‘ഭക്ഷ്യമേഖലയെ ബിസിനസായി കാണരുത് ‘

‘ഭക്ഷ്യമേഖലയെ ബിസിനസായി കാണരുത് ‘

ഇന്‍സ്റ്റന്റ് ഫുഡ്‌സിലെ വൈവിധ്യങ്ങളുടെ കലവറയാണ് മലപ്പുറം പെരിന്തല്‍മണ്ണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിയ ഇന്‍സ്റ്റന്റ് ഫുഡ്‌സ്. മേഖലയില്‍ 35 വര്‍ഷത്തെ പരിചയസമ്പത്ത് കൈമുതലാക്കിയ കമ്പനി ഇന്‍സ്റ്ററ്റ് പായസം മിക്‌സുകള്‍ക്കു പുറമെ റെഡി റ്റു ഈറ്റ് പായസം വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നതായി പ്രിയ ഇന്‍സ്റ്റന്റ് ഫുഡ്‌സിന്റെ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വി എസ് മുരളീധരന്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

പ്രിയ ബ്രാന്‍ഡിന്റെ തുടക്കം ?

1983ല്‍ പ്രിയ കോട്ടേജ് ഇന്‍ഡസ്ട്രിയിലൂടെയായിരുന്നു പ്രിയ ബ്രാന്‍ഡിന്റെ തുടക്കം. ഉണക്കലരി, അവില്‍, അട എന്നിവയായിരുന്നു ആദ്യ ഉല്‍പ്പന്നങ്ങള്‍. അച്ഛന്റെ കൃഷിയില്‍ നിന്നും കിട്ടുന്ന നെല്ല് പൊടിച്ച് ഉണക്കലരിയാക്കി അമ്പലങ്ങളിലാണ് വില്‍പ്പനയുടെ തുടക്കം. അവരുടെ ആവശ്യാനുസരണം അടയുടെ നിര്‍മാണത്തിലേക്കും പ്രവേശിച്ചു. അത് പിന്നീട് ഇന്‍സ്റ്റന്റ് അട പായസം മിക്‌സില്‍ എത്തി. 1995 ഓടെ അച്ചാറുകള്‍ക്ക് മാത്രമായി രുചിപ്രിയ എന്ന പേരില്‍ പ്രത്യേക യൂണിറ്റ് തുടങ്ങി. 1995 -2010ല്‍ പ്രിയ ഉല്‍പ്പന്നങ്ങള്‍ നല്ല രീതിയില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. പ്രിയ ബ്രാന്‍ഡിന്റെ സുവര്‍ണ കാലഘട്ടമാണത്. 2005ല്‍ ഇഡലി, പുട്ട്, ചുക്കുപൊടി, നൂല്‍പുട്ട് എന്നിവയ്ക്കായി ഗ്രാമശ്രീ ഫുഡ് പ്രോഡക്റ്റ് എന്ന പേരില്‍ മറ്റൊരു യൂണിറ്റും ആരംഭിച്ചു.

പുറം നാട്ടില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തതുകൊണ്ട് പാചകം നന്നായി പഠിച്ചിരുന്നു. വളരെ പെട്ടെന്നുണ്ടാക്കാവുന്ന ഭക്ഷണങ്ങളിലാണ് അന്ന് പരീക്ഷണങ്ങള്‍ നടത്തിയത്. അങ്ങനെയാണ് ഇന്‍സ്റ്റന്റ് ഫുഡ്‌സിലേക്ക് ചിന്തിക്കുന്നത്. എക്‌സിബിഷന്‍ വഴിയായിരുന്നു ഞങ്ങളുടെ മാര്‍ക്കറ്റിംഗ്. കേരളത്തിനു പുറമെ ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. ഒരിക്കല്‍ ഹൈദരാബാദില്‍ നടന്ന ഓണാഘോഷത്തിലെ ഭക്ഷ്യ മേള സംഘടിപ്പിച്ചത് പ്രിയയാണ്. അവിടെ ലൈവ് പുട്ട്‌മേള നടത്തിയതോടു കൂടി ഞങ്ങളുടെ പുട്ടുകളും ക്ലിക്കായി. ഇന്ന് പ്രിയ പാലടയ്‌ക്കൊപ്പം പ്രിയ ഫുഡ് കോര്‍ട്ട്, പ്രിയ കാറ്ററിംഗ്, പ്രിയ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുമുണ്ട്.

പ്രിയയില്‍ നിന്നും വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ ?

ഇന്ന് 130 ഓളം ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നു. ഉണക്കലരി, അവില്‍, അട, വിവിധ തരം നാടന്‍ അച്ചാറുകള്‍, പുളിയിഞ്ചി, ചമ്മന്തിപ്പൊടി, പുട്ട്‌പൊടി, വിവിധ തരം ഇന്‍സ്റ്റന്റ് പായസം മിക്‌സുകള്‍, ബിസ്‌കറ്റ്, കേക്ക്, ഇന്‍സ്റ്റന്റ് ഉപ്പ്മാവ് തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് പ്രിയ നടത്തുന്നത്.

ബഹുമതികള്‍, അവാര്‍ഡുകള്‍ ?

കഴിഞ്ഞ 35 മുപ്പത്തിയഞ്ച് വര്‍ഷങ്ങളായി നിരവധി അവാര്‍ഡുകള്‍ പ്രിയയെ തേടിയെത്തി. ഡല്‍ഹിയില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ 28 വര്‍ഷങ്ങളായി പങ്കെടുക്കുന്നുണ്ട്. അതില്‍ കേരള പവലിയനില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകള്‍ പലതവണ കരസ്ഥമാക്കി. കൂടാതെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡ്, എംസിസി പ്രതിഭ അവാര്‍ഡ് 2009, ഐഡിയല്‍ എന്‍ട്രപ്രണര്‍ അവാര്‍ഡ് 2000-2001, മലബാര്‍ ക്രാഫ്റ്റ്‌മേള 2008 അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ഭക്ഷ്യമേഖലയിലേക്ക് കടന്നുവന്ന വഴികള്‍ ?

