സേതുസമുദ്രം പദ്ധതിക്കായി കടലിനടിയിലെ ‘രാമസേതു’ തകര്‍ക്കില്ലെന്ന് കേന്ദ്രം; കപ്പല്‍ചാലിന്റെ ദിശ മാറ്റുന്നത് പരിഗണനയില്‍

സേതുസമുദ്രം പദ്ധതിക്കായി കടലിനടിയിലെ ‘രാമസേതു’ തകര്‍ക്കില്ലെന്ന് കേന്ദ്രം; കപ്പല്‍ചാലിന്റെ ദിശ മാറ്റുന്നത് പരിഗണനയില്‍

ന്യൂഡെല്‍ഹി : സേതുസമുദ്രം കപ്പല്‍ചാല്‍ പദ്ധതിക്കായി പുരാണ പ്രസിദ്ധമായ രാമസേതു തകര്‍ക്കാര്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സേതുസമുദ്രം പദ്ധതിക്കെതിരെ ബിജെപി നേതാവും ആക്ടിവിസ്റ്റുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതു താത്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. രാമസേതു തകര്‍ക്കുന്നത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. സാമൂഹ്യമായും സാമ്പത്തികമായും ദോഷം ചെയ്യുന്ന നടപടിയാവുമിത്. സര്‍ക്കാരിന്റെ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി തീര്‍പ്പാക്കണമെന്നും പിങ്കി ആനന്ദ് ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാമസേതു തകര്‍ത്ത് കപ്പല്‍ചാലിന് ആഴം കൂട്ടി സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ പദ്ധതിയിട്ടത് വിവാദമായിരുന്നു. രാമേശ്വരത്തു നിന്നും ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിലേക്ക് കടലിനടിയിലൂടെ രൂപപ്പെട്ടിരിക്കുന്ന പാലമാണ് രാമസേതു. രാമായണ കാലഘട്ടത്തില്‍ സീതാദേവിയെ മോചിപ്പിക്കാന്‍ ശ്രീരാമനും വാനരപ്പടയും ചേര്‍ന്ന് നിര്‍മിച്ചതാണ് രാമസേതുവെന്നാണ് ഹൈന്ദവ വിശ്വാസം. പവിഴപ്പുറ്റുകള്‍ നിറഞ്ഞ രാമസേതു തകര്‍ക്കുന്നത് കടലിലെ ഒഴുക്കിനെ ബാധിക്കുമെന്നും പരിസ്ഥിതി നാശത്തിനും മത്സ്യസമ്പത്ത് ഇല്ലാതാവുന്നതിനും കാരണമാവുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

 

Comments

comments