‘വിശാല ഹൃദയരായ ആശാന്‍മാര്‍ ക്ഷമിക്കണം’ : ഗഡ്കരിയോടും കപില്‍ സിബലിനോടും അരവിന്ദ് കെജ്രിവാളിന്റെ മാപ്പപേക്ഷ; മാനനഷ്ടക്കേസ് പിന്‍വലിച്ച് ഗഡ്കരി; ‘ആപ്പ് മാപ്പാ’യെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ

‘വിശാല ഹൃദയരായ ആശാന്‍മാര്‍ ക്ഷമിക്കണം’ : ഗഡ്കരിയോടും കപില്‍ സിബലിനോടും അരവിന്ദ് കെജ്രിവാളിന്റെ മാപ്പപേക്ഷ; മാനനഷ്ടക്കേസ് പിന്‍വലിച്ച് ഗഡ്കരി; ‘ആപ്പ് മാപ്പാ’യെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡെല്‍ഹി : മാപ്പപേക്ഷ തയാറാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രത്യേകം സ്റ്റാഫിനെ നിയമിച്ചോയെന്നാണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ ഉയരുന്ന സംശയം. അപമാനിച്ചവരെയും ആരോപണശരം കൊണ്ടു വേദനിപ്പിച്ചവരെയുമൊക്കെ തേടിപ്പിടിച്ച് മാപ്പു പറയുന്ന തിരക്കിലാണ് കെജ്രിവാള്‍. ഏറ്റവുമൊടുവില്‍ മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിക്കാണ് ‘വിശാല ഹൃദയനായ ആശാന്‍’ ആവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ മാപ്പപേക്ഷ പരിഗണിച്ച് മാനനഷ്ടക്കേസ് പിന്‍വലിക്കുകയും ചെയ്തു ഗഡ്കരി.

പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഗഡ്കരിക്കെതിരെ അരവിന്ദ് കെജ്രിവാള്‍ അഴിമതിയാരോപണം ഉന്നയിച്ചിരുന്നത്. മുംബൈയിലെ ആപ് നേതാവ് അഞ്ജലി ദമാനിയയെ ആയുധമാക്കിയായിരുന്നു ഗഡ്കരിയോടുള്ള യുദ്ധം.

‘നമ്മള്‍ രണ്ടു പേരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തനം നടത്തുന്നവരാണ്. വേണ്ടവിധം പരിശോധിക്കാതെ ഞാന്‍ താങ്കളുടെ പേരില്‍ ചില ആരോപണങ്ങളുന്നയിച്ചത് താങ്കളെ വേദനിപ്പിച്ചെന്നും താങ്കള്‍ ഓരു മാനനഷ്ടക്കേസ് കൊടുത്തതായും കാണുന്നു. ഞാന്‍ ഈ ചെയ്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നു. താങ്കളുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും എനിക്കില്ല. ഈ പ്രശ്‌നങ്ങളൊക്കെ മറന്ന് കോടതി നടപടികള്‍ നമുക്ക് അവസാനിപ്പിക്കാം.’-കെജ്രിവാള്‍ മാപ്പപേക്ഷയില്‍ പറയുന്നു.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനും മകന്‍ അമിത് സിബലിനോടും കെജ്രിവാള്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. മാപ്പപേക്ഷ സിബല്‍ സ്വീകരിച്ചോയെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് ഡല്‍ഹി മുഖ്യമന്ത്രി മാപ്പപേക്കാ പരിപാടിക്ക് തുടക്കമിട്ടത്. മയക്കുമരുന്ന് കച്ചവടക്കാരനെന്ന് ആക്ഷേപിച്ച അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയോടായിരുന്നു ആദ്യത്തെ മാപ്പപേക്ഷ. കെജ്രിവാളിന്റെ മാപ്പപേക്ഷയില്‍ മാനം നഷ്ടപ്പെട്ട ആംആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ ഭഗവന്ത് മന്‍ പാര്‍ട്ടി പദവികള്‍ രാജി വെച്ച് പ്രതിഷേധിച്ചെങ്കിലും മജീതിയ മാനനഷ്ടക്കേസ് പിന്‍വലിച്ചത് ഡല്‍ഹി മുഖ്യമന്ത്രിക്ക് ആശ്വാസമായി.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കെജ്രിവാള്‍ എപ്പോള്‍ മാപ്പുപറയും എന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ നോക്കുന്നത്. 10 കോടി രൂപ ആവശ്യപ്പെട്ട് ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ആരോപണങ്ങള്‍ തെളിയിക്കാനാവാതെ കോടതിയില്‍ പ്രതിരോധത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി. അഴിമതി വിരുദ്ധ നിലപാടുകളുയര്‍ത്തി ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി അധികാരത്തിലേറിയ ഒരു നേതാവിന്റെ പ്രതീക്ഷിച്ചതിലും അതിവേഗമുള്ള പതനത്തില്‍ പാര്‍ട്ടി അണികള്‍ ഖിന്നരാണ്. രാഷ്ട്രീയ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന ചെളി വാരിയെറിയലിലൂടെ സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തിയതാണ് കെജ്രിവാളെന്ന രാഷ്ട്രീയ ബ്രാന്‍ഡിന്റെ പതനത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Comments

comments

Categories: FK News, Politics, Slider