യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ് : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്തള്ളി മാരുതി സുസുകിയുടെ കുതിപ്പ്

യൂട്ടിലിറ്റി വാഹന സെഗ്‌മെന്റ് : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്തള്ളി മാരുതി സുസുകിയുടെ കുതിപ്പ്

2017-18 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ മഹീന്ദ്രയേക്കാള്‍ ഏകദേശം 21,700 യൂണിറ്റിന് ലീഡ് ചെയ്യുകയാണ് മാരുതി

മുംബൈ : നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ടോപ് യൂട്ടിലിറ്റി വാഹന (യുവി) നിര്‍മ്മാതാക്കളായി മാരുതി സുസുകി മാറും. സെഗ്‌മെന്റില്‍ ദീര്‍ഘകാല മാര്‍ക്കറ്റ് ലീഡറായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ മാരുതി സുസുകി ഇപ്പോള്‍ തന്നെ പിന്നിലാക്കിക്കഴിഞ്ഞു. യുവി സെഗ്‌മെന്റില്‍ ചോദ്യം ചെയ്യപ്പെടാനാവാത്തവിധമാണ് മാരുതിയുടെ വളര്‍ച്ച. ഒരു വരവ് കൂടി വരുമെന്ന് മഹീന്ദ്ര പറയുന്നുണ്ടെങ്കിലും അതത്ര എളുപ്പമായിരിക്കില്ല.

ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തെ വില്‍പ്പന കണക്കുകള്‍ മാത്രം പുറത്തുവരാനിരിക്കേ (2017-18 ഏപ്രില്‍-ഫെബ്രുവരി) തൊട്ടടുത്ത എതിരാളിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയേക്കാള്‍ യുവി സെഗ്‌മെന്റില്‍ ഏകദേശം 21,700 യൂണിറ്റിന് ലീഡ് ചെയ്യുകയാണ് ജപ്പാനിലെ സുസുകി മോട്ടോറിന്റെ പ്രാദേശിക യൂണിറ്റ്. മഹീന്ദ്രയുടെ ശരാശരി പ്രതിമാസ വില്‍പ്പനയ്ക്ക് തുല്യമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരു ബ്രാന്‍ഡുകളുടെയും യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ വലിയ അന്തരമുണ്ട്.

വിറ്റാര ബ്രെസ്സ, എസ് ക്രോസ് തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങള്‍ പുറത്തിറക്കിയാണ് മാരുതി തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിച്ചത്. എന്നാല്‍ മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി 500 എന്നീ യൂട്ടിലിറ്റി വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചലനങ്ങളുണ്ടാക്കാത്തത് മഹീന്ദ്രയുടെ സ്ഥാനചലനത്തിന് ഇടയാക്കി. 2017-2018 ഏപ്രില്‍-ജനുവരി കാലയളവില്‍ യൂട്ടിലിറ്റി വാഹന വിപണിയില്‍ മാരുതി സുസുകിയുടെ വിപണി വിഹിതം 28 ശതമാനമാണെന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഏഴ് ശതമാനം മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ അമ്പത് ശതമാനത്തിലധികം വിപണി വിഹിതം കരസ്ഥമാക്കാനും ഈ മുന്നേറ്റം മാരുതി സുസുകിയെ സഹായിച്ചു. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹന വിപണി വിഹിതം 55 ശതമാനത്തില്‍നിന്ന് 25 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. 30 ശതമാനത്തിന്റെ ഇടിവ്.

ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൃത്യമായി പ്രവര്‍ത്തിച്ചതാണ് മാരുതിയുടെ സുസുകിയുടെ വിജയത്തിന് അടിസ്ഥാനമെന്ന് കല്‍സി പറഞ്ഞു. സ്‌പോര്‍ടി, ഫണ്‍-ടു-ഡ്രൈവ് എസ്‌യുവിയുടെ അഭാവം വിപണിയിലുണ്ടെന്ന കസ്റ്റമര്‍ ഫീഡ്ബാക്ക് മനസ്സിലാക്കിയാണ് ഇപ്പോള്‍ രാജ്യത്തെ ടോപ് സെല്ലിംഗ് എസ്‌യുവിയായ ബ്രെസ്സ മാരുതി സുസുകി വിപണിയിലെത്തിച്ചത്. വിപണി വിഹിതം ഇടിഞ്ഞു എന്ന കാര്യം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സമ്മതിച്ചു. മോഡലുകള്‍ പരിഷ്‌കരിച്ചും വിപണന തന്ത്രങ്ങള്‍ പുതുക്കിയും കഴിഞ്ഞ രണ്ട് മാസമായി യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ തങ്ങള്‍ ടോപ് പൊസിഷനിലാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവകാശപ്പെട്ടു. വരും മാസങ്ങളില്‍ മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.

