ടെറസിനു മുകളിലെ ഓക്‌സിജന്‍ ചേംബര്‍

ടെറസിനു മുകളിലെ ഓക്‌സിജന്‍ ചേംബര്‍

ടെറസ് ഫാമിംഗില്‍ വിജയം വരിച്ച സംരംഭമാണ് ചെന്നൈയിലെ ഇന്ദ്ര ടെറസ് ഗാര്‍ഡന്‍. വിവിധതരം പഴങ്ങളും പച്ചക്കറികളുമടക്കം 300 ബാഗ് പച്ചക്കറികളാണ് നിലവില്‍ ഇവിടെ നിന്നും വില്‍പ്പനയ്ക്കു തയാറാകുന്നത്

ഒരു കാലത്ത് കൃഷിയെ പാടെ അവഗണിച്ചിരുന്ന യുവതലമുറ അതില്‍ നിന്നും മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൃഷി ഒരു സംരംഭമായി തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. ടെറസ് ഫാമിംഗ്, ഓര്‍ഗാനിക് ഫാമിംഗ്, ഹൈഡ്രോപോണിക്‌സ് (മണ്ണില്ലാതെ കൃഷി) എന്നിങ്ങനെ വിവിധ തരത്തിലുള്ള ആധുനിക രീതികള്‍ അവലംബിച്ചാണ് പുതുതലമുറ മേഖലയില്‍ തങ്ങളുടെ സംരംഭത്തെ ലാഭകരമാക്കി മാറ്റുന്നത്. ഇത്തരത്തില്‍ ടെറസ് ഫാമിംഗില്‍ വിജയം വരിച്ച ഒരു സംരംഭമാണ് ചെന്നൈയിലെ ഇന്ദ്ര ടെറസ് ഗാര്‍ഡന്‍. പതിനഞ്ച് വര്‍ഷമായി ഈ രംഗത്ത് സ്ഥിരതയാര്‍ന്ന വിജയം നേടുകയാണ് ഈ സംരംഭം.

ചെന്നൈയില്‍ ടെറസ് ഗാര്‍ഡനിംഗില്‍ പ്രാഗല്‍ഭ്യം തെളിയിച്ച് മേഖലയിലെ മികച്ച മാതൃക ആയിരിക്കുന്ന ഇന്ദ്ര ടെറസ് ഗാര്‍ഡന് ബാലസുബ്രഹ്മണ്യന്‍, നടരാജന്‍ എന്നീ സുഹൃത്തുക്കളുടെ വര്‍ഷങ്ങളായുള്ള കഠിന പ്രയത്‌നത്തിന്റെ കഥയാണ് പറയാനുള്ളത്. വീടിനു മുകളില്‍ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് ഒരു ഓക്‌സിജന്‍ ചേംബര്‍ തന്നെ പ്രകൃതിക്കായി അണിയിച്ചൊരുക്കിയിരിക്കുകയാണ് ഇവര്‍.

പൂക്കളില്‍ നിന്നും പച്ചക്കറി കൃഷിയിലേക്ക്

സുഹൃത്തുക്കള്‍ ഇരുവര്‍ക്കും ഫാമിംഗിലും ഗാര്‍ഡനിംഗിലും ഉണ്ടായിരുന്ന അതിയായ താല്‍പര്യമാണ് അവരെ ഈ മേഖലയിലേക്ക് എത്തിച്ചത്. വിപണിയില്‍ ലഭ്യമായ പച്ചക്കറികളുടെ ഗുണനിലവാരവും മറ്റും അവരെ സ്വന്തമായി കൃഷി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു. തങ്ങളുടെ സംരംഭത്തിലൂടെ സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറികളുടെ ഗുണമേന്‍മ ആളുകളെ അറിയിക്കാനും ടെറസ് ഗാര്‍ഡനിംഗിന് പ്രോല്‍സാഹനം നല്‍കാനും ഉറച്ചാണ് അവര്‍ മേഖലയിലേക്ക് ചുവടുവെച്ചത്. അതോടെ ഇന്ദ്ര ടെറസ് ഗാര്‍ഡന് തിരശീല ഉയരുകയായിരുന്നു. അല്‍പ്പം സാവധാനത്തിലായിരുന്നു ഇന്ദ്രയുടെ വളര്‍ച്ചയെങ്കിലും ഒടുവില്‍ ഇരു സുഹൃത്തുക്കളും തങ്ങളുടെ സംരംഭത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ആ സുഹൃത്തുക്കളുടെ സ്വപ്‌നത്തിന് ഇന്നു പതിനഞ്ച് വയസ് പിന്നിട്ടിരിക്കുന്നു. വിവിധതരം പഴങ്ങളും പച്ചക്കറികളുമടക്കം മുന്നോറോളം ബാഗുകള്‍ നിറയെ പച്ചക്കറികളാണ് നിലവില്‍ ഇവിടെ നിന്നും വില്‍പ്പനയ്ക്കു തയാറാകുന്നത്.

