കേരളം ടൊയോട്ടയുടെ ഭാഗ്യ വിപണി: എന്‍ രാജ

കേരളം ടൊയോട്ടയുടെ ഭാഗ്യ വിപണി: എന്‍ രാജ

കേരള വിപണിയില്‍ ടൊയോട്ടയ്ക്ക് പരസ്യങ്ങള്‍ പോലും ആവശ്യമില്ല. അത്രമാത്രം സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് ഇവിടെയുള്ളത്-ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രാജ

പ്രീമിയം വാഹന വിപണി കീഴടക്കാന്‍ എത്തിയ ടൊയോട്ട ലെക്‌സസ്, ഏപ്രിലില്‍ ലോഞ്ചിന് തയാറെടുക്കുന്ന ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളിലൂടെ കേരളത്തിലെ വാഹനവിപണിയില്‍ അധീശത്വം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. കേരളം ടൊയോട്ടയെ സംബന്ധിച്ച് ഭാഗ്യ വിപണിയാണ്. അവതരിപ്പിക്കപ്പെടുന്ന വാഹനങ്ങള്‍ പ്രത്യേക പരസ്യങ്ങള്‍ കൂടാതെ തന്നെ ജനങ്ങള്‍ ഏറ്റെടുക്കുകയാണ് പതിവ്. അതിനാല്‍ കേരള വിപണിയും ഇവിടുത്തെ ഉപഭോക്താക്കളും ടൊയോട്ടയെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതാണ്-ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രാജ ഫ്യൂച്ചര്‍ കേരളയ്ക്കനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. പ്രസക്ത ഭാഗങ്ങള്‍

ടൊയോട്ടയെ സംബന്ധിച്ചിടത്തോളം വരുന്ന സാമ്പത്തിക വര്‍ഷം എത്രമാത്രം പ്രസക്തമാണ്?

ഏറെ പ്രതീക്ഷകളോടെയാണ് ടൊയോട്ട വരുന്ന സാമ്പത്തിക വര്‍ഷത്തെ ഉറ്റു നോക്കുന്നത്. നിലവില്‍ വാഹനവിപണിയില്‍ മികച്ച മാര്‍ക്കറ്റ് ഷെയര്‍ നേടാന്‍ ടൊയോട്ടയുടെ ഒട്ടുമിക്ക മോഡലുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം വരും വര്‍ഷത്തിലും നിലനിര്‍ത്തുന്ന രീതിയിലായിരിക്കും മാര്‍ക്കറ്റ് പ്ലാനിംഗ്. അതിനോടൊപ്പം ടൊയോട്ട ലെക്‌സസ്, ഏപ്രിലില്‍ വിപണിയില്‍ എത്തുന്ന യാരിസ് തുടങ്ങിയ വാഹനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കമ്പനി കാണുന്നത്. പ്രീ ലോഞ്ച് കാലഘട്ടത്തില്‍ തന്നെ ഈ വാഹനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യത ഏറെ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ വില ആദ്യം നമ്മുടെ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്നതാവണം. പിന്നെ അതിന്റെ വിപണി സാധ്യതകള്‍ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കണം. അതിനുശേഷം മാത്രമേ ഈ രംഗത്ത് വലിയ നിക്ഷേപം നടത്തുകയുള്ളൂ

ടൊയോട്ടയെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണ് കേരള വിപണി?

120ല്‍ പരം രാജ്യങ്ങളില്‍ വില്‍പ്പനയുള്ള ടൊയോട്ടയെ സംബന്ധിച്ചിടത്തോളം കേരളം, ഇന്ത്യയിലെ ഏറ്റവും ശക്തമായ വിപണി തന്നെയാണ്. ടൊയോട്ടയ്ക്ക് കേരളത്തില്‍ ആദ്യമായി ഒരു സ്ഥാനം നേടിക്കൊടുത്ത ക്വാളിസ് എന്ന വാഹനം മുതല്‍, ഇതുവരെ ഈ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു മോഡലും പരാജയമായിട്ടില്ല. ടൊയോട്ട എത്തിയോസ്, എത്തിയോസ് ലിവ, ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ആള്‍ട്ടിസ് തുടങ്ങിയ വാഹനങ്ങള്‍ എല്ലാം തന്നെ മികച്ച വിപണി വിഹിതം നേടിയവയാണ്.

ഒരു പുതിയ വാഹനം ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ സശ്രദ്ധം വീക്ഷിക്കുന്നവരാണ് മലയാളികള്‍. ടൊയോട്ടയെ സംബന്ധിച്ചിടത്തോളം കേരള വിപണിയില്‍ ഒരു പുതിയ വാഹനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി പരസ്യങ്ങള്‍ പോലും ആവശ്യമില്ല. കാരണം കേരളത്തിലെ ഉപഭോക്താക്കള്‍ അത്രമാത്രം അപ്‌ഡേറ്റഡ് ആണ്. അതിനാല്‍ തന്നെ സ്ഥാപനവും ഉപഭോക്താക്കളോട് ഏറെ കടപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ ടൊയോട്ടയുടെ നിലവിലെ വിപണി വിഹിതം എത്രയാണ്?

