ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പ്രവാസി മലയാളി വ്യവസായികള്‍

ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ പ്രവാസി മലയാളി വ്യവസായികള്‍

തിരുവനന്തപുരം: ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി ആരംഭിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഷാര്‍ജയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജേതാക്കളായ കേരള കിംഗ്‌സ് ഉടമകളുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ടി10 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാവിയില്‍ യുഎഇ ക്രിക്കറ്റ് അക്കാദമിയില്‍ അംഗത്വം നല്‍കുന്നതിനെക്കുറിച്ചും മുല്‍ക് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും കേരള കിംഗ്‌സിന്റെ സഹ ഉടമയുമായ ഡോ. നവാബ് ഷാഫി ഉല്‍ മുല്‍ക് വിശദീകരിച്ചു. പ്രശസ്തരായ പരിശീലകരുടെ ശിക്ഷണത്തില്‍ യുവ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ് ടി10 അക്കാദമിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ വഴി കളിക്കാര്‍ക്ക് അവരുടെ സംസ്ഥാനത്തെയും രാജ്യത്തേയും അന്താരാഷ്ട്ര തലത്തില്‍ അറിയിക്കുന്നതിനുള്ള അവസരം ലഭിക്കുമെന്നും ഇതിന് പുറമെ ആകര്‍ഷകമായ പ്രതിഫലവും ആനുകൂല്യങ്ങളും ഇവര്‍ക്ക് നേടാനാകുമെന്നും കേരള കിംഗ്‌സിന്റെ മറ്റൊരു സഹ ഉടമയായ ഹുസൈന്‍ ആദം അലി അറിയിച്ചു. രണ്ട് മില്യണ്‍ മുതല്‍ അഞ്ച് മില്യണ്‍ വരെയാണ് കളിക്കാര്‍ക്കായി മുടക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് ഇവരുടെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് പ്രാപ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കിംഗ്‌സ് ടി10ന് പ്രധാനമായും പിന്തുണ നല്‍കുന്നത് പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലാണ്. ഹൈദരാബാദില്‍ നടന്ന മൂന്നാം ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിലായിരുന്നു ടി10 ക്രിക്കറ്റ് ലീഗ് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.

Comments

comments

Categories: Sports