റിയല്‍റ്റി രംഗം 180 ബില്യണ്‍  ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്

റിയല്‍റ്റി രംഗം 180 ബില്യണ്‍  ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്

റഗുലേറ്ററി പരിഷ്‌കാരങ്ങള്‍, അതിവേഗ നഗരവല്‍ക്കരണത്തിലൂടെയുള്ള സുസ്ഥിര ആവശ്യകത, താങ്ങാവുന്ന നിരക്കിലെ ഭവനങ്ങളുടെയും നൂക്ലിയര്‍ ഹൗസിംഗിന്റെയും ആവിര്‍ഭാവം എന്നിവയാണ് വളര്‍ച്ചയെ നയിക്കുക

മുംബൈ: 2020ഓടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം 180 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2015ലെ 126 ബില്യണ്‍ ഡോളര്‍ എന്നതില്‍ നിന്നും കാര്യമായ വളര്‍ച്ചയ്ക്കാണ് മേഖല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രാജ്യത്തിന്റെ ജിഡിപിയില്‍ ഭവന നിര്‍മാണ മേഖലയുടെ സംഭാവന നിലവിലെ അഞ്ച്- ആറ് ശതമാനത്തില്‍ നിന്നും ഇരട്ടിച്ച് 11 ശതമാനത്തിലെത്തുമെന്നും റിയല്‍റ്റി ഡെവലപ്പര്‍മാരുടെ സംഘടനയായ ക്രെഡായിയും ജെഎല്‍എല്‍ ഇന്ത്യയും തയാറാക്കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

റഗുലേറ്ററി പരിഷ്‌കാരങ്ങള്‍, അതിവേഗ നഗരവല്‍ക്കരണത്തിലൂടെയുള്ള സുസ്ഥിര ആവശ്യകത, താങ്ങാവുന്ന നിരക്കിലെ ഭവനങ്ങളുടെയും നൂക്ലിയര്‍ ഹൗസിംഗിന്റെയും ആവിര്‍ഭാവം എന്നിവയാണ് വളര്‍ച്ചയെ നയിക്കുകയെന്ന് ക്രെഡായിയും ജെഎല്‍എല്ലും പറഞ്ഞു. റെറ, ജിഎസ്ടി എന്നിവ പോലുള്ള സുപ്രധാന പരിഷ്‌കരണങ്ങള്‍ മേഖലയ്ക്ക് വളരാനുള്ള മികച്ച അടിത്തറയാണ് ഒരുക്കിയതെന്നും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പുരോഗതി കൂടിച്ചേര്‍ന്നപ്പോള്‍ അതിന്റെ കരുത്ത് ഇരട്ടിച്ചെന്നും ജെഎല്‍എല്‍ ഇന്ത്യ കണ്‍ട്രി ഹെഡും സിഇഒയുമായ രമേഷ് നായര്‍ പറഞ്ഞു.

സാമ്പത്തിക കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ചെറുകിട ഡെവലപ്പര്‍മാര്‍ക്ക് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിക്ഷേപം പ്രയോജനപ്പെടുത്താം

ഇന്ത്യന്‍ റിയല്‍റ്റി രംഗത്തെ റെറ ഏകീകരിക്കും. ആദര്‍ശമില്ലാത്ത ഡെവലപ്പര്‍മാരെ ഈ നയം മേഖലയ്ക്ക് പുറത്തേക്കെറിയും. സാമ്പത്തിക കാര്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ചെറുകിട ഡെവലപ്പര്‍മാര്‍ക്ക് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിക്ഷേപം പ്രയോജനപ്പെടുത്താം. ഡെവലപ്പര്‍മാരും ഉപഭോക്താക്കളും തമ്മിലെ വിശ്വാസ്യത പുനഃസ്ഥാപിക്കേണ്ട ബാധ്യതയുണ്ടെന്നതിനാല്‍ വില്‍പ്പനയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പതിനെട്ട് മാസങ്ങളായി ഏറെ പിന്നോക്കം പോയ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗം കേന്ദ്ര സര്‍ക്കാരിന്റെയും മേഖലയുമായി ബന്ധപ്പെട്ടവരുടെയും പ്രയത്‌നങ്ങളുടെ പിന്‍ബലത്തോടെ ഇപ്പോള്‍ മുകളിലേക്ക് കുതിക്കുകയാണെന്ന് ക്രെഡായ് പ്രസിഡന്റ് ജാക്‌സായ് ഷാ പറഞ്ഞു. നിക്ഷേപകര്‍ക്കിടയിലെ പ്രധാന ആകര്‍ഷണം താങ്ങാവുന്ന നിരക്കിലുള്ള ഭവന നിര്‍മാണ പദ്ധതികളായിരിക്കുമെന്ന് വര്‍ധിച്ച നയ പിന്തുണയുടെയും നിരവധി ലോഞ്ചുകളുടെയും പശ്ചാത്തലത്തില്‍ ക്രെഡായിയും ജെഎല്‍എല്ലും പറയുന്നു. ഈ വിഭാഗത്തിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപവും ഒഴുകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ജിഎസ്ടിക്കു ശേഷം മേഖലകള്‍ കൂടുതല്‍ സംഘടിതമാകുമെന്നതിനാല്‍ തന്നെ രാജ്യത്തെ ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് ഡെസ്റ്റിനേഷനുകളും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കും. നിക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ ഓഫീസ് സെഗ്മെന്റും സജീവമായി നിലനില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy