ട്രെക് ബൈക്‌സ് ഇന്ത്യയില്‍

ട്രെക് ബൈക്‌സ് ഇന്ത്യയില്‍

റോഡ്, മൗണ്ടെയ്ന്‍, ഹൈബ്രിഡ് വിഭാഗങ്ങളിലായി 34 ബൈസൈക്കിള്‍ മോഡലുകള്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : യുഎസ് ബൈസൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രെക് ബൈക്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. റോഡ്, മൗണ്ടെയ്ന്‍, ഹൈബ്രിഡ് വിഭാഗങ്ങളിലായി 34 ബൈസൈക്കിള്‍ മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. എല്ലാം പ്രീമിയം, സൂപ്പര്‍ പ്രീമിയം സൈക്കിളുകളാണ്.

ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഇന്ദോര്‍ എന്നിവിടങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ സൈക്കിളുകള്‍ ലഭിക്കും. ബോണ്ട്‌റേഗര്‍ ബ്രാന്‍ഡില്‍ സൈക്ലിംഗ് പാര്‍ട്‌സുകളും ആക്‌സസറികളും റൈഡിംഗ് ഗിയറും കമ്പനി വില്‍ക്കുന്നുണ്ട്. 20,000 രൂപ (റോഡ് ബൈക്കുകള്‍) മുതല്‍ 1.70 ലക്ഷം രൂപ (ഹൈബ്രിഡ് മോഡലുകള്‍) വരെയാണ് സൈക്കിളുകളുടെ വില.

സാങ്കേതികപരമായി ഏറെ മികവ് പുലര്‍ത്തുന്ന ബൈസൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ ആവേശഭരിതനാണെന്ന് ട്രെക് ബൈസൈക്കിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ നവ്‌നീത് ബാങ്ക പറഞ്ഞു. ഇന്ത്യയില്‍ ലീഷര്‍, കോംപിറ്റീറ്റീവ് സൈക്ലിംഗ് പ്രോത്സാഹിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ജര്‍മ്മനിയുടെ മുന്‍ പ്രൊഫഷണല്‍ റോഡ് ബൈസൈക്കിള്‍ റേസറും ട്രെക് ബ്രാന്‍ഡ് അംബാസഡറുമായ ജെന്‍സ് വോയ്റ്റ് പറഞ്ഞു. ഇന്ത്യയില്‍ ഫിറ്റ്‌നസിനായി സൈക്ലിംഗ് നടത്തുന്നവരെയും പ്രൊഫഷണല്‍ സൈക്ലിസ്റ്റുകളെയും കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

20,000 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് പ്രീമിയം, സൂപ്പര്‍ പ്രീമിയം ബൈസൈക്കിളുകളുടെ വില

1976 ല്‍ വിസ്‌കോണ്‍സിനിലെ വാട്ടര്‍ലൂവിലാണ് ട്രെക് ബൈക്‌സ് സ്ഥാപിച്ചത്. ഓരോ ബൈസൈക്കിള്‍ മോഡലും ഏറ്റവും ദുഷ്‌കരമായ ലാബുകളില്‍ പരീക്ഷണം നടത്തിയാണ് വിപണികളിലെത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ലൈഫ്‌ടൈം വാറന്റിയാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. നൂറിലധികം രാജ്യങ്ങളില്‍ ട്രെക് സൈക്കിളുകള്‍ വിറ്റുവരുന്നു.

Comments

comments

Categories: Auto