പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന

പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലേക്ക് തിരികെപ്പോയ ഹൈക്കമ്മിഷണര്‍ സൊഹെയ്ല്‍ മുഹമ്മദ് ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു സൂചന. മുതിര്‍ന്ന പാക്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൊഹെയ്ല്‍ മുഹമ്മദ് അടുത്തയാഴ്ച തന്നെ മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് തിരിച്ചുവരവ് നീണ്ടേക്കുമെന്ന സൂചന ലഭിച്ചത്.

 

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പാക്ക് ഹൈക്കമ്മിഷണറെയും സ്ഥാനപതി കാര്യാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ദ്രോഹിക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വരികയുള്ളൂവെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായിരുന്ന സമയത്തുപോലും കുട്ടികളെ ദ്രോഹിക്കുന്ന പ്രവണത ഉണ്ടായിട്ടില്ലെന്നാണ് പാക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും പ്രതികൂലമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ സൊഹെയ്ല്‍ മുഹമ്മദിനു ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. പാക്ക് സ്ഥാനപതി ഉടനെ ഇന്ത്യയിലേക്കു മടങ്ങില്ലെന്നു വ്യക്തമായതോടെ 2001 ഡിസംബറിലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സമയത്തെ അവസ്ഥയിലേക്കാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഴുതുന്നത്. അന്ന് ഇരുരാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണര്‍മാരെ പിന്‍വലിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19, 20 തീയതികളിലായി ഇന്ത്യയില്‍ നടക്കുന്ന ഡബ്ല്യൂ.ടി.ഒ യോഗത്തില്‍നിന്നു പാക്കിസ്ഥാന്‍ വിട്ടുനില്‍ക്കുമെന്നും കരുതുന്നു.

 

Comments

comments

Categories: Politics, Slider