‘ചിന്നമ്മ’ ശശികലുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ അതീവ ഗുരുതരാവസ്ഥയില്‍; അവയവ മാറ്റ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധ വിനയായി

‘ചിന്നമ്മ’ ശശികലുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ അതീവ ഗുരുതരാവസ്ഥയില്‍; അവയവ മാറ്റ ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധ വിനയായി

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവിലുള്ള അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി വികെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. നടരാജന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഗ്ലൈനഗല്‍സ് ഗ്‌ളോബല്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 74 വയസുകാരനായ നടരാജന് കഴിഞ്ഞ ഒക്ടോബറില്‍ ഈ ആശുപത്രിയില്‍ വെച്ച് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. കിഡ്‌നിയും കരളും മാറ്റിവെച്ച ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ പിന്നീട് അണുബാധ മൂലം ആരോഗ്യം വഷളായി.

ശശികല ജയലളിതക്കൊപ്പം പോയസ് ഗാര്‍ഡനില്‍ താമസമാക്കിയതിന് ശേഷം ഇരുവരും പിരിഞ്ഞാണ് ജീവിക്കുന്നത്. എങ്കിലും ശസ്ത്രക്രിയക്ക് ശേഷം പ്രത്യേക പരോള്‍ നേടി ശശികല ഭര്‍ത്താവിനെ കാണാനെത്തിയിരുന്നു. 1994ല്‍ നടന്ന ആഡംബര കാര്‍ ഇറക്കുമതി നികുതി വെട്ടിപ്പ് കേസില്‍ പെട്ട നടരാജന്‍ രണ്ടു വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. ടൊയോട്ട ലക്‌സസ് കാര്‍ ഉപയോഗിച്ച വാഹനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതി ചെയ്ത കേസില്‍ 1.06 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന നടരാജനും കൂട്ടരും നടത്തിയത്.

Comments

comments

Categories: FK News, Politics, Top Stories

Related Articles