തക്കാളി, വഴുതന, കാപ്‌സിക്കം, റാഡിഷ്, കോവയ്ക്ക, കത്തിരിക്ക തുടങ്ങി ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികള്‍ ഇന്ദ്ര ടെറസ് ഗാര്‍ഡനില്‍ കൃഷി ചെയ്യുന്നുണ്ട്. രാസവളങ്ങള്‍ ഒട്ടുതന്നെ പ്രയോഗിക്കാതെയാണ് ഇവിടെ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്

തമിഴ്‌നാട്ടില്‍ പൂക്കള്‍ക്ക് ഏറെ ഡിമാന്‍ഡ് ഉള്ളതുകൊണ്ടുതന്നെ സംരംഭത്തിന്റെ തുടക്കത്തില്‍ വിവിധയിനം പൂക്കളും ഇല വര്‍ഗത്തില്‍ പെട്ട പച്ചക്കറികളും മുളകുമായിരുന്നു കൃഷി ചെയ്തിരുന്നത്. പിന്നീട് ഇവര്‍ വിവിധതരം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു തുടങ്ങി. അങ്ങനെ ആദ്യമായി പച്ചക്കറികളില്‍ പരീക്ഷണം നടത്തിയത് തക്കാളി കൃഷിയാണ്. ഈ പുതിയ ഉദ്യമം വിജയകരമായതോടെ ഇന്ദ്ര ടെറസ് ഗാര്‍ഡനിലേക്ക് പുതിയ തരം പച്ചക്കറികളെ വിരുന്നുകാരായി എത്തിക്കാനായി തീരുമാനം. തക്കാളി വിളയിക്കാമെങ്കില്‍ മറ്റു പച്ചക്കറികള്‍ കൃഷി ചെയ്യാനും ബുദ്ധിമുട്ടില്ലെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് ഇരുവരും തയാറെടുത്തു. അക്കാലത്ത് ഇന്റര്‍നെറ്റും മറ്റും അത്ര പ്രചാരത്തില്‍ അല്ലാതിരുന്നതുകൊണ്ട് പുസ്തകങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലുള്ള കൃഷി സംബന്ധമായ ചില മാസികകളില്‍ നിന്നും വിവരശേഖരണം നടത്തി. ടെറസ് ഗാര്‍ഡനിംഗില്‍ പാലിക്കേണ്ട ഒട്ടുമിക്ക പ്രവര്‍ത്തന ശൈലികളും അവര്‍ ഇതുവഴി മനസിലാക്കിയാണ് കൂടുതല്‍ പച്ചക്കറികള്‍ ടെറസില്‍ കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്.

രാസവളമില്ലാതെ പ്രകൃതിദത്തമായ കൃഷിരീതി

ടെറസ് ഗാര്‍ഡനിംഗ് ലളിതമായ ഒന്നല്ല, നല്ല കഠിനപ്രയത്‌നം ഇതിനാവശ്യമാണെന്നാണ് ഇവരുടെ അഭിപ്രായം. ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നതും പരിപാലിക്കുന്നതും മാത്രമല്ല, മറ്റ് നിരവധി ചെറിയ കാര്യങ്ങള്‍ ഈ കൃഷി രീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബാലസുബ്രഹ്മണ്യന്‍ പറയുന്നു. ഇന്ന് ഇന്ദ്രയില്‍ വിളയുന്ന പച്ചക്കറികള്‍ മികച്ച ടെറസ് ഗാര്‍ഡനിംഗിന്റെ ഉത്തമ മാതൃകകളാണ്. തക്കാളി, വഴുതന, കാപ്‌സിക്കം, റാഡിഷ്, കോവയ്ക്ക, കത്തിരിക്ക തുടങ്ങി ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. രാസവളങ്ങള്‍ ഒട്ടുതന്നെ പ്രയോഗിക്കാതെയാണ് ഇവിടെ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പൂക്കളും ഇവിടെ കൃഷി ചെയ്യുന്നതിനാല്‍ ചിത്രശലഭങ്ങളും മറ്റും കൂടുതലായി എത്തുമെങ്കിലും പൂന്തോട്ടത്തിലേക്ക് പ്രത്യേകം തെരഞ്ഞെടുത്ത ചില ഔഷധ സസ്യങ്ങളുടെ സാന്നിധ്യത്തില്‍ ഇവ അകന്നു പോകാറുണ്ടെന്നും പച്ചക്കറികള്‍ക്ക് ദോഷകരമായ പ്രാണികളെയും ബാക്റ്റീരിയയേയും അകറ്റാന്‍ ഇവ സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ പറയുന്നു.

ഇന്ദ്ര ടെറസ് ഗാര്‍ഡനു പുറമെ ഈ സുഹൃത്തുക്കള്‍ക്ക് ടെറസ് ഗാര്‍ഡനിലേക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഷോപ്പും സ്വന്തമായുണ്ട്. കൃഷിക്ക് ആവശ്യമായ ജൈവവളങ്ങള്‍, ചാണകം, പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നതിനായുള്ള ഗ്രോ ബാഗുകള്‍, വേപ്പ് എണ്ണ, വേപ്പ് കേക്ക് എന്നിവയെല്ലാം ഇവിടെ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നു.

