ആന്ധ്രക്ക് പ്രത്യേക പദവി : മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടെ അവിശ്വാസ പ്രമേയം; ലോക്‌സഭ സ്തംഭിച്ചു; ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍

ആന്ധ്രക്ക് പ്രത്യേക പദവി : മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടെ അവിശ്വാസ പ്രമേയം; ലോക്‌സഭ സ്തംഭിച്ചു; ഡല്‍ഹിയില്‍ നിര്‍ണായക നീക്കങ്ങള്‍

പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം വിട്ട തെലുങ്കുദേശം പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ത്രിണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് രംഗത്ത് വന്നു. അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യസഭയിലും ടിഡിപി, ടിആര്‍എസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞ നാലു വര്‍ഷം സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന ആവശ്യവുമായി 29 തവണ ഡല്‍ഹിയിലെത്തിയെന്നും അന്തിമ ബജറ്റിലും നടപടി ഉണ്ടാവാത്തതിനാല്‍ ആന്ധ്രയുടെ നന്‍മയെ കരുതിയാണ് എന്‍ഡിഎ വിട്ടതെന്നും നായിഡു നിയമസഭയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

രാവിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നടത്തിയ ടെലി കോണ്‍ഫറന്‍സിന് ശേഷമാണ് അടിയന്തരമായി എന്‍ഡിഎ വിടാനുള്ള തീരുമാനം ടിഡിപി പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ടിഡിപി തിടുക്കപ്പെട്ട് തീരുമാനം എടുത്തത്. ലോക്‌സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് സ്വന്തമായി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പിന്തുണ ചന്ദ്രബാബു നായിഡു നേരിട്ട് തേടി.

അവിശ്വാസ പ്രമേയം തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ ബിജെപി തേടാനാരംഭിച്ചു. പ്രമേയത്തിന് പിന്തുമ പ്രഖ്യാപിച്ച എഐഎഡിഎംകെ അനുനയിപ്പിക്കാനും ഇടഞ്ഞ് മുന്നണി വിട്ട ശിവസേനയെ അടുപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. സഭയില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരിന് അവിശ്വാസ പ്രമേയം ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ 2019ന് മുന്‍പായി പ്രതിപക്ഷ ഐക്യനിര കൂടുതല്‍ ശക്തിപ്പെടുന്നതും എന്‍ഡിഎ സംവിധാനം ഇല്ലാതാകുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്.

Comments

comments

Categories: FK News, Politics, Slider