എബിജി ഷിപ്പ്‌യാര്‍ഡിനായുള്ള ലിബര്‍ട്ടി ഹൗസിന്റെ ആദ്യ ശ്രമം പാളി

എബിജി ഷിപ്പ്‌യാര്‍ഡിനായുള്ള ലിബര്‍ട്ടി ഹൗസിന്റെ ആദ്യ ശ്രമം പാളി

പുതിയ ബിഡ്ഡുകള്‍ ഉടന്‍ ക്ഷണിക്കും

മുംബൈ: എബിജി ഷിപ്പ്‌യാര്‍ഡിനു വേണ്ടിയുള്ള ലിബര്‍ട്ടി ഹൗസിന്റെ ബിഡ് തള്ളി ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടുന്ന വായ്പാദാതാക്കള്‍. ഇതോടെ അടുത്ത റൗണ്ട് ബിഡിംഗ് നടത്താന്‍ പ്രശ്‌നപരിഹാര ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി.

മാര്‍ച്ച് 20ഓടെ പുതിയ ബിഡുകള്‍ ക്ഷണിക്കും. മാര്‍ച്ച് 25 ആണ് ബൈന്‍ഡിംഗ് ബിഡ്ഡുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. കഴിഞ്ഞ രണ്ട് അവസരങ്ങളിലും ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി ഹൗസ്് മാത്രമായിരുന്നു കടക്കെണിയിലായ എബിജി ഷിപ്പ്‌യാര്‍ഡിനു വേണ്ടിയുള്ള ഒരേയൊരു ബിഡര്‍. 18,245 കോടി രൂപയാണ് എബിജി വിവിധ ബാങ്കുകളിലായി തിരിച്ചടയ്ക്കാനുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആര്‍ബിഐ പുറത്തുവിട്ട വായ്പ തിരിച്ചടയ്ക്കാത്ത 12 കമ്പനികളുടെ പട്ടികയിലുള്‍പ്പെട്ട സ്ഥാപനമാണ് എബിജി ഷിപ്പ്‌യാര്‍ഡ്. ബാങ്കുകള്‍ കമ്പനിക്കെതിരെ പാപ്പരത്വ കോടതിയിലേക്കും നീങ്ങി. സുന്ദരേഷ് ഭട്ടാണ് സ്ഥാപനത്തിന്റെ പ്രശ്‌നപരിഹാര ഉദ്യോഗസ്ഥന്‍. ലിബര്‍ട്ടി ഹൗസ് മുന്നോട്ടു വച്ച ഓഫറുകളുടെ കാര്യത്തില്‍ കൃത്യമായ അറിവില്ലെങ്കിലും ഇത് 2000 കോടിക്കും 2400 കോടിക്കും ഇടയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

18,245 കോടി രൂപയാണ് എബിജി വിവിധ ബാങ്കുകളിലായി തിരിച്ചടയ്ക്കാനുള്ളത്

ലിബര്‍ട്ടി ഹൗസിന്റെ ഓഫര്‍ കമ്പനിയുടെ ആസ്തി മൂല്യത്തില്‍ കൂടുതലായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 2,200 കോടിരൂപയെന്ന ആസ്തി വിലയിലും കൂടുതലുള്ള ഓഫര്‍ ലഭിച്ചാലെ വായ്പാദാതാക്കള്‍ അനുകൂലമായി വോട്ട് ചെയ്യുകയുള്ളൂവെന്നും ഈ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മിസ്ത്രി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പും കമ്പനിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരൊന്നും ബൈന്‍ഡിംഗ് ബിഡുകള്‍ സമര്‍പ്പിച്ചില്ല. വായ്പാദാതാക്കളില്‍ ഐസിഐസിഐ ബാങ്കാണ് കമ്പനിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക അവകാശപ്പെടുന്നത് (4,877 കോടി). ഐഡിബിഐബാങ്കിന് കിട്ടാനുള്ളത് 2,573 കോടിയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കിട്ടാനുള്ളത് 2,316 കോടി രൂപയുമാണ്.

Comments

comments

Categories: Business & Economy