ഇന്ത്യന്‍ നഗരങ്ങളില്‍ പാര്‍പ്പാക്കാം; ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകനഗരങ്ങളുടെ തലപ്പത്ത് ഡെല്‍ഹിയും ചെന്നൈയും ബംഗലൂരുവും; സിംഗപ്പൂര്‍ ലോകത്തെ ചെലവേറിയ നഗരം

ഇന്ത്യന്‍ നഗരങ്ങളില്‍ പാര്‍പ്പാക്കാം; ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകനഗരങ്ങളുടെ തലപ്പത്ത് ഡെല്‍ഹിയും ചെന്നൈയും ബംഗലൂരുവും; സിംഗപ്പൂര്‍ ലോകത്തെ ചെലവേറിയ നഗരം

ന്യൂഡെല്‍ഹി : ഇന്ത്യയും പാകിസ്ഥാനുമടക്കം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറവാണെന്ന് റിപ്പോര്‍ട്ട്. ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ ‘ആഗോള ജീവിതച്ചെലവ്-2018’ സര്‍വേയിലാണ് ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹിയും ചെന്നൈയും ഐടി ഹബ്ബായ ബംഗലൂരുവും ആദ്യ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്. മറ്റ് ലോകനഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പണത്തിന് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നത് ഈ നഗരങ്ങളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കണക്കുകള്‍ പ്രകാരം ലോകത്തെ അഞ്ചാമത്തെ ജീവിതച്ചെലവ് കുറഞ്ഞ നഗരമാണ് ബംഗലൂരു. ചെന്നൈ എട്ടാമതും തലസ്ഥാന നഗരമായ ഡെല്‍ഹി പത്താം സ്ഥാനത്തുമുണ്ട്.

ലോകത്തെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസാണ്. വെനസ്വേലയുടെ തലസ്ഥാനമായ കരാക്കസും കസാഖ്സ്ഥാനിലെ വ്യാപാര നഗരമായ അല്‍മാട്ടിയും ജീവിതച്ചെലവില്‍ ഡമാസ്‌കസിന് തൊട്ടു മുകളിലുണ്ട്. പാകിസ്ഥാന്‍ നഗരമായ കറാച്ചിയാണ് ആറാമത്.

അതേസമയം ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിംഗപ്പൂരാണ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സിംഗപ്പൂര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. രണ്ടാമത് ഫ്രഞ്ച് നഗരമായ പാരീസും മൂന്നും നാലും സ്ഥാനങ്ങളില്‍ സൂറിച്ചും ഹോങ്കോങ്ങും ഇടം പിടിച്ചു. ആഹാരവും വസ്ത്രവും മുതല്‍ വീട്ടു വേലക്കാര്‍ക്ക് ചെലവിടുന്ന തുക വരെ 160 സേവനങ്ങളുടെയും സാധനങ്ങളുടെയും ചെലവ് കണക്കാക്കിയാണ് ലോക നഗരങ്ങളെ തരം തിരിക്കുന്നത്.

Comments

comments