ഷെവര്‍ലെ സര്‍വീസ് ക്യാംപുകള്‍ തുടങ്ങി

ഷെവര്‍ലെ സര്‍വീസ് ക്യാംപുകള്‍ തുടങ്ങി

ഈ മാസം 20 വരെ രാജ്യത്തെ 170 അംഗീകൃത ഷെവര്‍ലെ വര്‍ക്‌ഷോപ്പുകളിലാണ് സര്‍വീസ് ക്യാംപ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഷെവര്‍ലെയുടെ സര്‍വീസ് ക്യാംപുകള്‍ തുടങ്ങി. ഈ മാസം 20 വരെ രാജ്യത്തെ 170 അംഗീകൃത ഷെവര്‍ലെ വര്‍ക്‌ഷോപ്പുകളിലാണ് സര്‍വീസ് ക്യാംപ് സംഘടിപ്പിക്കുന്നത്. 2017 ഡിസംബര്‍ 31 ന് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും നിലവിലെ ഉപയോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് ജനറല്‍ മോട്ടോഴ്‌സ്.

ഷെവര്‍ലെ ഉടമകള്‍ക്ക് ആഫ്റ്റര്‍ സെയില്‍സും സര്‍വീസ് സപ്പോര്‍ട്ടും നല്‍കുമെന്നാണ് ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചിരുന്നത്. രാജ്യത്തെ 15,000 ലധികം ഷെവര്‍ലെ ഉപയോക്താക്കള്‍ക്ക് സര്‍വീസ് ക്യാംപ് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മെയിന്റനന്‍സ്, റിപ്പയര്‍ ജോലികള്‍ വര്‍ക്‌ഷോപ്പുകളില്‍ ലഭ്യമായിരിക്കും. ഉപയോക്താക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഷെവര്‍ലെയുടെ രീതിയെന്ന് ഷെവര്‍ലെ ഇന്ത്യ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് മാര്‍ക്കസ് സ്റ്റേണ്‍ബെര്‍ഗ് പറഞ്ഞു.

എല്ലാ ഷെവര്‍ലെ മോഡലുകളും സര്‍വീസ് ക്യാംപുകളില്‍ കൊണ്ടുപോകാം. കാറുകള്‍ പരിശോധിച്ചശേഷം പരിപാലനം സംബന്ധിച്ച വിദഗ്ധ ഉപദേശം നല്‍കും. ഉപയോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ചെക്ക്-അപ്പ്, ടോപ് വാഷ് എന്നിവ സൗജന്യമായിരിക്കും. സര്‍വീസ് ക്യാംപുകളിലെ ലേബര്‍ ചാര്‍ജില്‍ 25 ശതമാനം വരെ ഇളവ് ലഭിക്കും. ഷെവര്‍ലെ ജെനുവിന്‍ പാര്‍ട്‌സ് വാങ്ങാന്‍ സൗകര്യമുണ്ടായിരിക്കും. മറ്റ് വിവിധ സര്‍വീസുകള്‍ക്കും ആകര്‍ഷകമായ ഇളവുകള്‍ നല്‍കുമെന്ന് ഷെവര്‍ലെ അറിയിച്ചു.

1990 കളുടെ അവസാനമാണ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ പ്രവര്‍ത്തന കാലയളവില്‍ കുതിച്ചും കിതച്ചുമാണ് മുന്നേറിയത്. അവസാനം 2017 ഡിസംബര്‍ 31 ന് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍മാറുകയായിരുന്നു. പുതു തലമുറ ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്ക്, ബീറ്റ് എസ്സന്‍ഷ്യ സബ്‌കോംപാക്റ്റ് സെഡാന്‍ എന്നിവ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജനറല്‍ മോട്ടോഴ്‌സിന്റെ ഭീഷ്മ തീരുമാനം വന്നത്.

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍നിന്ന് 2017 ഡിസംബര്‍ 31 ന് പിന്‍മാറിയിരുന്നു. തലേഗാവ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയാണ്

ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോറിന് വിറ്റ ജനറല്‍ മോട്ടോഴ്‌സ്, മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ കയറ്റുമതി മാത്രം ചെയ്യുകയാണ്. എസ്എഐസിയുടെ കീഴിലെ എംജി മോട്ടോഴ്‌സാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2019 ല്‍ പ്രവര്‍ത്തനം തുടങ്ങും.

Comments

comments

Categories: Auto