പാകിസ്ഥാനിലെയും ചൈനയിലെയും ജനങ്ങള്‍ ഇന്ത്യക്കാരെക്കാള്‍ സന്തോഷവാന്‍മാര്‍; ഫിന്‍ലാന്റ് ആഹ്ളാദത്തിന്റെ നാട്; അമേരിക്ക പതിനെട്ടാമത്; യുഎന്‍ ഹാപ്പി സര്‍വേ റാങ്കിംഗ് ഇങ്ങനെ

പാകിസ്ഥാനിലെയും ചൈനയിലെയും ജനങ്ങള്‍ ഇന്ത്യക്കാരെക്കാള്‍ സന്തോഷവാന്‍മാര്‍; ഫിന്‍ലാന്റ് ആഹ്ളാദത്തിന്റെ നാട്; അമേരിക്ക പതിനെട്ടാമത്; യുഎന്‍ ഹാപ്പി സര്‍വേ റാങ്കിംഗ് ഇങ്ങനെ

ന്യൂഡെല്‍ഹി : ഭീകരരുടെ തോക്കിന്‍ കുഴലിലും മതസംഘടനകളുടെ അടിച്ചമര്‍ത്തലിലും കഴിയുന്ന പാക് ജനത എത്ര വിഷമിക്കുന്നുണ്ടാവും? കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരുമ്പുമറയില്‍ ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പേലുമില്ലാതെ കഴിയുന്ന ചൈനക്കാരുടെ അവസ്ഥയോ? ജനാധിപത്യത്തിന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് കഴിയുന്ന ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്‍മാരാണ് നമ്മുടെ അയല്‍ രാജ്യങ്ങളെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ‘സന്തോഷ സര്‍വേ’ കണ്ടെത്തിയിരിക്കുന്നത്. സന്തോഷവാന്‍മാരായ ജനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് 133 ആം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍വേയിലെ 122ല്‍ നിന്നും 11 സ്ഥാനം പിന്നോട്ട്. പാകിസ്ഥാനാവട്ടെ 5 സ്ഥാനം മെച്ചപ്പെടുത്തി 75ആം റാങ്കിലെത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും സമ്പന്ന ജനതകളിലൊന്നായ അമേരിക്ക 18ആം സ്ഥാനത്താണ്. സമ്പന്ന രാഷ്ട്രമായ യുകെ പത്തൊന്‍പതാം സ്ഥാനത്ത്.

ലോകത്തെ ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങള്‍ ജീവിക്കുന്നത് പാതിരാ സൂര്യന്റെ നാടായ ഫിന്‍ലാന്റാണ്. എസ്‌കെ പൊറ്റക്കാടിന്റെ യാത്രാവിവരണത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ ബാലെകളുടെയും നൃത്തങ്ങളുടെയും മഞ്ഞുകട്ടകള്‍ക്കിടയിലെ ആഘോഷങ്ങളുടെയും ആകാശത്തെ വര്‍ണവിസ്മയമായ ഔറോറിയോ ബോറിയാലിസിസിന്റെയും നാട്ടിലെ ജനങ്ങള്‍ മറ്റാരെക്കാളും സന്തുഷ്ടരാണ്. ജീവിത നിലവാരം, വിദ്യാഭ്യാസം, പൗരാവകാശങ്ങള്‍, പത്ര സ്വാതന്ത്രം തുടങ്ങിയ മേഖലകളിലാണ് ഫിന്‍ ലാന്റ് സ്‌കോര്‍ ചെയ്തത്. നോര്‍വെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫിന്‍ലാന്റ് ഒന്നാമതെത്തിയത്. ഡെന്‍മാര്‍ക്ക് മൂന്നും ഐസ് ലാന്റ് നാലും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചും നെതര്‍ലാന്റ് ആറും സ്ഥാനങ്ങളിലെത്തി. കാനഡ, ന്യൂസിലാന്റ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് അടുത്ത മൂന്ന് റാങ്കിംഗുകളില്‍. തണുപ്പേറിയ രാജ്യങ്ങളാണ് ഇവയില്‍ ങഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട്.

ലോകത്തെ ഏറ്റവും അസന്തുഷ്ടരായ ജനത അധിവസിക്കുന്ന രാജ്യം യുദ്ധക്കെടുതികളില്‍ വലയുന്ന ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയാണ്. യെമന്‍, ടാന്‍സാനിയ, സൗത്ത് സുഡാന്‍ എന്നിവയും അസന്തുഷ്ട ജനതയുടെ കൂടാരങ്ങളാണെന്ന് യുഎന്‍ ഹാപ്പി സര്‍വേ പറയുന്നു.

വരുമാനം, ആരോഗ്യകരമായ ജീവിത പ്രതീക്ഷകള്‍, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസ്യത, ദയ, അഴിമതി രഹിത ചുറ്റുപാടുകള്‍ തുടങ്ങിയ മാനകങ്ങളുടെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്രസഭ സന്തുഷ്ടമായ ജനതകളെ തീരുമാനിക്കുന്നത്.

Comments

comments

Categories: FK News, Slider, World