റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ ഡീലര്‍ഷിപ്പ് തുറന്നു

റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ ഡീലര്‍ഷിപ്പ് തുറന്നു

ലാറ്റിന്‍ അമേരിക്കയിലെ മൂന്നാമത്തെ രാജ്യം ; നാല് മോഡലുകള്‍ വില്‍ക്കും

ന്യൂഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡ് അര്‍ജന്റീനയില്‍ പ്രവേശിച്ചു. ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയാണ് അര്‍ജന്റീന. ബ്യൂണസ് അയേഴ്‌സിലാണ് കമ്പനി ആദ്യ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ തുറന്നിരിക്കുന്നത്. ആഫ്റ്റര്‍സെയില്‍സ്, സ്‌പെയറുകള്‍, സര്‍വീസ് തുടങ്ങി പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.

അര്‍ജന്റീനയിലെ ഡീലര്‍ പാര്‍ട്ണറായി ഗ്രുപ്പോ സിംപയെ റോയല്‍ എന്‍ഫീല്‍ഡ് നിയമിച്ചു. വിപണിയിലെ എല്ലാ സംഭവവികാസങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും മാര്‍ക്കറ്റിംഗ്, ആഫ്റ്റര്‍സെയില്‍സ് കാര്യങ്ങളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. ബ്രസീല്‍, കൊളംബിയ എന്നീ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇതിനുമുമ്പ് എക്‌സ്‌ക്ലുസീവ് സ്‌റ്റോര്‍ ആരംഭിച്ചത്. അര്‍ജന്റീന മൂന്നാമത്തെ രാജ്യമാണ്. ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റല്‍ ജിടി 535 കഫേ റേസര്‍, ഹിമാലയന്‍ അഡ്വഞ്ചര്‍ ടൂറര്‍ എന്നീ നാല് മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തല്‍ക്കാലം അര്‍ജന്റീനയില്‍ വില്‍ക്കും.

ലാറ്റിന്‍ അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്ന് പ്രധാന വിപണികളാണ് ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ എന്നിവ. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ 790 ഡീലര്‍ഷിപ്പുകളാണ് ഉള്ളത്. അമ്പതിലധികം രാജ്യങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കും. മില്‍വൗക്കീ, ലണ്ടന്‍, പാരീസ്, മാഡ്രിഡ്, ബാഴ്‌സലോണ, മെല്‍ബണ്‍, സാവോ പോളോ, ബൊഗോട്ട, മെഡല്ലിന്‍, ദുബായ്, ബാങ്കോക്ക്, ജക്കാര്‍ത്ത, മനില, ഹോ ചി മിന്‍ സിറ്റി എന്നിവിടങ്ങളിലായി 540 ലധികം ഡീലര്‍ഷിപ്പുകളും 36 എക്‌സ്‌ക്ലുസീവ് ബ്രാന്‍ഡ് സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു.

ലാറ്റിന്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയാണ് അര്‍ജന്റീന. ബ്യൂണസ് അയേഴ്‌സിലാണ് കമ്പനി ആദ്യഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ തുറന്നത്

2016-17 സാമ്പത്തിക വര്‍ഷം ആഗോളതലത്തില്‍ ആകെ 6.60 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റത്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനശേഷി 9 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളായി വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

Comments

comments

Categories: Auto