കേരള വിപണിയില്‍ ടൊയോട്ട മുന്‍നിരയില്‍ തന്നെയാണ്. ചില കാറുകള്‍ക്ക് 75 ശതമാനം വരെ വിപണി വിഹിതം നേടാനായി സാധിച്ചിട്ടുണ്ട്. 40 ശതമാനമാണ് ടൊയോട്ട കൊറോളയുടെ കേരളത്തിലെ വിപണി വിഹിതം. അതേസമയം ഇന്നോവയുടെ വിപണി വിഹിതം 50 ശതമാനമാണ്. ഓട്ടോമൊബീല്‍ രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് ടൊയോട്ട ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടത്തുന്നത്. അതിനാല്‍ വിപണി സാധ്യതകള്‍ അനുദിനം വികസിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ യാരിസിന്റെ വില എത്രയായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണ്

ഏപ്രിലില്‍ വിപണിയിലെത്തുന്ന ടൊയോട്ട യാരിസ് കേരള വിപണിയെ ഏത് രീതിയിലാണ് സ്വാധീനിക്കുക?

കുടുംബവുമായി യാത്ര ചെയ്യുമ്പോള്‍ ഏറ്റവും അനുയോജ്യമായ കാര്‍ എന്ന നിലയിലാണ് ടൊയോട്ട യാരിസ് അവതരിപ്പിക്കുന്നത്. ടൊയോട്ടയുടെ ക്യുഡിആര്‍ (QDR) ടെക്‌നോളജിയില്‍ അധിഷ്ഠിതമാണ് യാരിസിന്റെ നിര്‍മാണം. പവര്‍ ഡ്രൈവര്‍ സീറ്റ്, 7 എസ്ആര്‍എസ് എയര്‍ബാഗ്ഗുകള്‍, റൂഫ് മൗണ്ടഡ് എയര്‍ വെന്റ്‌സ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം(TPMS), ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, നാലു വീലിലും ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങി സെഗ്മന്റിലെ ഫീച്ചറുകളില്‍ 12എണ്ണത്തിലും പ്രഥമ സ്ഥാനത്താണ് യാരിസ്. യാരിസിന്റെ കട്ടിംഗ് എഡ്ജ് എക്സ്സ്റ്റീരിയര്‍ ഡിസൈനും ഇന്റീരിയര്‍ ആര്‍ട് ഡിസൈനും ആണ് ആഗോളതലത്തില്‍ ശ്രദ്ധേയമായത്. സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് കിട്ടിയ വാഹനമാണ് യാരിസ് എന്നൊരു പ്രത്യേകത കൂടി ഈ മോഡലിനുണ്ട്. കേരളത്തില്‍ നിപ്പോള്‍ ടൊയോട്ട, അമാന ടൊയോട്ട എന്നീ ഡീലര്‍മാരിലൂടെ വാഹനം വിപണിയില്‍ എത്തും

ടൊയോട്ട യാരിസിന്റെ പ്രൈസ് റേഞ്ച് എങ്ങനെയായിരിക്കും?

ഇന്ത്യന്‍ വിപണിയില്‍ യാരിസി്‌ന്റെ വില എത്രയായിരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണ്. എങ്ങനെയായാലും ഏപ്രില്‍ മാസത്തോടെ വില നിശ്ചയിച്ച് വാഹനം ബുക്കിംഗിന് തയ്യാറാകും. മേയ് മാസത്തോടെ കൂടി ഡെലിവറിയും ആരംഭിക്കും. പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും ആദ്യം അവതരിപ്പിക്കപ്പെടുക

ഇലക്ട്രിക് വാഹന വിപണിയോടുള്ള ടൊയോട്ടയുടെ സമീപനം?

നിലവില്‍ ഈ രംഗത്ത് ഒരു വന്‍കിട നിക്ഷേപത്തിന് ടൊയോട്ട മുതിരുന്നില്ല. ഇലക്ട്രിക് വാഹനങ്ങളുടെ വില ആദ്യം നമ്മുടെ ജനതയ്ക്ക് താങ്ങാന്‍ കഴിയുന്നതാവണം. പിന്നെ അതിന്റെ വിപണി സാധ്യതകള്‍ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കണം. അതിനുശേഷം മാത്രമേ ഈ രംഗത്ത് നിക്ഷേപം നടത്തുകയുള്ളൂ. നിലവില്‍ ഹൈബ്രിഡ് വാഹനങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും.

Comments

comments

Categories: FK Special, Slider