കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടം കൈവരിക്കും

കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടം കൈവരിക്കും

പ്രതീക്ഷിക്കുന്നത് എക്കാലത്തെയും ഏറ്റവും വലിയ വില്‍പ്പന

ന്യൂഡെല്‍ഹി : രാജ്യത്തെ കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന 2017-18 ല്‍ പുതിയ നാഴികക്കല്ല് താണ്ടും. 2012 സാമ്പത്തിക വര്‍ഷം നേടിയ 8,09,499 യൂണിറ്റ് വില്‍പ്പന ഇത്തവണ മറികടക്കും. 2011-12 ലേതിനേക്കാള്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ 20,000 മുതല്‍ 30,000 യൂണിറ്റ് അധികം വാണിജ്യ വാഹനങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017-18 വര്‍ഷത്തെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 7,47,774 യൂണിറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വിറ്റുപോയതാണ് ഇത്തവണ എക്കാലത്തെയും ഏറ്റവും വലിയ വില്‍പ്പന കൈവരിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സാണ് (സിയാം) 2017-18 വര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

2018 ഫെബ്രുവരി മാസത്തില്‍ മാത്രം 87,777 യൂണിറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വിറ്റുപോയി. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ വില്‍പ്പന വര്‍ധിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. അങ്ങനെയെങ്കില്‍ 2011-12 വര്‍ഷത്തെ വില്‍പ്പന നേട്ടം ഇനി പഴങ്കഥ മാത്രമാകും. മാര്‍ച്ചില്‍ 90,000 ലധികം യൂണിറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവും അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വര്‍ധിച്ചതുമാണ് മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ (എംഎച്ച്‌സിവി) വില്‍പ്പന ഗണ്യമായി ഉയരുന്നതിന് ഇടയാക്കിയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷം നല്ല മണ്‍സൂണ്‍ ലഭിച്ചതും പലിശ നിരക്കുകളില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാതിരുന്നതും ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ (എല്‍സിവി) വാങ്ങുന്നതിന് വലിയ തോതില്‍ വായ്പയെടുക്കാന്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് സാധിച്ചു.

സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവും അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ വര്‍ധിച്ചതും എംഎച്ച്‌സിവി വില്‍പ്പന ഗണ്യമായി ഉയരുന്നതിന് ഇടയാക്കി

സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തില്‍ വാര്‍ഷിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കമ്പനികള്‍ ഇളവുകള്‍ നല്‍കുന്നതും പതിവാണ്. ഈ മാസം കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പന വര്‍ധിക്കുന്നതിന് ഇതും ഒരു കാരണമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാര്‍ച്ച് മാസത്തില്‍ വിവിധ കൊമേഴ്‌സ്യല്‍ വാഹന കമ്പനികള്‍ 7 മുതല്‍ 8 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ സീനിയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുബ്രത റായ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto