ജിയോയുടെ ക്രമീകരിച്ച മൊത്തം വരുമാനം 21.3 % വര്‍ധിച്ച് 5300 കോടി രൂപയായി

ജിയോയുടെ ക്രമീകരിച്ച മൊത്തം വരുമാനം 21.3 % വര്‍ധിച്ച് 5300 കോടി രൂപയായി

ജിയോയുടെ എജിആര്‍ വിപണി വിഹിതം 15.4 ശതമാനത്തിലെത്തി

കൊല്‍ക്കത്ത: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 21.3 ശതമാനം വര്‍ധനയോടെ റിയലന്‍സ് ജിയോയുടെ ക്രമീകരിച്ച മൊത്തം വരുമാനം(എജിആര്‍) 5,300 കോടി രൂപയിലെത്തി. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ ഡിസംബര്‍ പാദ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

എയര്‍ടെലിന്റെ എജിആര്‍ (നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് ഉള്‍പ്പെടെ) ഡിസംബര്‍ പാദത്തില്‍ 8.1 ശതമാനം ഇടിഞ്ഞ് 10,700 കോടി രൂപയായി. വോഡഫോണിന്റെ എജിആര്‍ 6.9 ശതമാനം ഇടിഞ്ഞ് 7,000 കോടി രൂപയും ഐഡിയയുടെത് 7.2 ശതമാനം ഇടിഞ്ഞ് 5,700 കോടി രൂപയുമായെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഡാറ്റ വിശകലനം ചെയ്ത് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നു. ജിയോ മുന്നേറ്റം കുറിച്ചുവെങ്കിലും ഉയര്‍ന്ന മത്സരം മൂലം മൊത്തത്തില്‍ ടെലികോം മേഖലയിലെ എജിആര്‍ (എന്‍എല്‍ഡി ഉള്‍പ്പെടെ) ഡിസംബര്‍ പാദത്തില്‍ 8.6 ശതമാനം ഇടിഞ്ഞ് 34,600 കോടി രൂപയായെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നു.

ടെലികോം മേഖലയിലെ മൊത്തം വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞെന്ന് സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് പറയുന്നു. ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐസിയു) ഇളവ്, വന്‍ തോതിലുള്ള ഓഫറുകള്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാത്തില്‍ ഉണ്ടാക്കിയ ഇടിവ് എന്നിവടെലികോം മേഖലയുടെ വരുമാനം ഇടിയാന്‍ കാരണമായി.

ഡിസംബര്‍ പാദത്തില്‍ ജിയോയുടെ എജിആര്‍ വിപണി വിഹിതം 380 ബേസിസ് പോയ്ന്റ് (ബിപിഎസ്) വര്‍ധിച്ച് 15.4 ശതമാനത്തിലെത്തി. എയര്‍ടെലിന്റെ എജിആര്‍ വിപണി വിഹിതം 15 ബിപിഎസ് ഉയര്‍ന്ന് 30.9 ശതമാനവും വോഡഫോണിന്റേത് 36 ബിപിഎസ് ഉയര്‍ന്ന് 20.3 ശതമാനവുമായി. ഐഡിയയുടെ വിപണി വിഹിതം 24 ബിപിഎസ് ഉയര്‍ന്ന് 16.6 ശതമാനത്തിയെന്നും യുബിഎസ് പറയുന്നു.

സര്‍ക്കിള്‍ തിരിച്ചുള്ള എജിആറില്‍ 13ഓളം സര്‍ക്കിളുകളില്‍ ജിയോയാണ് മുന്നില്‍. അഞ്ച് സര്‍ക്കിളുകളില്‍ 25 ശതമാനത്തിലധികം എജിആര്‍ വിപണി വിഹിതം ജിയോയ്ക്കുണ്ടെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിലെ ടെലികോം റിസര്‍ച്ച് അനലിസ്റ്റ് സന്‍ജേഷ് ജയ്ന്‍ പറയുന്നു.

Comments

comments

Categories: Business & Economy