും

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും ഐസിസ് വധിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍; ഡിഎന്‍എ പരിശോധനയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; ജന. വികെ സിംഗ് ബാഗ്ദാദിലേക്ക് പോകും

ന്യൂഡെല്‍ഹി : 2014ല്‍ ഇറാഖിലെ മൊസുളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും വധിക്കപ്പെട്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. വിദൂര ശേഷിയുള്ള റഡാറുകളുടെ സഹായത്തോടെയാണ് തടവിലാക്കപ്പെട്ടവര്‍ വധിക്കപ്പെട്ടെന്ന് മനസിലാക്കിയത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ എത്തിച്ച 39 പേരുടെ ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി ഇവര്‍ ഇന്ത്യക്കാരാണെന്ന് ഉറപ്പിച്ചു. മുപ്പത്തെട്ടു പേരുടെ ഡിഎന്‍എ പൂര്‍ണമായും സാദൃശ്യപ്പെട്ടു. ഒരാളുടെ ഡിഎല്‍എ 70 ശതമാനത്തോളം സമാനമായതായി ഇറാഖ് അധികൃതര്‍ അറിയിച്ചെന്ന് സുഷമ സ്വരാജ് പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് ബാഗ്ദാദിലേക്ക് പോയി മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. കൊല്ലപ്പെട്ടവര്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ്. ഭൗതികാവശിഷ്ടങ്ങള്‍ വഹിക്കുന്ന വിമാനം ആദ്യം അമൃത്സറിലേക്കും പിന്നീട് പട്‌നയിലേക്കും അവസാനം കൊല്‍ക്കത്തയിലേക്കുമായിരിക്കും പോകുക.

എല്ലാവരെയും ഭീകരര്‍ വെടിവെച്ചു കൊന്നെന്ന് കൂട്ടത്തില്‍ നിന്നും രക്ഷപെട്ട ഹര്‍ജീത് മസി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. കാലില്‍ വെടിയേറ്റതിനെ തുടര്‍ന്ന് മരിച്ചതായി അഭിനയിച്ച് രക്ഷപെടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. ഹര്‍ജീത് മസി പറഞ്ഞത് കളവാണെന്നും സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ബംഗഌദേശി പൗരന്‍മാരെ ഭീകരര്‍ മോചിപ്പിച്ചപ്പോള്‍ അവരിലൊരാളായി രക്ഷപെടുകയായിരുന്നു ഹര്‍ജീതെന്ന് വിദേശകാര്യ മന്ത്രി രാജ്യസഭയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഹര്‍ജീതിന്റെ വെളിപ്പെടുത്തല്‍ കോളിളക്കമുണ്ടാക്കിയപ്പോള്‍ കൃത്യമായ വിവരം കിട്ടാതെ മരിച്ചതായി പ്രഖ്യാപിക്കുന്നത് പാപമാണെന്നും ഇത് ചെയ്യില്ലെന്നും സുഷമ സ്വരാജ് പ്രസ്താവിച്ചിരുന്നു. ജൂലൈയില്‍ മൊസൂള്‍ ഐഎസ് ഭീകരരില്‍ നിന്ന് മോചിപ്പിക്കപ്പെട്ടപ്പോള്‍ ഇന്ത്യക്കാരുടെ മോചനവും ഉണ്ടാകുമെന്ന പ്രതീക്ഷ ജനിച്ചിരുന്നു.

Comments

comments

Categories: FK News, Politics, Top Stories