4,000 കോടിയുടെ തട്ടിപ്പ് : മുംബൈയിലെ പരേഖ് അലുമിനെക്‌സ് ലിമിറ്റഡിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍; ആക്‌സിസ് ബാങ്കിന് നഷ്ടപ്പെട്ടത് 250 കോടി രൂപ

4,000 കോടിയുടെ തട്ടിപ്പ് : മുംബൈയിലെ പരേഖ് അലുമിനെക്‌സ് ലിമിറ്റഡിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ അറസ്റ്റില്‍; ആക്‌സിസ് ബാങ്കിന് നഷ്ടപ്പെട്ടത് 250 കോടി രൂപ

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കിലെ നീരവ് മോദിയുടെ തട്ടിപ്പിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പ് മുംബൈയില്‍ നിന്ന് മറ്റൊരു വന്‍ സാമ്പത്തിക ക്രമക്കേടിന്റെ വിവരം പുറത്തു വന്നു. ഇത്തവണ ആക്‌സിസ് ബാങ്കടക്കം ഇരുപത് വായ്പാ ഏജന്‍സികളാണ് തട്ടിപ്പിനിരയായത്. പരേഖ് അലുമിനെക്‌സ് ലിമിറ്റഡ് (പിഎഎല്‍) എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി നാലായിരം കോടി രൂപയോളം വായ്പയെടുത്ത് വകമാറ്റുകയും തിരിച്ചടവ് മുടക്കിയും തട്ടിപ്പിന് ശ്രമിച്ചത്. കമ്പനിയുടെ ഡയറക്ടര്‍മാരായ ഭവര്‍ലാല്‍ ഭണ്ഡാരി, പ്രേംലാല്‍ ഗോരാഗാന്ധി, കമലേഷ് കണുങ്കോ എന്നിവരെയാണ് എക്കണോമിക് ഒഫെന്‍സസ് വിങ്ങ് അറസ്റ്റ് ചെയതത്.

വ്യാജ കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകളുണ്ടാക്കി ആക്‌സിസ് ബാങ്കിന്റെ മുംബൈയിലെ ഫോര്‍ട്ട് ബ്രാഞ്ചില്‍ നിന്ന് പണം തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി ലഭിച്ചിരുന്നത്. അതേസമയം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഡ്‌ലി ഹൗസ് ബ്രാഞ്ചില്‍ നീരവ് മോദി നടത്തിയ തട്ടിപ്പിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതിനു സമാനമായി ആക്‌സിസ് ബാങ്കിലെ ചില ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഫണ്ട് റിയല്‍ എസ്റ്റേറ്റിലേക്ക് വകമാറ്റിയതിന്റെ പേരില്‍ എസ്ബിഐയുടേയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും പരാതിയില്‍ സിബിഐ അന്വേഷണം നേരിടുന്ന പരേഖ് അലുമിനെക്‌സിന് പുതിയ നടപടിക്രമങ്ങള്‍ കൂടുതല്‍ തിരിച്ചടിയാണ്.

Comments

comments

Categories: Banking, FK News, Top Stories