മയക്കുമരുന്ന് ആരോപണത്തില്‍ മാനനഷ്ടക്കേസ് മുറുകിയപ്പോള്‍ അകാലിദള്‍ നേതാവിനോട് കെജ്രിവാളിന്റെ മാപ്പപേക്ഷ; പ്രതിഷേധിച്ച് പാര്‍ട്ടി പദവിയൊഴിഞ്ഞ് ഭഗ്‌വന്ത് മന്‍ എംപി

മയക്കുമരുന്ന് ആരോപണത്തില്‍ മാനനഷ്ടക്കേസ് മുറുകിയപ്പോള്‍ അകാലിദള്‍ നേതാവിനോട് കെജ്രിവാളിന്റെ മാപ്പപേക്ഷ; പ്രതിഷേധിച്ച് പാര്‍ട്ടി പദവിയൊഴിഞ്ഞ് ഭഗ്‌വന്ത് മന്‍ എംപി

അമൃത്‌സര്‍ : മാനനഷ്ടക്കേസുകളാല്‍ വലയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയക്ക് മാപ്പപേക്ഷ എഴുതിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറി. കെജ്രിവാളിന്റെ മാപ്പപേക്ഷക്ക് പിന്നാലെ ആംആദ്മി സംസ്ഥാന അധ്യക്ഷനും എംപിയുമായ ഭഗവന്ത് മന്‍ പാര്‍ട്ടി പദവി രാജിവെച്ചു. മയക്കുമരുന്ന് മാഫിയക്കും അഴിമതിക്കും എതിരെ പഞ്ചാബിലെ സാധാരണക്കാരനായി നിന്നുള്ള പോരാട്ടം തടരുമെന്ന് മന്‍ ട്വീറ്റ് ചെയ്തു.

മുന്‍ മന്ത്രിയായ മജീതിയക്ക് സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് കെജ്രിവാള്‍ ആരോപിച്ചിരുന്നു. കെജ്രിവാളിനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ ക്രിമിനല്‍ മാനനഷ്ടക്കേസാണ് മജീതിയ നല്‍കിയത്. റാലികളിലും വാര്‍ത്താ സമ്മേളനങ്ങളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് മാപ്പ് പറയുന്നെന്നായിരുന്നു കെജ്രിവാളിന്റെ കത്തിലെ ഉള്ളടക്കം. മാപ്പപേക്ഷ പരിഗണിച്ച് മാനനഷ്ടക്കേസ് പിന്‍വലിക്കുമെന്ന് മജീതിയയും വ്യക്തമാക്കി.

കെജ്രിവാളിന്റെ മാപ്പപേക്ഷയില്‍ നിരവധി ആളുകള്‍ അസംതൃപ്തരാണെന്നും മജീതിയയേപ്പോലെയുള്ളവരെ ജയിലിലടക്കുകയാണ് ചെയ്യേണ്ടതെന്നും ആംആദ്മി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പ്രതികരിച്ചു. ആംആദ്മി പാര്‍ട്ടിയുടെ തരംതാണ രാഷ്ട്രീയമാണ് കെജ്രിവാളിന്റെ മാപ്പപേക്ഷയിലൂടെ പുറത്തായതെന്ന് കേന്ദ്രമന്ത്രിയും അകാലി നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ പ്രതികരിച്ചു. പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ കൊലപാതകമാണ് മാപ്പപേക്ഷയിലൂടെ കെജ്രിവാള്‍ ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദു പ്രതികരിച്ചു.

ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി ആരോപിച്ച കെജ്രിവാള്‍ പട്യാല കോടതിയിലും മാനനഷ്ടക്കേസ് നേരിടുന്നുണ്ട്. തെളിവുകള്‍ സമര്‍പ്പിക്കാനാവാതെ ഈ കേസില്‍ വിയര്‍ക്കുന്നതിനിടെയാണ് പഞ്ചാബിലെ കേസില്‍ നിന്ന് മാപ്പു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി തലയൂരുന്നത്

Comments

comments

Categories: FK News, Politics, Top Stories