വിഴിഞ്ഞം; രൂക്ഷ വിമര്‍ശനങ്ങളുമായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍

വിഴിഞ്ഞം; രൂക്ഷ വിമര്‍ശനങ്ങളുമായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ വിലയിരുത്തിയതില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍. സിഎജിയെ നോട്ടീസ് നല്കി വിളിച്ചുവരുത്തുന്നതിന്റെ സാധ്യതകളെ പരിശോധിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ കണ്ടെത്തിയ മുഴുവന്‍ കാര്യങ്ങളും തുറന്ന് പറഞ്ഞാല്‍ സിഎജിയുടെ വിശ്വാസ്യത തന്നെ ഇല്ലാതാവുമെന്നും കമ്മിഷന്‍ തുറന്നടിച്ചു.

ഈ മാസം 16 മുതല്‍ 19 വരെയും 23 മുതല്‍ 26 വരെയും തീയതികളിലായി ഇതുസംബന്ധിച്ച സിറ്റിംഗ് നടത്തപ്പെടും. ഇതിന് മുമ്പ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിഗണനാ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ കാലതാമസമുണ്ടാക്കുന്ന സര്‍ക്കാര്‍ നടപടിയെയും ശക്തമായ ഭാഷയില്‍ കമ്മിഷന്‍ വിമര്‍ശിച്ചു. ഇതിന് പുറമെ വിഴിഞ്ഞം പദ്ധതിയെ വിമര്‍ശിച്ച് മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതിയ തുളസീധരന്‍ പിള്ളയെ ഓഡിറ്റ് സംഘത്തില്‍ ഏര്‍പ്പെടുത്തിയ നടപടിയിലും കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി. ശ്രീധരന്‍പിള്ളയുടെ മുന്‍വിധികളും കണക്കുകളും ഓഡിറ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് മുന്‍ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ആരോപിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഈടുവെക്കാന്‍ അവകാശം നല്കിയതും 30 ശതമാനം ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും കേന്ദ്ര ആസൂത്രണ കമ്മിഷന്റെ മാതൃക കരാര്‍ അടിസ്ഥാനമാക്കിയായിരുന്നു. കേന്ദ്രത്തിന്റെ മാതൃകാ കരാറിനെ ഒരിടത്തും സിഎജി വിമര്‍ശിച്ചിട്ടില്ല. അതേസമയം അതിലെ വ്യവസ്ഥകളെ വിമര്‍ശിക്കുന്നത് കേന്ദ്രത്തിനെതിരെയുള്ള റിപ്പോര്‍ട്ടാക്കി ഇതിനെ മാറ്റുമെന്നും കമ്മിഷന്‍ പറഞ്ഞു. ഇതിനിടെ കരാര്‍ വ്യവസ്ഥകള്‍ പലയിടത്തും തെറ്റിച്ചാണ് നല്കിയിരിക്കുന്നതും. ഒരുതരത്തിലും യോജിക്കാനാവാത്ത കണക്കുകളാണ് പലയിടത്തും നിരത്തിയിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ടിന്റെ സാധുത പരിശോധിക്കണമെങ്കില്‍ ആദ്യം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തത വരണമെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.

Comments

comments

Categories: FK News