സംയുക്ത സംരംഭവുമായി പൊതുമേഖലാ വൈദ്യുതി കമ്പനികള്‍

സംയുക്ത സംരംഭവുമായി പൊതുമേഖലാ വൈദ്യുതി കമ്പനികള്‍

ആവശ്യകത ഉയരുമ്പോഴുള്ള വില്‍പ്പന ലക്ഷ്യമിട്ട് സമ്മര്‍ദിത ആസ്തികള്‍ ഏറ്റെടുക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമത്തിന് കീഴില്‍ പരിഹാര നടപടികളിലൂടെ കടന്നു പോകുന്ന സമ്മര്‍ദിത ആസ്തികള്‍ ഏറ്റെടുക്കുന്നതി ലക്ഷ്യമിട്ട് വൈദ്യുതി മേഖലയിലെ മൂന്ന് പൊതുമേഖലായ സ്ഥാപനങ്ങള്‍ ഒന്നിക്കുന്നു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (പിഎഫ്‌സി), റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ (ആര്‍ഇസി), മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി എന്നിവയാണ് ഊര്‍ജ പദ്ധതികള്‍ വാങ്ങുന്നതിനുള്ള ഒരു കമ്പനി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.

എന്‍എച്ച്പിസി,പവര്‍ഗ്രിഡ്,ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട സംരംഭത്തില്‍ ഓഹരി പങ്കാളിത്തമുണ്ടാകും. നിഷ്‌ക്രിയാസ്തി നിര്‍ണയിക്കുന്നതിന് വായ്പാദാതാക്കള്‍ക്ക് ആര്‍ബിഐ നല്‍കിയിരിക്കുന്ന 180 ദിവസത്തെ കാലാവധിക്ക് മുമ്പായി സംരംഭം രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷയെന്നാണ് വിവരം.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ പാപ്പരത്ത നടപടികളുടെ ഭാഗമായി എത്തുന്ന ഊര്‍ജ പദ്ധതികള്‍ തങ്ങള്‍ മികച്ച അവസരം വാഗ്ദാനം ചെയ്യുന്നതായി പിഎഫ്‌സി വിലയിരുത്തുന്നു. ഈ പ്രോജക്റ്റുകള്‍ക്ക് ന്യായവില നല്‍കി അവ ഒരു വര്‍ഷമെങ്കിലും നിലനിര്‍ത്തും. ഊര്‍ജ ആവശ്യകത ഉയര്‍ന്നു വരുന്നത് കണക്കിലെടുത്താല്‍ മികച്ച നേട്ടമായിരിക്കും ആ പദ്ധതികള്‍ പിന്നീട് നല്‍കുകയെന്ന് കമ്പനി വിലയിരുത്തുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങളും നിയമ പ്രശ്‌നങ്ങളും പരിഗണിച്ചതിന് ശേഷമായിരിക്കും സംയുക്ത സംരംഭത്തിന്റെ കാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കുക. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്.

ആറ്-ഏഴ് കമ്പനികളുണ്ടെങ്കില്‍ ഈ സംയുക്ത സംരംഭം മികച്ച ആശയമാണെന്നാണ് എന്‍ടിപിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. പ്രവര്‍ത്തനക്ഷമമായതോ നിര്‍മാണത്തിലിരിക്കുന്നതോ ആയ 80,000 മെഗാവാട്ടിലധികം ഉല്‍പ്പാദന ശേഷിയുള്ള ആസ്തികളുള്ള കമ്പനികള്‍ വിവിധ കാരണങ്ങള്‍ മൂലം സമ്മര്‍ദത്തിലായാല്‍ പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നതിനുള്ള സാധ്യത കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആര്‍ ബിഐ സര്‍ക്കുലറിനു ശേഷം വര്‍ധിച്ചിരിക്കുകയാണ്.

Comments

comments

Categories: Slider, Top Stories