ജര്‍മന്‍ കമ്പനികളുമായുള്ള കരാറുകള്‍ വെട്ടിക്കുറയ്ക്കാന്‍ സൗദി

ജര്‍മന്‍ കമ്പനികളുമായുള്ള കരാറുകള്‍ വെട്ടിക്കുറയ്ക്കാന്‍ സൗദി

ജര്‍മന്‍ കമ്പനികളുമായുള്ള കരാറുകളില്‍ അത്ര അത്യാവശ്യമല്ലാത്തതൊന്നും പുതുക്കേണ്ടെന്നാണ് സൗദി ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയും ജര്‍മനിയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതായി റിപ്പോര്‍ട്ട്. സൗദിയുടെ യൂറോപ്പിലെ വ്യാപാര പങ്കാളിയായ ജര്‍മനിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതായാണ് മനസിലാക്കേണ്ടത്. ജര്‍മന്‍ കമ്പനികളുമായുള്ള കരാറുകളില്‍ പലതും ഇനി പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകായണ് സൗദി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപ്പോഴത്തെ ജര്‍മന്‍ വിദേശകാര്യമന്ത്രിയായിരുന്ന സിഗ്മര്‍ ഗബ്രിയേല്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്ന് തുടങ്ങിയത്. കിരീടാവകാശിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 32കാരനായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശനയത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന ചില ഉറച്ച നിലപാടുകളും കൂടിയായപ്പോള്‍ ജര്‍മനിയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ ശക്തമായി.

ലെബനന്‍ സൗദി അറേബ്യയുടെ കയ്യിലെ പാവയാണെന്നായിരുന്നു നവംബറില്‍ ഗബ്രിയേല്‍ ബ്രസല്‍സില്‍ വെച്ച് നടത്തിയ പ്രസ്താവന. ലെബനീസ് പ്രധാനമന്ത്രിയായിരുന്ന സാദ് ഹരിരിയുടെ പെട്ടെന്നുള്ള രാജിയുടെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ജര്‍മന്‍ മന്ത്രിയുടെ പ്രസ്താവന. ഇതിനെത്തുടര്‍ന്ന് സൗദി അതൃപ്തി പ്രകടിപ്പിക്കുകയും നിലപാടുകള്‍ കര്‍ക്കശമാക്കുകയും ചെയ്തു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബദ്ധശത്രുക്കളായ ഇറാനുമായി ബന്ധപ്പെട്ട നയതത്ര വിഷയങ്ങളിലും തീവ്രമായ നിലപാടുകളാണ് പ്രിന്‍സ് മൊഹമ്മദ് സ്വീകരിച്ചുപോരുന്നത്

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബദ്ധശത്രുക്കളായ ഇറാനുമായി ബന്ധപ്പെട്ട നയതത്ര വിഷയങ്ങളിലും തീവ്രമായ നിലപാടുകളാണ് പ്രിന്‍സ് മൊഹമ്മദ് സ്വീകരിച്ചുപോരുന്നത്. ഗള്‍ഫ് രാജ്യമായ ഖത്തറുമായുള്ള ബന്ധം സൗദിയുടെ നേതൃത്വത്തിലുള്ള ജിസിസിയിലെ മറ്റ് രാഷ്ട്രങ്ങള്‍ വിച്ഛേദിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഖത്തര്‍ ഇറാനുമായുള്ള സൗഹൃദം ദൃഢമാക്കിയതായിരുന്നു.

യൂറോപ്പിലെ സൗദിയുടെ ശക്തമായ വ്യാപാര പങ്കാളിയാണ് ജര്‍മനി. ഇറക്കുമതിയുടെ ഏറ്റവും വലിയ മൂന്നാമത്തെ സ്രോതസ്സും. സീമന്‍സ് പോലുള്ള കമ്പനികള്‍ക്ക് സൗദിയുമായി മികച്ച സഹകരണമാണുള്ളത്. അതുപോലെ തന്നെയാണ് ജര്‍മന്‍ സിറ്റീല്‍ ആന്‍ഡ് ഇലവേറ്റര്‍ കമ്പനിയായ തൈസെന്‍ക്രപ്പ് എജിയുടെ കാര്യവും. ഡ്യൂഷെ ബാങ്കും വലിയ പദ്ധതികളാണ് സൗദിയില്‍ ആസൂത്രണം ചെയ്തത്. ആഗോള തലത്തില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുമ്പോള്‍ സൗദിയില്‍ കൂടുതല്‍ പേരെ നിയമിക്കാനാണ് ഡ്യൂഷെ ശ്രമിക്കുന്നത്. ഇതെല്ലാം സൗദിയുടെ പുതിയ തീരുമാനത്തെ തുടര്‍ന്ന് അവതാളത്തിലാകുമോയെന്നാണ് കമ്പനികളുടെ ആശങ്ക.

Comments

comments

Categories: Arabia