ടെറസ് കൃഷിയില്‍ ഇരു സുഹൃത്തുക്കളുടേയും കുടുംബത്തിന്റെ എല്ലാവിധ സഹായങ്ങളും ഇവര്‍ക്കുണ്ട്. കൃഷിയിലെ വിളവെടുപ്പിലും മറ്റും നടരാജന്‍ തന്റെ മക്കളെ കൂടി ഉള്‍പ്പെടുത്തും. പുതിയ തലമുറയ്ക്ക് കൃഷിയെ കുറിച്ചും മറ്റും ശരിയായ അവബോധം കുട്ടിക്കാലത്തു തന്നെ നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

തമിഴ്‌നാട്ടിലാകെ ടെറസ് ഗാര്‍ഡനിംഗിന് പ്രാധാന്യം നല്‍കി ആളുകള്‍ക്ക് ഈ കൃഷിരീതിക്കു വേണ്ട പ്രോല്‍സാഹനം നല്‍കുകയാണ് ഇന്ദ്ര സംരംഭകരുടെ ലക്ഷ്യം. നാം കഴിക്കേണ്ടത് നമ്മള്‍ തന്നെ വിളയിച്ചാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന ജീവിതം ഇതുതന്നെയാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു

ടെറസ് ഗാര്‍ഡനിംഗില്‍ വ്യാപക സാധ്യതകള്‍

ബാലസുബ്രഹ്മണ്യന്റെ അഭിപ്രായത്തില്‍ ചെന്നൈയില്‍ ടെറസ് ഗാര്‍ഡനിംഗിന് വ്യാപകമായ സാധ്യതകളാണ് ഉള്ളത്. ” എന്റെ സ്ട്രീറ്റില്‍ തന്നെ പതിനഞ്ചോളം വീടുകളുണ്ട്. ഓരോ വീടും 600 മുതല്‍ 1000 ചതുരശ്രയടിയില്‍ വരെ നിര്‍മിക്കപ്പെട്ടവയാണ്. ഇവിടെയുള്ള ഓരോ വീടും ടെറസ് ഗാര്‍ഡനിംഗിലേക്ക് കടന്നാല്‍ 2500 ചതുരശ്രയടി ഏരിയ ടെറസ് ഗാര്‍ഡനിംഗിനായി കൃഷിയോഗ്യമാക്കാന്‍ സാധിക്കും”, ബാലസുബ്രഹ്മണ്യന്‍ പറയുന്നു.

തമിഴ്‌നാട്ടിലാകെ ടെറസ് ഗാര്‍ഡനിംഗിന് പ്രാധാന്യം നല്‍കി ആളുകള്‍ക്ക് ഈ കൃഷി രീതിക്കു വേണ്ട പ്രോല്‍സാഹനം നല്‍കുകയാണ് ഇരുവരുടേയും ലക്ഷ്യം. നാം കഴിക്കേണ്ടത് നമ്മള്‍ തന്നെ വിളയിച്ചാല്‍ ഏറ്റവും സ്ഥിരതയാര്‍ന്ന ജീവിതം ഇതുതന്നെയാണെന്നും ഈ സംരംഭകര്‍ അഭിപ്രായപ്പെടുന്നു. മാലിന്യങ്ങളും രാസവസ്തുക്കളും കലരാതെ വിഷമില്ലാത്ത പച്ചക്കറികള്‍ വിശ്വാസയോഗ്യമായി കഴിക്കാന്‍ ഇത്തരം കൃഷിരീതി സഹായിക്കുമെന്നും നടരാജന്‍ ചൂണ്ടിക്കാണിക്കുന്നു.

ടെറസ് ഗാര്‍ഡനിംഗില്‍ അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. ” ഏറെ ക്ഷമ പ്രകടിപ്പിക്കേണ്ട രംഗമാണിത്. ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തയാറാവുകയും വേണം. തോല്‍വികളില്‍ പിന്തിരിയാതെ മുന്നോട്ടു പോയാലെ വിജയം കൈവരിക്കാനാകൂ”, നടരാജന്‍ പറയുന്നു. ചെന്നൈയിലെ കാലാവസ്ഥ വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ് എന്നിരുന്നാലും അവിടെ കൃഷി ചെയ്തു വിജയം വരിക്കുന്നവരുടെ എണ്ണം നൂറ്റാണ്ടുകളായി തുടരുകയാണ്. കെട്ടിടങ്ങള്‍ കൂടുന്തോറും കൃഷിസ്ഥലങ്ങള്‍ കുറയുന്നതിനാല്‍ ടെറസ് ഗാര്‍ഡന് വ്യാപകമായ സാധ്യതയുണ്ടെന്നും ഈ സംരംഭകര്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special, Slider