മഹാപ്രതിഭയ്ക്ക് പ്രണാമം

മഹാപ്രതിഭയ്ക്ക് പ്രണാമം

ഒടുവില്‍ അദ്ദേഹം യാത്രയായി, മറ്റാര്‍ക്കും സാധിക്കാത്ത തരത്തില്‍ ഈ പ്രപഞ്ചത്തില്‍ സ്വയം അടയാളപ്പെടുത്തിയശേഷം. തമോഗര്‍ത്തങ്ങളുടെയും പ്രപഞ്ചത്തിന്റെ ഉള്ളറകളുടെയും രഹസ്യം തേടിയലഞ്ഞ, ആധുനിക ഭൗതികശാസ്ത്രത്തിലെ സമാനതകളില്ലാത്ത പ്രതിഭ സ്റ്റീഫന്‍ ഹോക്കിംഗിനോട് ലോകം വല്ലാതെ കടപ്പെട്ടിരിക്കുന്നു

സമകാലിക ശാസ്ത്രലോകത്ത് പകരംവെക്കാനില്ലാത്ത ഇതിഹാസം തന്നെയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് എന്ന അനന്യസാധാരണനായ ഭൗതിക ശാസ്ത്രജ്ഞന്‍. തമോഗര്‍ത്തങ്ങളെ നമുക്ക് വിശദീകരിച്ചു തന്ന, പ്രപഞ്ചത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് പുതുതലങ്ങള്‍ മനുഷ്യര്‍ക്ക് പകര്‍ന്ന് നല്‍കിയ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭ വിടവാങ്ങിയതോടെ ശാസ്ത്രലോകത്തുണ്ടായ വിടവ് നികത്താന്‍ നാം ഏറെ പ്രയാസപ്പെടും. അടുത്തൊന്നും തന്നെ അതിന് സാധിച്ചേക്കണമെന്നുമില്ല.

വീല്‍ ചെയറിലിരുന്ന്, ഇച്ഛാശക്തിയുടെ അസാമാന്യമായ വികിരണങ്ങള്‍ പുറത്തുവിട്ട് ഹോക്കിംഗ് പ്രപഞ്ചം ‘ചുറ്റിയത്’ ജീവിതത്തില്‍ തിരിച്ചടികളില്‍ തകര്‍ന്നിരിക്കുന്നവര്‍ക്കും എത്ര വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവര്‍ക്കും പ്രചോദനാത്മകമാണ്. ഇത്രമേല്‍ ഒരാള്‍ക്ക് തനിക്കു ചുറ്റുമുള്ള ലോകത്തെ പ്രചോദിപ്പിക്കാന്‍ സാധിക്കുമോയെന്നത് തന്നെ അല്‍ഭുതവുമാണ്.

വീല്‍ ചെയറിലിരിക്കുമ്പോഴും ഹോക്കിംഗ് ചിന്തിച്ചത് പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചായിരുന്നു. അതിസങ്കീര്‍ണമായ പ്രപഞ്ചത്തിന്റെ ആര്‍ക്കും പിടികിട്ടാത്ത സവിശേഷതകളെക്കുറിച്ചായിരുന്നു. എന്നിട്ട് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ അതിലളിതമായി ജനതയ്ക്ക് പകര്‍ന്ന് നല്‍കുന്നതില്‍ അദ്ദേഹം ഒരു പിശുക്കും കാണിച്ചില്ല.

1942 ജനുവരി എട്ടിന് ജനിച്ച ഹോക്കിംഗ് 17ാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടുന്നത്. അതിന് ശേഷം കേംബ്രിഡ്ജില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു കൈകാലുകള്‍ തളര്‍ന്നുപോകാന്‍ ഇടയായ നാഡീരോഗം ഹോക്കിംഗിനെ ബാധിച്ചത്. എന്നാല്‍ അത് ഹോക്കിംഗിനെ തെല്ലും തളര്‍ത്തിയില്ല. ശാസ്ത്രത്തോടുള്ള അഭിനിവേശം കുറഞ്ഞുമില്ല. ഓരോ ദിനം കൂടുന്തോറും അടങ്ങാത്ത ആ അഭിനിവേശം കൂടി കൂടി വരികയായിരുന്നു. അതുതന്നെയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം ഏറ്റവും ആഘോഷിച്ച ശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗ് വിലയിരുത്തപ്പെടാന്‍ കാരണവും.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെ ക്വാണ്ടം ഫിസിക്‌സുമായി സംയോജിപ്പിച്ചുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ ഹോക്കിംഗ് കാണിച്ച ധൈര്യവും അതിലെ വഴിത്തിരിവുകളും നിര്‍ണായകമായി മാറി ഭൗതികശാസ്ത്രത്തെയും ഗണിതശാസ്ത്രത്തെയും സംബന്ധിച്ചിടത്തോളം. ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോഗര്‍ത്തം എന്നറിയപ്പെടുന്നത്. ഇതിന്റെ പിടിയില്‍ നിന്ന് ഒന്നിനും പുറത്തുകടക്കാനാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ 1974ല്‍ ഹോക്കിംഗ് ഇത് തിരുത്തി. തമോഗര്‍ത്തങ്ങള്‍ ക്വാണ്ടം പ്രഭാവത്തിന്റെ അടിസ്ഥാനത്തില്‍ താപവികിരണങ്ങള്‍ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചത് വലിയ വഴിത്തിരിവായി. പിന്നീടത് ഹോക്കിംഗ് വികിരണങ്ങള്‍ എന്നറിയപ്പെട്ടു. എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം തമോഗര്‍ത്തങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന സിദ്ധാന്തങ്ങളുമായി ഹോക്കിംഗ് എത്തിയതും ശാസ്ത്രലോകത്തെ ഞെട്ടിച്ചു.

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ആഗോള ബെസ്റ്റ് സെല്ലര്‍ രചനയിലൂടെ ഹോക്കിംഗ് പുസ്തക വിപണിയെക്കൂടിയാണ് മാറ്റിമറിച്ചത്. ശാസ്ത്രത്തിന്റെ, അല്ല പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകള്‍ ഇത്രമേല്‍ ലളിതമാക്കി അവതരിപ്പിച്ച ആ പുസ്തകം ഹിറ്റായതില്‍ അല്‍ഭുതപ്പെടാനൊന്നുമുണ്ടായിരുന്നില്ല. ഹോക്കിംഗിന് മാത്രം സാധിക്കുന്ന മാന്ത്രികവിദ്യയായിരുന്നു അത്. പുസ്തകത്തിന്റെ 10 മില്യണ്‍ കോപ്പികളാണ് വിറ്റുപോയത്.

ചലനശേഷിയില്ലാതെ ഒരു വീല്‍ ചെയറിലേക്ക് ഒതുക്കപ്പെട്ടെങ്കിലും അതൊന്നും ആ മഹാനുഭാവന്റെ മനസിന്റെ അസാമാന്യശേഷിയെ തെല്ലും ബാധിച്ചിരുന്നില്ല. ഇരുപതാം വയസില്‍ നാഡീകോശങ്ങളെ തളര്‍ത്തിയ രോഗം പിടിപെട്ടപ്പോള്‍ ഡോക്റ്റര്‍മാര്‍ അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ആയുസാണ് പ്രവചിച്ചത്. എന്നാല്‍ ഡോക്റ്റര്‍മാരെ പോലും അല്‍ഭുതപ്പെടുത്തി ഹോക്കിംഗ് പിന്നെയും ജീവിച്ചു 56 വര്‍ഷത്തോളം കാലം, അതും വിജയശ്രീലാളിതനായി തന്നെ. ഈ പ്രപഞ്ചത്തിന്റെ മായിക ശക്തിയറിയാന്‍ നമുക്കുള്ള ജീവിതമാണിത്. ആ ജീവിതത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു-ഈ വാക്കുകള്‍ തന്നെയായിരിക്കും അദ്ദേഹത്തെ ഓരോ സെക്കന്‍ഡും പ്രചോദിപ്പിച്ചിട്ടുണ്ടാകുക.

Comments

comments

Categories: Editorial, Slider