മാരുതി സുസുകി കാറുകള്‍ക്ക് 6 സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കും

മാരുതി സുസുകി കാറുകള്‍ക്ക് 6 സ്പീഡ് ഗിയര്‍ബോക്‌സ് ലഭിക്കും

മെച്ചപ്പെട്ട ഇന്ധനക്ഷമതയും പെര്‍ഫോമന്‍സും പ്രതീക്ഷിക്കാം

ന്യൂഡെല്‍ഹി : സ്വന്തം പ്രതിച്ഛായ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് മാരുതി സുസുകി. സിയാസ് പോലുള്ള കാറുകളും നെക്‌സ, അരീന ഡീലര്‍ഷിപ്പ് ശൃംഖലകളും തുറന്ന് പ്രീമിയം ബ്രാന്‍ഡ് എന്ന നിലയിലേക്ക് വളരുമ്പോഴും മാരുതി സുസുകിയില്‍ ഒരു പോരായ്മ കാണാമായിരുന്നു. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കുന്നില്ല എന്ന പേരുദോഷം മാരുതി ഇനി കേള്‍പ്പിക്കില്ല. ഗിയര്‍ ഒന്നുമാറ്റി ഇപ്പോഴത്തെ കുതിപ്പിന് വേഗം കൂട്ടാന്‍ മാരുതി സുസുകി തീരുമാനിച്ചുകഴിഞ്ഞു.

നിലവില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും 5 സ്പീഡ് ട്രാന്‍സ്മിഷനാണ് മാരുതി സുസുകി നല്‍കിവരുന്നത്. എന്നാല്‍ ഇനി അങ്ങനെയാവില്ല. ഈ വര്‍ഷം മുതല്‍ മാരുതി സുസുകി കാറുകളില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കിത്തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എതിരാളികളായ ഹ്യുണ്ടായ് എലൈറ്റ് ഐ20, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ കാറുകള്‍ 6 സ്പീഡ് ട്രാന്‍സ്മിഷനിലാണ് വരുന്നത്. മാരുതി സുസുകിക്ക് മാറിചിന്തിക്കാതെ നിവൃത്തിയില്ലെന്നായി.

നിലവില്‍ മാരുതി സുസുകി ഓള്‍ട്ടോ മുതല്‍ സിയാസ് വരെയുള്ള എല്ലാ കാറുകളിലും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കുന്നത്. എംഎഫ്30 എന്ന കോഡ്‌നാമം നല്‍കിയ 6 സ്പീഡ് ഗിയര്‍ബോക്‌സ് അധികം വൈകാതെ കാറുകളില്‍ നല്‍കിത്തുടങ്ങും. മാരുതി സുസുകി കാറുകളുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് തീരുമാനം സഹായിക്കും.

ഘട്ടംഘട്ടമായി 6 സ്പീഡ് ട്രാന്‍സ്മിഷന്‍ നല്‍കുന്ന കാര്യമാണ് മാരുതി ആലോചിക്കുന്നത്. ഈ വര്‍ഷം 50,000 യൂണിറ്റ് 6 സ്പീഡ് ട്രാന്‍സ്മിഷന്‍ വേണമെങ്കില്‍ 2020 ഓടെ പ്രതിവര്‍ഷം നാല് ലക്ഷം യൂണിറ്റ് 6 സ്പീഡ് ഗിയര്‍ബോക്‌സ് ആവശ്യമായി വരും. ഈയിടെ പുറത്തിറക്കിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിലായിരിക്കും ആദ്യം 6 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കുന്നത്. ഇന്ധനക്ഷമതയും പവര്‍ ഡെലിവറിയും വര്‍ധിപ്പിക്കുന്നതിന് അധിക ഗിയര്‍ സഹായിക്കും.

ഈയിടെ പുറത്തിറക്കിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിലായിരിക്കും ആദ്യം 6 സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കുന്നത്

മാരുതി സുസുകിയുടെ ഏതെങ്കിലുമൊരു കാര്‍ ഇതാദ്യമായല്ല 6 സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ വന്ന മുന്‍ തലമുറ എസ്-ക്രോസ് 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ എസ്-ക്രോസില്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ചേര്‍ത്തുവെച്ചത്.

Comments

comments

Categories: Auto