എണ്ണ വിട്ട് ആണവത്തിലേക്ക് സൗദി അറേബ്യ

എണ്ണ വിട്ട് ആണവത്തിലേക്ക് സൗദി അറേബ്യ

ദമാം : ആഗോള തലത്തില്‍ പ്രകൃതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ ഇന്ധനങ്ങളുടെ സാധ്യത വര്‍ധിക്കുകയും പെട്രോളിയത്തിന് പകരമുള്ള ഈര്‍ജസ്രോതസുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സജീവമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സൗദി അറേബ്യയും വഴിമാറി നടക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പെട്രോളിയത്തിന്റെ ഉപയോഗം കുറച്ച് ആണവോര്‍ജത്തിലേക്ക് ചുവടുമാറാനാണ് പദ്ധതി. സമാധാനപരമായ ആണവോര്‍ജം ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ആണവ നയത്തിന് സൗദി മന്ത്രിസഭ അനുമതി നല്‍കി. പെട്രോളിയത്തിന്‍ മേലുള്ള അമിത ആശ്രയത്വം കുറക്കാനാണ് തീരുമാനം. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമാണ് സൗദി അറേബ്യ.

1.2 ജിഗാവാട്ടും 1.6 ജിഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രണ്ട് ആണവ റിയാക്ടറുകളാണ് ആദ്യം സ്ഥാപിക്കുക. 80 ബില്യണ്‍ ഡോളര്‍ ചെലവില്‍ അടുത്ത ഇരുപത് വര്‍ഷം കൊണ്ട് 16 ആണവോര്‍ജ്ജ നിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണകൂടം പദ്ധിതിയിട്ടിരിക്കുന്നു. 2040ഓടെ ഉര്‍ജോപയോഗത്തിന്റെ 10 ശതമാനവും ആണവോര്‍ജ്ജത്തില്‍ നിന്നാക്കാനാണ് ലക്ഷ്യം. ചൈന, യുഎസ്, ദക്ഷിണ കൊറിയ, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കമ്പനികളാണ് ആണവനിലയങ്ങളുടെ കരാര്‍ നേടാന്‍ രംഗത്തുള്ളത്.

അമേരിക്കന്‍ സഖ്യരാഷ്ട്രമായ സൗദിയുടെ ബദ്ധശത്രുവായ ഇറാന്റെ ആണവ പദ്ധതി എതിര്‍പ്പുകള്‍ക്കിടയിലും രഹസ്യമായി മുന്നോട്ടു പോകുന്നുണ്ട്. വിനാശകരമായ ആണവായുധങ്ങള്‍ ഇറാന്‍ സ്വായത്തമായേക്കുമെന്ന ആശങ്കയാണ് നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ പങ്കുവെക്കുന്നത്. ആണവ മേഖലയിലേക്കുള്ള സൗദിയുടെ ചുവടുവെയ്പും സംശയത്തോടെ നിരീക്ഷിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

Comments

comments