2017-18 ഐപിഒ നിക്ഷേപത്തില്‍ പുതിയ റെക്കോഡ് കുറിക്കും

2017-18 ഐപിഒ നിക്ഷേപത്തില്‍ പുതിയ റെക്കോഡ് കുറിക്കും

15,000 കോടി രൂപയുടെ ഓഹരി വില്‍പ്പന ഈ മാസത്തില്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഐപിഒ വഴിയുള്ള നിക്ഷേപ സമാഹരണത്തില്‍ പുതിയ റെക്കോഡ് കുറിക്കപ്പെടുമെന്ന് നിരീക്ഷണം. ഈ സാമ്പത്തിക വര്‍ഷം (2017-2018) പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക ഓഹരി വില്‍പ്പന വഴി 82,500 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ സ്വരൂപിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 2007-2008 സാമ്പത്തിക വര്‍ഷത്തേതായിരുന്നു ഐപിഒ നിക്ഷേപ സമാഹരണത്തിലെ മുന്‍ റെക്കോഡ്. ഇതിനേക്കാള്‍ ഇരട്ടി നിക്ഷേപം ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയേക്കും.

15,000 കോടി രൂപയുടെ ഓഹരി വില്‍പ്പന ഈ മാസത്തില്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ലെമണ്‍ ട്രീ ഹോട്ടല്‍സ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയാണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയാറെടുത്തിട്ടുള്ള കമ്പനികള്‍. 22നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഐപിഒ ആരംഭിക്കുന്നത്. ഈ മാസം ഐപിഒ വിപണിയിലേക്ക് കടക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിലേതിനേക്കാള്‍ ഇരട്ടിയാണ്.

ഫെബ്രുവരിയില്‍ വിപണിയില്‍ അനുഭവപ്പെട്ട അസ്ഥിരതയാണ് ഈ മാസം അസാധാരണമായ വിധം ഐപിഒ വിപണിയില്‍ തിരക്ക് അനുഭവപ്പെടാനുള്ള ഒരു കാരണമായി വിപണി വിദഗ്ധര്‍ പറയുന്നത്. വിപണി അസ്ഥിരമായതുമൂലമുണ്ടായ ആശങ്കകള്‍ കാരണം രണ്ട് പ്രാഥമിക ഓഹരി വില്‍പ്പനകള്‍ മാത്രമാണ് ഫെബ്രുവരിയില്‍ നടന്നതെന്ന് ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗം മേധാഗം സത്യന്‍ ഷാ പറഞ്ഞു. അതേസമയം, വിപണിയില്‍ ഈ മാസം സ്ഥിരതയുണ്ടെങ്കിലും നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. താരതമ്യേന ശാന്തമായ അന്തരീക്ഷം ഐപിഒയ്‌ക്കൊരുങ്ങുന്ന കമ്പനികളും ബാങ്കര്‍മാരും പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി നിക്ഷേപത്തിന്മേലുള്ള ദീര്‍ഘകാല നേട്ടത്തിന് (എല്‍ടിസിജി നകുതി) ഏപ്രില്‍ ഒന്നുമുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കവും ഈ മാസം തന്നെ ഐപിഒ നടത്താന്‍ കമ്പനികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി. ഈ നികുതി ഒഴിവാക്കാനാണ് നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് തന്നെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ കമ്പനികള്‍ തിരക്കുകൂട്ടുന്നത്. ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള ഉടമ്പടിയുടെ കീഴില്‍ ചില സാഹചര്യങ്ങളില്‍ വിദേശ നിക്ഷേപകര്‍ക്ക് എല്‍ടിസിജി നികുതി ഇളവ് നല്‍കിയേക്കും.

Comments

comments

Categories: Business & Economy