പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നു

പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റ് വായ്പാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നു

ബ്രാഞ്ച് തലത്തിലുള്ള റിസ്‌ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പൊതുമേഖലാ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്കായി 2.5 ബില്യണ്‍ രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നതിന് മള്‍ട്ടിപ്പിള്‍ ബാങ്കിംഗ് ക്രമീകരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) തീരുമാനം. ഇത്തരം വായ്പകള്‍ ശക്തമായ നിരീക്ഷണം നടത്തുന്നതിനായി കണ്‍സോര്‍ഷ്യത്തിന് കീഴിലേക്ക് മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. മള്‍ട്ടിപ്പിള്‍ ബാങ്കിംഗ് സംവിധാനം അച്ചടക്കമില്ലാത്തതാണെന്നും കണ്‍സോര്‍ഷ്യം വഴി ഇത്തരം വായ്പകള്‍ പരിഗണിക്കുന്നതാണ് കൂടുതല്‍ മെച്ചമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററും ചീഫ് റിസ്‌ക് ഓഫീസറുമായ എംഎസ് ശാസ്ത്രി വ്യക്തമാക്കി.

വെല്ലുവിളികളെ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന് ബാങ്കുകള്‍ പിന്തുടരേണ്ട രൂപരേഖ തയാറാക്കേണ്ടതിന് പൊതുമേഖലാ ബാങ്കുകളിലെ എല്ലാ ചീഫ് ടെക്‌നോളജി ഓഫീസര്‍മാരും, ചീഫ് റിസ്‌ക് ഓഫിസര്‍മാരും, എക്‌സിക്യൂൂട്ടിവ് ഡയറക്റ്റര്‍മാരും മാര്‍ച്ച് 12-15 തീയതികളില്‍ ഡെല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങല്‍ നടപ്പിലാക്കേണ്ടതിന് ബാങ്കുകള്‍ക്ക് അതാത് ബോര്‍ഡുകളുടെ അംഗീകാരം ആവശ്യമാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 129 ബില്യണ്‍ രൂപയുടെ തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റിസ്‌ക് മാനേജ്‌മെന്റ് എങ്ങനെ ശക്തിപ്പെടുത്താമെന്നത് സംബന്ധിച്ച് സാമ്പത്തിക സേവന വകുപ്പ് ബാങ്കുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം സംഘടിപ്പിച്ചത്.

വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത വായ്പ പരിധികള്‍ തുടരുമെങ്കിലും മികച്ച നിയന്ത്രണത്തിനും ഏകോപനത്തിനുമായി ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കേണ്ടത് ആവശ്യമാണെന്നാണ് ശാസ്ത്രി വ്യക്തമാക്കിയത്. മള്‍ട്ടിപ്പിള്‍ ബാങ്ക് ക്രമീകരണത്തില്‍ കടം വാങ്ങുന്ന ആളും മറ്റ് വായ്പാദാതാക്കളും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ക്ക് ബോധ്യമില്ല. എന്നാല്‍ കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാകുമ്പോള്‍ ഇതിനു മാറ്റംവരും. ജീവനക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രാഞ്ച് തലത്തിലുള്ള റിസ്‌ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പൊതുമേഖലാ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories