ഇന്ത്യന്‍ വെല്‍സ് ടെന്നീസ്: ഇന്ത്യയുടെ യുകി ഭാംബ്രി തോറ്റ് പുറത്ത്

ഇന്ത്യന്‍ വെല്‍സ് ടെന്നീസ്: ഇന്ത്യയുടെ യുകി ഭാംബ്രി തോറ്റ് പുറത്ത്

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യയുടെ യുകി ഭാംബ്രി അമേരിക്കന്‍ താരമായ സാം ക്യുറേയോട് തോറ്റ് പുറത്തായി. രണ്ട് മണിക്കൂറും 22 മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ഭാംബ്രി മൂന്ന് സെറ്റുകള്‍ക്കൊടുവില്‍ 7-6, 4-6, 4-6 സ്‌കോറുകള്‍ക്കാണ് പതിനെട്ടാം സീഡ് കൂടിയായ ആതിഥേയ താരത്തിന് മുന്നില്‍ കീഴടങ്ങിയത്. ലോക റാങ്കിംഗില്‍ 12-ാം സ്ഥാനക്കാരനായ ലൂക്കാസ് പൗളിയെ അട്ടിമറിച്ചായിരുന്നു ഇന്ത്യന്‍ താരം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തിയത്. യുകി ഭാംബ്രിയുടെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.

അമേരിക്കന്‍ താരം ജാക്ക് സോകും സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസും തമ്മിലുള്ള മത്സരത്തിലെ ജേതാവുമായിട്ടാകും അടുത്ത റൗണ്ടില്‍ സാം ക്യുറേയുടെ മത്സരം. ഇന്ത്യന്‍ വെല്‍സ് മൂന്നാം റൗണ്ടിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ സ്‌പെയിനില്‍ നിന്നുള്ള ഡേവിഡ് ഫെററെ പരാജയപ്പെടുത്തി നാലാം റൗണ്ടിലേക്ക് മുന്നേറി.

 

Comments

comments

Categories: Sports