ഇന്ത്യയുടെ കയറ്റുമതിയില്‍ നിരാശ പ്രകടിപ്പിച്ച് ബിബേക് ദെബ്രോയ്

ഇന്ത്യയുടെ കയറ്റുമതിയില്‍ നിരാശ പ്രകടിപ്പിച്ച് ബിബേക് ദെബ്രോയ്

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥ വളര്‍ച്ചാ വീണ്ടെടുപ്പിന്റെ പാതയിലാണെങ്കിലും ഇന്ത്യയുടെ അറ്റ കയറ്റുമതി (മൊത്തം കയറ്റുമതി വരുമാനം-മൊത്തം ഇറക്കുമതി ചെലവ്) മെച്ചപ്പെട്ട തലത്തിലല്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. നിതി ആയോഗ് അംഗം കൂടിയാണ് അദ്ദേഹം.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച് രാജ്യം ആശയക്കുഴപ്പം നേരിടുന്നതായും ബിബേക് ദെബ്രോയ് പറഞ്ഞു. എക്‌സ്‌പോര്‍ട്ടര്‍മാര്‍ വിനിമയ നിരക്ക് കുറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ മൂലധനത്തിന്റെ ഒഴുക്ക് കാരണം കയറ്റുമതിക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിനിമയ നിരക്ക് കുറയുന്നില്ലെന്നും ഇത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ അറ്റ കയറ്റുമതി മെച്ചപ്പെട്ട തലത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബാങ്ക് വിപണിയില്‍ മാതൃകാപരമായ ഇടപെടല്‍ നടത്തണമെന്നും ദെബ്രോയ് ആവശ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറക്കുമതി തീരുവ വളരേ താഴെയാണ്. അതുകൊണ്ട് തീരുവ ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചില താരിഫ് നിരക്കുകള്‍ ശരിയായ തരത്തിലല്ല ക്രമീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. അടിസ്ഥാനപരമായ പരിഷ്‌കരണങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ ഫലം കാണുന്നതിന് സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരിയില്‍ 4.5 ശതമാനം വര്‍ധനയാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിലുണ്ടായത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധനയാണിത്. എന്‍ജിനീയറിംഗ്, ടെക്‌സ്റ്റൈല്‍സ്, രത്‌നം, ജുവല്‍റി എന്നിവയുടെ കയറ്റുമതിയിലുണ്ടായ ഇടിവാണ് വരുമാനം കുറയാനുള്ള കാരണം. വ്യാപാരക്കമ്മി കഴിഞ്ഞ മാസം അഞ്ച് മാസത്തിനിടയിലെ കുറഞ്ഞ തലത്തിലെത്തിയിരുന്നു.

Comments

comments

Categories: Business & Economy