2018 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി വിപണിയില്‍

2018 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി വിപണിയില്‍

എക്‌സ് ഷോറൂം വില 81,490 രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പുറത്തിറക്കി. 2005 ല്‍ ഈ ബൈക്ക് പുറത്തിറക്കിയതോടെയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ ഫാമിലി ആരംഭിക്കുന്നത്. പുതു തലമുറ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. കാര്‍ബുറേറ്റഡ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 81,490 രൂപയും കാര്‍ബുറേറ്റഡ് ഡബിള്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 84,490 രൂപയും ഇഎഫ്‌ഐ (ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 89,990 രൂപയുമാണ് എക്‌സ് ഷോറൂം വില. ബൈക്ക് ഈയാഴ്ച്ച ഡെലിവറി ചെയ്തു തുടങ്ങും.

പുതിയ സ്റ്റൈലിംഗ്, പുതിയ ഡിസൈന്‍, പുതിയ സസ്‌പെന്‍ഷന്‍, പുതിയ ഷാസി എന്നിവയോടെ പൂര്‍ണ്ണമായും പുതിയ 4 വാല്‍വ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് 2018 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ എന്‍ജിന്‍ കാര്യമായി അപ്‌ഡേറ്റ് ചെയ്തു. ടിവിഎസ് റേസിംഗ് സംബന്ധിച്ച 35 വര്‍ഷത്തെ അനുഭവസമ്പത്ത് പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി യില്‍ കാണാം. ഇന്ത്യയില്‍ 160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ സ്‌പോര്‍ടി മോഡലായിരിക്കും ഈ ബൈക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ജ്യേഷ്ഠ സഹോദരനായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ ഡിസൈന്‍. ടിവിഎസ്സിന്റെ ഡ്രാക്കണ്‍ കണ്‍സെപ്റ്റിന് സമാനമാണ് സ്റ്റൈലിംഗ്. ഷാര്‍പ്പ് ഡിസൈന്‍ ഭാഷയിലാണ് 2018 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നിര്‍മ്മിച്ചിരിക്കുന്നത്. എഡ്ജി ടാങ്ക് ഷ്രൗഡുകള്‍, പുതിയ ഇന്‍സ്ട്രുമെന്റ് പാനല്‍, പുതിയ എല്‍ഇഡി ലൈറ്റുകള്‍, പരിഷ്‌കരിച്ച ഷോവ സസ്‌പെന്‍ഷന്‍, ഷാസി എന്നിവ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി പൂര്‍ണ്ണമായും പുതിയ മോഡലാണെന്ന് തോന്നിപ്പിക്കുന്നതാണ്.

പിന്നിലെ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ ഉപേക്ഷിച്ച് മോണോഷോക്ക് സ്വീകരിച്ചിരിക്കുന്നു. അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയില്‍ കാണുന്ന ‘ഡബിള്‍ ബാരല്‍’ സ്‌റ്റൈല്‍ എക്‌സ്‌ഹോസ്റ്റ് മഫഌറാണ് മറ്റൊരു സവിശേഷത. റോഡിനും ഓഫ്-റോഡിനുമായി രണ്ട് ടയര്‍ ഓപ്ഷനുകള്‍ ലഭിക്കും. ആര്‍ആര്‍ റെഡ്, റേസിംഗ് ബ്ലൂ, റേസിംഗ് ബ്ലാക്ക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

159 സിസി എസ്‌ഐ (സ്പാര്‍ക് ഇഗ്നിഷന്‍), 4 സ്‌ട്രോക്ക്, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഇഎഫ്‌ഐ വേരിയന്റില്‍ 16 ബിഎച്ച്പി കരുത്തും 14.8 എന്‍എം ടോര്‍ക്കും കാര്‍ബുറേറ്റഡ് വേരിയന്റില്‍ 16.2 ബിഎച്ച്പി കരുത്തും പുറപ്പെടുവിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് ഇഎഫ്‌ഐ വേരിയന്റിന് 4.80 സെക്കന്‍ഡ് മതി. എന്നാല്‍ കാര്‍ബുറേറ്റഡ് വേരിയന്റിന് 4.73 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 113 കിലോമീറ്റര്‍, 114 കിലോമീറ്റര്‍ എന്നിങ്ങനെയാണ് യഥാക്രമം കാര്‍ബുറേറ്റഡ്, ഇഎഫ്‌ഐ വേരിയന്റുകളുടെ ടോപ് സ്പീഡ്.

1050 എംഎം ഉയരം, 2050 എംഎം നീളം, 790 എംഎം വീതി എന്നിവയാണ് അഴകളവുകള്‍. 1357 മില്ലി മീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം. ഡ്രം വേരിയന്റിന് 143 കിലോഗ്രാം, ഡിസ്‌ക് വേരിയന്റിന് 145 കിലോഗ്രാം എന്നിങ്ങനെയാണ് കെര്‍ബ് വെയ്റ്റ്. 12 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി.

പുതു തലമുറ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മൂന്ന് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലുമാണ് പുറത്തിറക്കിയിരിക്കുന്നത്

2005 ലാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ആദ്യം അവതരിപ്പിച്ചത്. അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180, അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ഫ്‌ളാഗ്ഷിപ്പ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 എന്നിവയാണ് അപ്പാച്ചെ കുടുംബത്തില്‍ പിറന്ന സ്‌പോര്‍ടി, പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍. പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കില്‍ സെഗ്‌മെന്റിലെ ബജാജ് പള്‍സര്‍ എന്‍എസ് 160, സുസുകി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍, യമഹ എഫ്ഇസഡ്-എസ് എഫ്‌ഐ വി2.0 എന്നിവയാണ് 2018 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി യുടെ എതിരാളികള്‍.

Comments

comments

Categories: Auto