കണ്ണ് തള്ളേണ്ട ; ഇത് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ബീ റേസിംഗ് എഡിഷന്‍

കണ്ണ് തള്ളേണ്ട ; ഇത് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ബീ റേസിംഗ് എഡിഷന്‍

ഇറ്റലിയില്‍ അവതരിപ്പിച്ചു

റോം : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി ഇറ്റലിയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട് ബീ റേസിംഗ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വഴി മാത്രമേ ലിമിറ്റഡ് എഡിഷന്‍ കാര്‍ വാങ്ങാന്‍ കഴിയൂ. പ്രത്യേക പെയിന്റ് ജോബ്, അഡീഷണല്‍ ബോഡി കിറ്റ് എന്നിവയോടൊപ്പം ഏവരുടെയും മനം കവരുംവിധം സൗന്ദര്യ വര്‍ദ്ധകങ്ങള്‍ നല്‍കി ഹാച്ച്ബാക്കിനെ മാറ്റിയെടുത്തിട്ടുണ്ട്. സുസുകി സ്വിഫ്റ്റിന്റെ സ്‌പോര്‍ട് വേരിയന്റില്‍ മാത്രമേ ബീ റേസിംഗ് എഡിഷന്‍ ലഭിക്കൂ. ഇറ്റലിയില്‍ 18,000 യൂറോയാണ് (ഏകദേശം 14.40 ലക്ഷം രൂപ) വില.

ചാമ്പ്യന്‍ യെല്ലോ, ദുബായ് ബ്ലാക്ക് മെറ്റാലിക് എന്ന ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീമാണ് 2018 സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട് ബീ റേസിംഗ് എഡിഷന്റെ ഭംഗി വര്‍ധിപ്പിക്കുന്നത്. ബോഡിയിലെ റേസിംഗ് സ്‌ട്രൈപ്പുകള്‍ കൂടുതല്‍ ആകര്‍ഷകമാണ്. ഹണികോമ്പ് മെഷ് സഹിതം പുതിയ, വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല് കാണാം. ഫ്രണ്ട് ലിപ് സ്‌പോയ്‌ലര്‍, സൈഡ് സ്‌കര്‍ട്ടുകള്‍, കറുപ്പില്‍ തീര്‍ത്ത റിയര്‍ ഡിഫ്യൂസര്‍ എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍. 17 ഇഞ്ച് വലുപ്പമുള്ള 2 ടോണ്‍ അലോയ് വീലുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍, മഞ്ഞ നിറത്തിലുള്ള റേസിംഗ് സ്‌ട്രൈപ്പുകളോടെ കറുത്ത റൂഫ് എന്നിവയും ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ പ്രത്യേകതകളാണ്.

ഹെഡ്‌റെസ്റ്റുകള്‍ സഹിതം ഷേപ്ഡ് സീറ്റുകള്‍, ‘ലാവ റെഡ്’ നിറത്തില്‍ കാബിനിലുടനീളം ഇന്‍സെര്‍ട്ടുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവ ഇന്റീരിയര്‍ വിശേഷങ്ങളാണ്. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലും റെഡ് ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നു.

പ്രത്യേക പെയിന്റ് ജോബ്, അഡീഷണല്‍ ബോഡി കിറ്റ് എന്നിവയോടൊപ്പം ഏവരുടെയും മനം കവരുംവിധം സൗന്ദര്യ വര്‍ദ്ധകങ്ങള്‍ നല്‍കിയിരിക്കുന്നു

ഹുഡിന് കീഴെ കൂടുതല്‍ കരുത്ത് പകരുന്ന വലിയ എന്‍ജിനാണ് സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട് ബീ റേസിംഗ് എഡിഷന് നല്‍കിയിരിക്കുന്നത്. സ്വിഫ്റ്റിന്റെ സ്റ്റാന്‍ഡേഡ് സ്‌പോര്‍ട് വേരിയന്റിലെ മോട്ടോറുമായി മാറ്റമൊന്നുമില്ല. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 138 ബിഎച്ച്പി കരുത്തും പരമാവധി 230 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് പകരുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 8.1 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 210 കിലോമീറ്ററാണ് ടോപ് സ്പീഡ്.

Comments

comments

Categories: Auto