ഈ വാഹനങ്ങളുടെ കരുത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം (2018-19) യൂട്ടിലിറ്റി വാഹന സെഗ്‌മെന്റിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വക്താവ് അവകാശപ്പെട്ടു. അതേസമയം കയ്യുംകെട്ടി നോക്കി നില്‍ക്കാനല്ല മാരുതി സുസുകിയുടെ പരിപാടി. ഓള്‍-ന്യൂ എര്‍ട്ടിഗ കമ്പനി അടുത്ത സാമ്പത്തിക വര്‍ഷം വിപണിയിലെത്തിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യത്യസ്തമായ രീതിയിലാണ് ഇരു കമ്പനികളും വാഹനങ്ങള്‍ പുറത്തിറക്കുന്നത്. 2012 ല്‍ എര്‍ട്ടിഗ അവതരിപ്പിച്ചുകൊണ്ടാണ് യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ മാരുതി ഗൗരവകരമായ ഇടപെടല്‍ നടത്തിയതെങ്കില്‍ 2015 ല്‍ ബ്രെസ്സ പുറത്തിറക്കി കമ്പനി കുതിപ്പിന്റെ വേഗം വര്‍ധിപ്പിച്ചു. മഹീന്ദ്രയെ സംബന്ധിച്ചാണെങ്കില്‍ കെയുവി 100, ടിയുവി 300 എന്നീ റഗ്ഗ്ഡ് എസ്‌യുവികള്‍ വിപണിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെച്ചില്ല. വിലയോടൊപ്പം ഇന്ധനക്ഷമതയും കരുത്തും വാഹനങ്ങളുടെ ന്യൂനതയായി എണ്ണപ്പെട്ടു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ മാരുതി സുസുകി 2,30,995 യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റത്. ഇതേകാലയളവില്‍ മഹീന്ദ്രയുടെ വില്‍പ്പന 2,09,322 യൂണിറ്റിലൊതുങ്ങി. ഇന്ത്യയിലെ യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 20 മോഡലുകളാണ് അവതരിപ്പിക്കപ്പെട്ടത്. സെഗ്‌മെന്റ് വികാസം പ്രാപിക്കുന്നതില്‍ ഇത് വലിയ കാരണമായതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. യൂട്ടിലിറ്റി വാഹന വിപണി വിവിധ മോഡലുകള്‍ക്കിടയില്‍ വിഭജിച്ചുപോകുന്നതിന് ഇത് ഇടയാക്കി. വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞില്ലെങ്കിലും വിപണി വിഹിതത്തിന്റെ കാര്യത്തില്‍ മഹീന്ദ്രയ്ക്ക് തിരിച്ചടി നേരിടേണ്ടിവന്നു. നിലവിലെ യുവി വിപണി വിഹിതത്തില്‍ തീരെ സംതൃപ്തിയില്ലെന്ന് വക്താവ് പറഞ്ഞു.

2018-19 ല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവകാശപ്പെട്ടു

കെയുവി 100, ടിയുവി 300 മോഡലുകള്‍ റീപൊസിഷന്‍ ചെയ്തതിനാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രതിമാസ നേതൃ സ്ഥാനം തിരികെപിടിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ എസ്201, യു321, വൈ400 എന്നീ മൂന്ന് പുതിയ പ്ലാറ്റ്‌ഫോമുകളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഓരോ 25 കിലോമീറ്ററിലും സാന്നിധ്യമറിയിക്കുന്നതും നഗര പ്രദേശങ്ങളില്‍ ഡിജിറ്റല്‍ വിപണന തന്ത്രങ്ങള്‍ പുറത്തെടുക്കുന്നതും സഹായകരമാകുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കരുതുന്നു.

Comments

comments

Categories: Auto