വ്യോമസേനക്ക് പണി കൂടുന്നു; ഹിമാലയത്തിന് മുകളിലൂടെ പറക്കാന്‍ ശേഷി കൈവരിച്ച് ചൈനയുടെ മൂന്നാം തലമുറ യുദ്ധവിമാനങ്ങള്‍

വ്യോമസേനക്ക് പണി കൂടുന്നു; ഹിമാലയത്തിന് മുകളിലൂടെ പറക്കാന്‍ ശേഷി കൈവരിച്ച് ചൈനയുടെ മൂന്നാം തലമുറ യുദ്ധവിമാനങ്ങള്‍

ന്യൂഡെല്‍ഹി : അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ആക്രമണങ്ങളെ തടയാന്‍ പുരാതന കാലം മുതല്‍ ഇന്ത്യക്ക് പ്രകൃതി കെട്ടിക്കൊടുത്ത കോട്ടയാണ് ഹിമാലയ പര്‍വതനിരകളെന്നാണ് പറയാറ്. ഇന്ത്യയുടെ യുദ്ധതന്ത്രത്തില്‍ ഹിമാലയത്തിന് പ്രാധാന്യമേറെയുണ്ട്. എന്നാല്‍ അതിര്‍ത്തിയിലെ ഈ പ്രതിരോധക്കോട്ടക്ക് മുകളിലൂടെ പറക്കാന്‍ ചൈനയുടെ മൂന്നാം തലമുറ യുദ്ധവിമാനങ്ങള്‍ ശേഷി കൈവരിച്ചെന്നാണ് റിപ്പോര്‍ട്ട്. യുദ്ധ വിമാന സ്‌ക്വാഡ്രണുകളുടെ എണ്ണം അനുദിനം ചുരുങ്ങി വരുന്ന ഇന്ത്യന്‍ വ്യോമസേനക്ക് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തകള്‍. ചെഗ്ഡു-ജെ-10, ചെന്‍യാംഗ്-ജെ-11 യുദ്ധവിമാനങ്ങള്‍ ടിബറ്റിലെ ഉയരമേറിയ പര്‍വത നിരകളുടെ മുകളിലൂടെ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഔദ്യോഗികമായി പുറത്തു വിട്ടു.

ഉയരങ്ങളില്‍ അനുഭവപ്പെടുന്ന അന്തരീക്ഷ മര്‍ദ്ദത്തിന്റെ കുറവാണ് യുദ്ധവിമാനങ്ങളുടെ പറക്കലിന് തടസമാകുന്നത്. ചൈനയുടെ മൂന്നാം തലമുറ യുദ്ധവിമാനങ്ങളുടെ എഞ്ചിനുകള്‍ ഇത് മറികടക്കാന്‍ പ്രാപ്തി നേടിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉയരമേറിയ പര്‍വതങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ അതിര്‍ത്തിക്കായി ചൈന പ്രത്യേക യുദ്ധവിമാന വിഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ടെന്ന് പ്രതിരോധ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍പ് 3,000 മീറ്ററിലേറെ ഉയരത്തില്‍ പറക്കാനുള്ള ശേഷി ചൈനീസ് യുദ്ധവിമാനങ്ങള്‍ക്ക് ഇല്ലായിരുന്നു. 2015 സെപ്റ്റംബറില്‍ ചെന്‍യാംഗ്-ജെ-10 വിമാനം 3,350 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശ്രമത്തിനിടെ തകര്‍ന്ന് വീണിരുന്നു. റഷ്യന്‍ നിര്‍മിത എഎല്‍-31-എഫ് എഞ്ചിനുകളാണ് ചൈനിസ് പോര്‍വിമാനങ്ങള്‍ക്ക് കരുത്തായിരിക്കുന്നതെന്നാണ് സൂചന.

Comments

comments

Categories: FK News, Politics, Slider