ചെറുപ്പം മുതല്‍ക്കെ ഭക്ഷണങ്ങളോട് താല്‍പര്യമുണ്ടായിരുന്നു. വീട്ടിലെ മുതിര്‍ന്ന കുട്ടി ആയതുകൊണ്ട് അടുക്കളയില്‍ എന്നെയാണ് അമ്മ സഹായത്തിനായി വിളിച്ചിരുന്നത്. ഭക്ഷണങ്ങളോടുള്ള പ്രിയം എന്നില്‍ വളര്‍ത്തിയത് അമ്മയാണ്. മുത്തച്ഛനും സദ്യ ഒരുക്കുന്നതില്‍ കേമനായിരുന്നു. ചെറുപ്പത്തില്‍ സദ്യ ഉണ്ടാക്കുന്ന ഇടങ്ങളിലേക്ക് മുത്തച്ഛന്‍ എന്നെ ഒപ്പം കൂട്ടിയിരുന്നതും ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ സ്വാധീനിച്ചിട്ടുണ്ട്. ബിഎ ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്ന കാലത്താണ് ആറുമാസത്തെ കെമിസ്ട്രി കോഴ്‌സും പിന്നീട് മൂന്നു വര്‍ഷത്തെ ഫുഡ് ടെക്‌നോളജി ഡിപ്ലോമയും ചെയ്തത്. 1979ല്‍ നാട്ടില്‍ ഒരു പാരലല്‍ കോളെജും നടത്തിയിരുന്നു. അതിനൊപ്പം ബാങ്കിംഗ്, ടൈപ്പ്‌റൈറ്റിംഗ്, ടെയ്‌ലറിംഗ്, പിഎസ്‌സി, എസ്എസ്‌സി ക്ലാസുകളും നടത്തിയിരുന്നു.

ഭക്ഷ്യമേഖലയെ പാഷന്‍ ആയും സേവനമായും കാണണം. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം, അത് മറക്കാന്‍ പാടില്ല. ആരോഗ്യമേഖല പോലെ ഇതും ഒരു സേവനമാണ്.ബിസിനസ് മോട്ടീവോടു കൂടി ഒരിക്കലും ഭക്ഷ്യ മേഖലയെ കാണരുത്

മേഖലയിലെ സാധ്യതകളെക്കുറിച്ച്?

സാധ്യതകള്‍ ഏറെയുള്ള മേഖലയാണിത്. ഇന്‍സ്റ്റന്റ് ഫുഡിനാണ് കൂടുതല്‍ ഡിമാന്‍ഡ്. കേരളീയര്‍ ഭക്ഷണ പ്രിയരായതുകൊണ്ട് അനുദിനം പരീക്ഷണങ്ങള്‍ നടക്കുന്ന ഒരു മേഖല കൂടിയാണിത്.

ഭാവി പദ്ധതികള്‍, ഉല്‍പ്പന്നങ്ങളിലെ പുതിയ പരീക്ഷണങ്ങള്‍?

നിലവിലെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ചക്കയുടെ വിവിധ ഉല്‍പ്പന്നങ്ങളിലേക്ക് പ്രിയ ഈ വര്‍ഷം കടക്കും. ചക്കക്കുരു, ചക്കമടല്‍ എന്നിവ ഉപയോഗിച്ച് ചക്കസോയ, ചക്കക്കുരു കൊണ്ടുള്ള റവ, ചക്ക ജൂസ്, ചക്ക ബിസ്‌കറ്റ്, ചക്ക കേക്ക്, ചക്ക വരട്ടിയത് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ ചക്ക സീസണില്‍ പ്രിയ ബ്രാന്‍ഡ് നെയിമില്‍ വിപണിയിലെത്തും. ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനവും ഞങ്ങള്‍ നല്‍കുന്നുണ്ട്. മുപ്പതോളം സ്ത്രീകള്‍ക്ക് കഴിഞ്ഞ വര്‍ഷം പരിശീലനം നല്‍കി. ഈ വര്‍ഷം അത് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്‍സ്റ്റന്റ് പായസം മിക്‌സുകള്‍ക്കു പുറമെ റെഡി റ്റു ഈറ്റ് പായസം വിപണിയിലെത്തിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ഈ മേഖലയിലേക്കു കടക്കുന്ന പുതുസംരംഭകരോട് പറയാനുള്ളത് ?

ഭക്ഷ്യ മേഖലയെ ബിസിനസായി കാണരുത്. പാഷനായും സേവനമായും കാണണം. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം, അത് മറക്കാന്‍ പാടില്ല. നാം കഴിക്കുന്ന ഭക്ഷണം എപ്പോഴും നല്ലാതായിരിക്കണം. ആരോഗ്യമേഖല പോലെ ഇതും ഒരു സര്‍വീസാണ്. ബിസിനസ് മോട്ടീവോടു കൂടി ഒരിക്കലും ഭക്ഷ്യ മേഖലയെ കാണരുത്.

കുടുംബം?

ഭാര്യ ഇന്ദിര വര്‍ഷങ്ങളായി ജീവിതത്തിലും ബിസിനസിലും പാര്‍ട്‌നര്‍ ആണ്. മകന്‍ അനൂപ് എംബിഎ കഴിഞ്ഞ് എനിക്കൊപ്പം ബിസിനസിലുണ്ട്. മകള്‍ ശ്രുതി ആയുര്‍വേദ ഡോക്റ്ററാണ്.

Comments

comments

Categories: FK Special, Slider