ചൈനയുടെ വഴിയേ ഇന്ത്യന്‍ സൈന്യവും; സംയുക്ത കമാന്‍ഡുകള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രത്തിന്റെ നിയമഭേദഗതി; മൂന്നു സൈനിക വിഭാഗങ്ങളും ഒറ്റ കമാന്‍ഡറുടെ കീഴില്‍ വരും

ചൈനയുടെ വഴിയേ ഇന്ത്യന്‍ സൈന്യവും; സംയുക്ത കമാന്‍ഡുകള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രത്തിന്റെ നിയമഭേദഗതി; മൂന്നു സൈനിക വിഭാഗങ്ങളും ഒറ്റ കമാന്‍ഡറുടെ കീഴില്‍ വരും

ന്യൂഡെല്‍ഹി : സൈനിക വിന്യാസത്തില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ട് മൂന്നു സേനാ വിഭാഗങ്ങളെയും ഒരുകമാന്‍ഡറുടെ കീഴില്‍ കൊണ്ടുവരുന്ന സംയോജിത തീയറ്റര്‍ കമാന്‍ഡിന് രൂപം കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷമായി നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് വിരാമ കുറിച്ച് ഇതിനായുള്ള നിയമഭേദഗതി സര്‍ക്കാര്‍ വരുത്തിയെന്ന് ഇംഗഌഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരസേനയുടെയും വ്യോമസേനയുടെയും നാവികസേനയുടെയും മനുഷ്യ ശേഷിയും ആയുധങ്ങളും വെടിക്കോപ്പുകളുമടക്കം ആസ്തിയും ഒരു നായകന്റെ കീഴില്‍ കൊണ്ടു വരാനുദ്ദേശിച്ചുള്ളതാണ് സംയോജിത തീയേറ്റര്‍ കമാന്‍ഡ്. മെച്ചപ്പെട്ട യുദ്ധതന്ത്രവും ഏകോപനവും സാധ്യമാക്കുന്നതും രാജ്യാതിര്‍ത്തിയിലെ പാറാവിന് കൂടുതല്‍ കരുത്തു പകരാനും സൈന്യത്തിന്റെ ഏകോപിത രൂപത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. സീനിയോറിറ്റി അനുസരിച്ച് ഏതെങ്കിലും സൈനിക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാവും സംയോജിത തീയറ്റര്‍ കമാന്‍ഡിന്റെ തലപ്പത്തെത്തുക.

2001ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ കേന്ദ്രീകരിച്ച് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള മൂന്നു സൈനിക വിഭാഗങ്ങളെയും കൂട്ടിയിണക്കി എഎന്‍സി കമാന്‍ഡിന് രൂപം കൊടുത്തെങ്കിലും ഉള്‍പ്പോരും ഫണ്ടിന്റെ അഭാവവുമടക്കം വിവിധ കാരണങ്ങളാല്‍ വിജയം കണ്ടിരുന്നില്ല. രാജ്യം മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ സംയുക്ത കമാന്‍ഡ് സംവിധാനത്തിലേക്ക മാറുമ്പോള്‍ ഏകോപനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിലവില്‍ 17 സിംഗിള്‍ സര്‍വീസ് കമാന്‍ഡുകളാണ് ഇന്ത്യക്കുള്ളത്. കരസേനക്കും വ്യോമസേനക്കും 7 വീതവും നാവിക സേനക്ക് 3ഉം കമാന്‍ഡുകളാണുള്ളത്.

ചൈന തങ്ങളുടെ 23 ലക്ഷം വരുന്ന മൂന്ന് സൈനിക വിഭാഗത്തെയും 5 സംയോജിത തീയറ്റര്‍ കമാന്‍ഡുകളിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇന്ത്യയും ഈ വിഷയത്തില്‍ തല പുകക്കാനാരംഭിച്ചത്. ഇന്ത്യയോട് അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ചൈനയുടെ പടിഞ്ഞാറന്‍ സൈനിക കമാന്‍ഡാണ് പാറാവ് നടത്തുന്നത്.

Comments

comments

Categories: FK News, Politics, Slider