നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൃഷ്ടിയായി കര്‍ണാടകയില്‍ പുതിയ മതം! ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിച്ച് ന്യൂനപക്ഷ പദവി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍; കോര്‍ട്ടിലെത്തിയത് പന്താണോ ബോംബാണോ എന്ന് ശങ്കിച്ച് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൃഷ്ടിയായി കര്‍ണാടകയില്‍ പുതിയ മതം! ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിച്ച് ന്യൂനപക്ഷ പദവി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍; കോര്‍ട്ടിലെത്തിയത് പന്താണോ ബോംബാണോ എന്ന് ശങ്കിച്ച് ബിജെപി

ബംഗലൂരു : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തുടര്‍ഭരണം ലക്ഷ്യമിട്ട് ശിവാരാധകരായ ലിംഗായത്ത് സമുദായത്തെ (വീരശൈവര്‍) പ്രത്യേക മത വിഭാഗമായി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ മതത്തിന് ന്യൂനപക്ഷ പദവിയും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നാഗ് മോഹന്‍ സമിതി നല്‍കിയ ശുപാര്‍ശകള്‍ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിന്റെ 2-ഡി വകുപ്പ് അനുസരിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകരിച്ചു. നിലവില്‍ ന്യൂനപക്ഷ അവകാശങ്ങളുള്ള മതവിഭാഗങ്ങളുടെ താത്പര്യങ്ങളെയും അവകാശങ്‌ളെയും പുതിയ മതം ബാധിക്കില്ലെന്ന് സംസ്ഥാന നിയമമന്ത്രി ടിബി ജയചന്ദ്ര അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരാണ് ഇനി വിജ്ഞാപനത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതും ഭരണഘടനാ ഭേഗദതി ചെയ്യേണ്ടതും.

സംസ്ഥാനത്ത് 17 ശതമാനം വരുന്ന ലിംഗായത്തുകളുടെ വോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കം. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ സ്വാധീനം കുറക്കാനും സര്‍ക്കാര്‍ ആവിഷ്‌കരിച്ച തന്ത്രമാണിത്. ഹിന്ദു വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമാക്കുന്നതിന് ആര്‍എസ്എസും ബിജെപിയും എതിരാണ്. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് ആര്‍എസ്എസ് നേതൃത്വം ഉയര്‍ത്തിയിരുന്നത്.

അതേസമയം പ്രത്യേക മതവാദക്കാരായ ലിംഗായത്തുകളും ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് പറയുന്ന വീരശൈവരും തമ്മിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. വീരശൈവ മഠങ്ങളുടെ അധിപരായ സന്യാസിമാര്‍ ഹിന്ദു മതത്തില്‍ നിന്ന് മാറുന്നതിനെ എതിര്‍ക്കുന്നവരാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സിദ്ധരാമയ്യ സര്‍ക്കാര്‍ തന്ത്രപൂര്‍വം നീട്ടിയടിച്ച പന്തില്‍ കേന്ദര സര്‍ക്കാര്‍ എന്ത് നിലപാടെടുക്കും എന്നത് ഇപ്പോഴും വ്യക്തമല്ല. ലിംഗായത്ത് സമുദായത്തിന്റെ അപ്രീതി പിടിച്ചു പറ്റുന്നത് തെരഞ്ഞെടുപ്പില്‍ കോട്ടമാകും. പ്രത്യേക മതവിഭാഗമെന്ന അംഗീകാരം നല്‍കുന്നത് മാതൃ സംഘടനയായ ആര്‍എസ്എസിന്റെ താത്പര്യങ്ങള്‍ക്ക് എതിരുമാകും.

Comments

comments

Categories: FK News, Politics, Slider