പുതിയ ഫീച്ചറുകളുമായി ഹോണ്ട സിബിആര്‍250ആര്‍ തിരിച്ചെത്തി

പുതിയ ഫീച്ചറുകളുമായി ഹോണ്ട സിബിആര്‍250ആര്‍ തിരിച്ചെത്തി

2018 എഡിഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 1.63 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഹോണ്ട സിബിആര്‍250ആര്‍ മോട്ടോര്‍സൈക്കിളിന്റെ 2018 എഡിഷന്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിന് 1.63 ലക്ഷം രൂപയും എബിഎസ് വേരിയന്റിന് 1.93 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈയിടെ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലായതോടെ ഇളയ സഹോദരനായ സിബിആര്‍150ആറിനെയും കൂട്ടി ഹോണ്ട സിബിആര്‍250ആര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് തല്‍ക്കാലം വിട വാങ്ങിയിരുന്നു. ബിഎസ്-4 എന്‍ജിനുമായാണ് ഇപ്പോള്‍ ഈ ക്വാര്‍ട്ടര്‍ ലിറ്റര്‍ (250 സിസി) സ്‌പോര്‍ട്‌സ് ടൂറര്‍ തിരിച്ചെത്തിയിരിക്കുന്നത്. കൂടെ നിരവധി പുതിയ ഫീച്ചറുകളും കാണാം.

പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടാതെ പ്രത്യക്ഷത്തില്‍ മറ്റ് മാറ്റങ്ങളൊന്നും 2018 ഹോണ്ട സിബിആര്‍250ആറില്‍ കാണാനില്ല. പേള്‍ സ്‌പോര്‍ട്‌സ് യെല്ലോ, മാര്‍സ് ഓറഞ്ച് സഹിതം മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, സ്‌ട്രൈക്കിംഗ് ഗ്രീന്‍ സഹിതം മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ മോട്ടോര്‍സൈക്കിള്‍ ഇനി ലഭിക്കും. അലോയ് വീലുകളില്‍ പുതുതായി ബ്ലാക്ക് ട്രീറ്റ്‌മെന്റ് നടത്തിയിരിക്കുന്നു. ബോഡി കളറുമായി യോജിച്ചുപോകുന്ന പിന്‍സ്‌ട്രൈപ്പ് ചക്രങ്ങളില്‍ കാണാം.

ഫീച്ചറുകളുടെ കണക്കെടുക്കുമ്പോള്‍, ഹോണ്ട സിബിആര്‍250ആര്‍ മോട്ടോര്‍സൈക്കിളിന്റെ 2018 എഡിഷനിലെ ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്ന് പുതിയ എല്‍ഇഡി ഹെഡ്‌ലാംപാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 249.6 സിസി, ലിക്വിഡ് കൂള്‍ഡ് എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍ 26 ബിഎച്ച്പി കരുത്തും 23 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ്-4 എന്‍ജിന്‍ അല്ല എന്ന കാരണത്താല്‍ ഇന്ത്യ വിട്ടുപോയ മുന്‍ഗാമിയും ഇതേ കരുത്തും ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്.

ബിഎസ്-4 എന്‍ജിനുമായാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ടൂറര്‍ തിരിച്ചെത്തിയിരിക്കുന്നത്. പ്രധാന മാറ്റങ്ങളിലൊന്ന് പുതിയ എല്‍ഇഡി ഹെഡ്‌ലാംപാണ്

ഹോണ്ട സിബിആര്‍250ആറിന്റെ തിരിച്ചുവരവ് കെടിഎം ആര്‍സി200, യമഹ ഫേസര്‍ 25, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്കുകള്‍ക്ക് അത്ര രുചിക്കില്ല. സിബിആര്‍150ആറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി എപ്പോള്‍ പുറത്തിറക്കുമെന്ന് യാതൊരു സൂചനയുമില്ല. യമഹ ഈയിടെ വൈഇസഡ്എഫ്-ആര്‍15 വി3.0 പുറത്തിറക്കിയതും അപ്രീലിയ ആര്‍എസ്150 അടുത്ത വര്‍ഷം അവതരിപ്പിക്കുന്നതും പരിഗണിക്കുമ്പോള്‍ ബേബി സിബിആറിന് ഇരിപ്പുറയ്ക്കില്ല.

Comments

comments

Categories: Auto