ഓണ്‍ലൈന്‍ നിയമനങ്ങള്‍ 16% വര്‍ധിച്ചു

ഓണ്‍ലൈന്‍ നിയമനങ്ങള്‍ 16% വര്‍ധിച്ചു

ബാങ്കിംഗ്/ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) എന്നിവയിലെ നിയമന ആവശ്യകതയില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി-ഫെബ്രുവരി കാലയളവില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴിയുള്ള നിയമന പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയത് 16 ശതമാനം വാര്‍ഷിക വര്‍ധന. മോണ്‍സ്റ്റര്‍ തൊഴില്‍ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എംപ്ലോയ്‌മെന്റ് വെബ്‌സൈറ്റാണ് മോണ്‍സ്റ്റര്‍.

തൊഴില്‍ ശേഷി കൂടുതല്‍ ആവശ്യമുള്ള മേഖലകളില്‍ ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലേക്കുള്ള ഇ-റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളിലാണ് ജനുവരി-ഫെബ്രുവരി കാലയളവില്‍ ഏറ്റവും കൂടുതല്‍ വര്‍ധന (59%) രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവില്‍ ഈ മേഖലകളിലേക്കുള്ള ഓണ്‍ലൈന്‍ നിയമനങ്ങള്‍ 11 ശതമാനം വര്‍ധിച്ചു. 2015 ഡിസംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഏറ്റവും സജീവമായ പ്രകടനം നടത്തുന്ന വ്യാവസായിക മേഖലകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മോണ്‍സ്റ്റര്‍ സൂചിക വ്യക്തമാക്കുന്നുണ്ട്. ഹോം അപ്ലയന്‍സസ് വിഭാഗത്തിലും ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലേതിന് ഒപ്പം നില്‍ക്കുന്ന വളര്‍ച്ച പ്രകടമായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതാദ്യമായി ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ വേഗം കുറഞ്ഞിട്ടുണ്ടെന്ന് മോണ്‍സ്റ്റര്‍ പറയുന്നു.

ബാങ്കിംഗ്/ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) എന്നിവയിലെ നിയമന ആവശ്യകതയില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അതേസമയം റീട്ടെയ്ല്‍ വിഭാഗത്തിലേക്കുള്ള ഓണ്‍ലൈന്‍ നിയമനങ്ങള്‍ ഫെബ്രുവരിയില്‍ വര്‍ധിച്ചു. 24 ശതമാനത്തിന്റെ പ്രതിമാസ വര്‍ധനയാണ് റീട്ടെയ്ല്‍ മേഖലയിലേക്കുള്ള ഇ-റീക്രൂട്ട്‌മെന്റിലുണ്ടായത്.

റീട്ടെയ്ല്‍ മേഖലയിലെ നിയമനങ്ങളില്‍ മൂന്ന് മാസത്തിനു ശേഷമാണ് പുരോഗതി നിരീക്ഷിക്കുന്നതെന്ന് മോണ്‍സ്റ്റര്‍ ഡോട്ട് കോം സിഇഒ അഭിജിത്ത് മുഖര്‍ജി പറഞ്ഞു. ഐടി ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ തലത്തിലാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. രാജ്യത്തെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റുകളില്‍ തുടര്‍ന്നും പുരോഗതി നിരീക്ഷിക്കാനാകുമെന്നാണ് മോണ്‍സ്റ്റര്‍ പറയുന്നത്.

Comments

comments

Categories: Business & Economy