2018 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അവതരിപ്പിച്ചു

2018 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 92.60 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2018 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ വാഹനം അനാവരണം ചെയ്തിരുന്നു. 92.60 ലക്ഷം രൂപയാണ് ലക്ഷ്വറി എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. വിഎക്‌സ്എല്‍ വേരിയന്റില്‍ മാത്രമേ ലഭിക്കൂ. കാര്യമായി പരിഷ്‌കരിച്ച പുതിയ പതിപ്പ് മുന്‍ എഡിഷനുകളെപ്പോലെ പൂര്‍ണ്ണമായും നിര്‍മ്മിച്ച ശേഷമാണ് (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത്രയധികം വില നിശ്ചയിക്കാന്‍ കാരണവും ഇതുതന്നെ. ചില യൂറോപ്യന്‍ എസ്‌യുവികളെ വെല്ലാന്‍ കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് 2018 ലാന്‍ഡ് ക്രൂസര്‍ പ്രാഡോ ആദ്യം അനാവരണം ചെയ്തത്.

വിപണിയിലെ മത്സരം കണക്കിലെടുത്ത് 2018 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ അകവും പുറവും സമഗ്രമായി പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ലുക്ക് ലഭിക്കുംവിധം മുന്‍ഭാഗം വലിയ തോതില്‍ പുനര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ലംബമായ അഴികളുള്ളതാണ് വലുതും വീതിയേറിയതുമായ ഗ്രില്ല്. ഇരു വശങ്ങളിലും റീഡിസൈന്‍ ചെയ്ത പുതിയ ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നു. ബോണറ്റ് പുനര്‍ രൂപകല്‍പ്പന ചെയ്തതാണ്. സുരക്ഷ കണക്കിലെടുത്തും കൂടുതല്‍ വേഡിംഗ് ഡെപ്ത് ലഭിക്കുന്നതിനും ഹെഡ്‌ലാംപുകളും ഗ്രില്ല് കൂളിംഗ് ഓപ്പണിംഗുകളും കുറച്ച് ഉയരത്തില്‍ നല്‍കി. പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മുന്നിലും പിന്നിലും പരിഷ്‌കരിച്ച ബംപറുകള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 മായി കൂടുതല്‍ സാമ്യമുള്ളതാണ് പ്രാഡോയുടെ പുതിയ സ്റ്റൈലിംഗ്.

കാബിന്‍ കാര്യമായി പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍ഗാമിയേക്കാള്‍ ആഡംബരവും ആകര്‍ഷകവുമാണെന്ന് പറയാം. പുതിയ, വലിയ 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡിസ്‌പ്ലേ, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ 4.2 ഇഞ്ച് എംഐഡി യൂണിറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍, പുതിയ സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനലില്‍ വൈറ്റ് ഇല്യുമിനേഷന്‍ എന്നിവയും കാണാം. മുന്‍ഗാമിയേക്കാള്‍ 60 മില്ലി മീറ്റര്‍ കൂടുതല്‍ നീളമുള്ളതാണ് പ്രാഡോ ഫേസ്‌ലിഫ്റ്റ്. 17 മുതല്‍ 19 വരെ ഇഞ്ച് വലുപ്പമുള്ള പുതിയ അലോയ് വീലുകള്‍ ലഭിച്ചിരിക്കുന്നു.

3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്ക് അസ്സിസ്റ്റ്, ഹീറ്റഡ് & വെന്റിലേറ്റഡ് സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 7 എയര്‍ബാഗുകള്‍ എന്നിവയാണ് ഫീച്ചറുകള്‍. അഡാപ്റ്റീവ് വേരിയബിള്‍ സസ്‌പെന്‍ഷന്‍, മള്‍ട്ടി ടെറെയ്ന്‍ എബിഎസ് വിത് ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആക്റ്റീവ് ഹെഡ്‌റെസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡൗണ്‍ ഹില്‍ അസ്സിസ്റ്റ് തുടങ്ങി ഫീച്ചറുകളുടെ പട്ടിക നീളുകയാണ്. പുതുതായി അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് കളര്‍ ഓപ്ഷനിലും 2018 പ്രാഡോ ലഭിക്കും.

ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ അകവും പുറവും സമഗ്രമായി പരിഷ്‌കരിച്ചിട്ടുണ്ട്

3 ലിറ്റര്‍, ഡി-4ഡി, ഇന്‍ ലൈന്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 2018 ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോയുടെ ഹൃദയം. 3,400 ആര്‍പിഎമ്മില്‍ 171 ബിഎച്ച്പി കരുത്തും 1,600-2,800 ആര്‍പിഎമ്മില്‍ പരമാവധി 410 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഓള്‍ വീല്‍ ഡ്രൈവ്, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. ഔഡി ക്യു7, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, വോള്‍വോ എക്‌സ്‌സി 90 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto