കനത്ത മഴയ്ക്ക് സാധ്യത : മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

കനത്ത മഴയ്ക്ക് സാധ്യത : മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം: ന്യൂനമര്‍ദം കേരളതീരത്തേക്ക് എത്തുമെന്ന സൂചനയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ തുറമുഖങ്ങളിലെല്ലാം മൂന്നാം നമ്പര്‍ അപായ സൂചന നല്‍കി കഴിഞ്ഞു. പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കി അടിയന്തര ഘട്ടം നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്.

തുറമുഖത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കി. തെക്കു പടിഞ്ഞാറന്‍ മേഖലയിലാണു ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു മാലിദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്കും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യത കണക്കിലെടുത്തിട്ടുണ്ട്. കന്യാകുമാരിയുടെ തെക്ക് ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ തീവ്ര ന്യുനമര്‍ദം ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച അവലോകനത്തില്‍ സൂചിപ്പിക്കുന്നത്. എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. രാത്രിയിലും ഓഫിസ് അടിയന്തിര ഘട്ടം നേരിടാന്‍ തയ്യാറായിരിക്കും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

 

Comments

comments

Categories: Top Stories