ഉത്തര്‍പ്രദേശില്‍ ‘ബുവ-ഭതീജാ സിന്ദാബാദ്’ വിളിച്ച് അണികള്‍; അഖിലേഷിനും മായാവതിക്കും അഭിനന്ദന പ്രവാഹം; ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിക്ക് ചിന്തിക്കാനേറെ

ഉത്തര്‍പ്രദേശില്‍ ‘ബുവ-ഭതീജാ സിന്ദാബാദ്’ വിളിച്ച് അണികള്‍; അഖിലേഷിനും മായാവതിക്കും അഭിനന്ദന പ്രവാഹം; ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിക്ക് ചിന്തിക്കാനേറെ

ലക്‌നൗ : ഉത്തര്‍പ്രദേില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു നിന്ന് ബിജെപിയെ അട്ടിമറിച്ച സമാജ്വാദി പാര്‍ട്ടി-ബിഎസ്പി കൂട്ടുകെട്ടിന് പ്രതിപക്ഷ കക്ഷികളുടെ അഭിനന്ദന പ്രവാഹം. ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ക്രോധം അവര്‍ വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിലൂടെ വ്യക്തമാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മഹത്തായ വിജയമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്റിറില്‍ കുറിച്ചത്. ഒടുക്കത്തിന്റെ (ബിജെപിയുടെ) തുടക്കമായെന്നും മായാവതിയെും അഖിലേഷിനെയും അഭിനന്ദിക്കുന്ന ട്വീറ്റില്‍ അവര്‍ എഴുതി. ലക്‌നൗവിലടക്കം വിവിധ സ്ഥലങ്ങളില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരും ബിഎസ്പി പ്രവര്‍ത്തകരും ആഹ്‌ളാദ പ്രകടനം നടത്തി. ബുവ-ഭതീജാ സിന്ദാബാദെന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. ബുവ (അമ്മായി)യായി മായാവതിയെും ഭതീജയായി (അനന്തരവന്‍) അഖിലേഷിനെയും സൂചിപ്പിച്ചായിരുന്നു ഇത്. ബിഎസ്പി അധ്യക്ഷ മായാവതിയെ സന്ദര്‍ശിച്ച് എസ്പി നേതാവായ രാം ഗോവിന്ദ് ചൗധരി പിന്തുണക്ക് നന്ദി പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കെതിരായി വിശാല സഖ്യം രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്ക് ആവേശം പകരുന്നതാണ് വിജയം.

ഉത്തര്‍പ്രദേില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ നാമാവശേഷമാക്കിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ പരാജയം. യാദവ-ന്യൂനപക്ഷ വോട്ട് ബാങ്ക് കൈവശമുളള എസ്പിയും ദലിത് വോട്ട്ബാങ്ക് കൈവശം വെക്കുന്ന ബിഎസ്പിയും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ ബിജെപിയുടെ കൈയില്‍ തത്കാലം ആയുധങ്ങളില്ലെന്ന് കനത്ത തോല്‍വി വ്യക്തമാക്കുന്നു.

പരാജയം വിലയിരുത്തുമെന്നും എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെ രാഷ്ട്രീയമായി എങ്ങനെ നേരിടാമെന്ന് ആലോചിക്കുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. ഡല്‍ഹിയില്‍ 2019ല്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിനെയും ആശങ്കപ്പെടുത്തുന്നതാണ് ജനവിധി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 72 സീറ്റുകള്‍ നല്‍കിയ യുപിയാണ് മോദി സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിന് ചവിട്ടുപടിയായത്. യുപിയില്‍ വന്‍തോതില്‍ സീറ്റുകള്‍ കുറഞ്ഞാല്‍ 2019ല്‍ ഒറ്റക്ക് ഭൂരിപക്ഷം നേടുക അസംഭവ്യമാകും. എസ്പി-ബിഎസ്പി കൂട്ടുകെട്ടിനെതിരായി ബിജെപിയുടെ രാഷ്ട്രീയ ചാണക്യനായ അമിത് ഷാ ഇനി എന്ത് മറുതന്ത്രമാകും രൂപപ്പെടുത്തുകയെന്ന് കാത്തിരുന്ന് കാണണം.

 

Comments

comments

Categories: FK News, Slider