ഈ വര്‍ഷം ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങളെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

ഈ വര്‍ഷം ഒമ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങളെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്

2022 അവസാനത്തോടെ ലോകത്തെ പതിനാറ് ലൊക്കേഷനുകളില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും

ബെര്‍ലിന്‍ : ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് മുമ്പേ ഗമിക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സര്‍വ്വശക്തിയും സര്‍വ്വവിഭവങ്ങളും സമാഹരിക്കുന്നു. 2022 അവസാനത്തോടെ ലോകത്തെ പതിനാറ് ലൊക്കേഷനുകളില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ബെര്‍ലിനില്‍ നടന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വാര്‍ഷിക മീഡിയ കോണ്‍ഫറന്‍സില്‍ ഫോക്‌സ്‌വാഗണ്‍ സിഇഒ മത്തിയാസ് മുള്ളറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവില്‍ മൂന്ന് ലൊക്കേഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന് കീഴിലെ ഒമ്പത് പ്ലാന്റുകള്‍ കൂടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സജ്ജമാക്കും.

നല്ല ശേഷിയുള്ള ഇവി ബാറ്ററികള്‍ക്കായി യൂറോപ്പിലെയും ചൈനയിലെയും ബാറ്ററി നിര്‍മ്മാതാക്കളുമായി ഇതിനകം പങ്കാളിത്തം സ്ഥാപിച്ചുകഴിഞ്ഞു. ബാറ്ററി ആവശ്യങ്ങള്‍ക്കായി ആകെ ഏകദേശം 20 ബില്യണ്‍ യൂറോയുടെ വിവിധ കരാറുകളാണ് നല്‍കിയിരിക്കുന്നത്. ‘റോഡ്മാപ്പ് ഇ’ നടപ്പാക്കുന്നതിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി എല്ലാ വിഭവങ്ങളും പ്രയത്‌നവും ഉപയോഗിച്ചുവരികയാണെന്ന് മുള്ളര്‍ വിശദീകരിച്ചു. കാര്യങ്ങള്‍ക്ക് വേണ്ടത്ര വേഗവും നിശ്ചയദാര്‍ഢ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2025 ഓടെ പ്രതിവര്‍ഷം 30 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയെന്നും ഗ്രൂപ്പിന്റേതായി 80 പുതിയ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മൂന്ന് ഓള്‍-ഇലക്ട്രിക് ഉള്‍പ്പെടെ ഒമ്പത് പുതിയ മോഡലുകള്‍ പുറത്തിറക്കും. നിലവില്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വിഭാഗങ്ങളിലായി എട്ട് കാര്‍ മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് ഉള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ബ്രാന്‍ഡുകളിലായി ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുള്ള ഗ്രൂപ്പായി ഫോക്‌സ്‌വാഗണ്‍ മാറുമെന്ന് മത്തിയാസ് മുള്ളര്‍ വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന് കീഴിലെ ഒമ്പത് പ്ലാന്റുകള്‍ കൂടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സജ്ജമാക്കും

അതേസമയം ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ ഒഴിവാക്കില്ലെന്ന് ഫോക്‌സ്‌വാഗണ്‍ സിഇഒ പറഞ്ഞു. പരമ്പരാഗത ഡ്രൈവ് സിസ്റ്റങ്ങള്‍ തുടരും. നിലവിലെ സാങ്കേതികവിദ്യകളെയും വാഹനങ്ങളെയും അവഗണിച്ചുകൊണ്ടല്ല പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത്. പരമ്പരാഗത വാഹനങ്ങളും ഡ്രൈവ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏകദേശം 20 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് നടത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആകെ 90 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മത്തിയാസ് മുള്ളര്‍ പറഞ്ഞു.

Comments

comments

Categories: Auto