ഭാവി ഭാസുരം! 2019ലും ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് ലോകബാങ്ക്; ജിഡിപി 7.3 ശതമാനം വളരും

ഭാവി ഭാസുരം! 2019ലും ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് ലോകബാങ്ക്; ജിഡിപി 7.3 ശതമാനം വളരും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019ലും നിക്ഷേപകര്‍ക്ക് ‘വിശ്വാസ്യ’മായി തുടരുമെന്ന് ലോകബാങ്ക്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 7.3 ശതമാനം വളരുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. നിക്ഷേപങ്ങളിലും കയറ്റുമതിയിലുമുള്ള വര്‍ധനയും ആഭ്യന്തര ഉപയോഗം കൂടുന്നതുമാണ് സമ്പദ് വ്യവസ്ഥക്ക് ഊര്‍ജമാവുക. 2019-2020 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.5 ശതമാനത്തിലേക്ക് ഉയരുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ വളര്‍ച്ച 6.7 ശതമാനം ആയിരിക്കുമെന്നാണ് അനുമാനം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും സ്ഥിരത പുലര്‍ത്തിയ സമ്പദ് വ്യവസ്ഥയായും ഇന്ത്യയെ ലോകബാങ്ക് അവതരിപ്പിക്കുന്നുണ്ട്. ശരാശരി 7 ശതമാനമായിരുന്നു ഇക്കാലയളവിലെ വളര്‍ച്ചാ നിരക്ക്. നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെ തുടക്കത്തിലുണ്ടായ തടസങ്ങളുടെയും ഫലമായി സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ഇടിവ് താല്‍കാലികം മാത്രമായിരുന്നെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സേവനങ്ങള്‍ , വ്യവസായ മേഖല, കൃഷി എന്നിവ വരും വര്‍ഷങ്ങളില്‍ സ്ഥിരമായ വളര്‍ച്ച കൈവരിക്കും. അതേസമയം 8 ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യ കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ‘ഇന്ത്യ ഡെവലപ്‌മെന്റ് അപ്‌ഡേറ്റ്’ റിപ്പോര്‍ട്ടില്‍ ലോകബാങ്ക് ഉപദേശിക്കുന്നു.

 

Comments

comments