ഓട്ടോ എക്‌സ്‌പോ 2018 : അഞ്ച് മികച്ച കണ്‍സെപ്റ്റ് കാറുകള്‍

ഓട്ടോ എക്‌സ്‌പോ 2018 : അഞ്ച് മികച്ച കണ്‍സെപ്റ്റ് കാറുകള്‍

വിവിധ വാഹന നിര്‍മ്മാതാക്കളുടെ കണ്‍സെപ്റ്റ് കാറുകള്‍ ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധാകേന്ദ്രങ്ങളായി. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ ഫ്യൂച്ചറിസ്റ്റിക് കണ്‍സെപ്റ്റ് കാറുകള്‍ നാട്ടിലെങ്ങും പാട്ടായി എന്നുതന്നെ പറയാം. ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശന മേളയില്‍ കണ്ട അഞ്ച് മികച്ച കണ്‍സെപ്റ്റ് കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

1. മാരുതി സുസുകി ഫ്യൂച്ചര്‍ എസ്

ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ ഓരോന്നായി പുറത്തിറക്കി കൊതിപ്പിച്ച മാരുതി സുസുകി, അവസാനം ഓട്ടോ എക്‌സ്‌പോയില്‍ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ഇന്ത്യയിലാണ് ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് പൂര്‍ണ്ണമായും രൂപകല്‍പ്പന ചെയ്തത്. വിപണിയില്‍ അവതരിപ്പിച്ചാല്‍ എന്‍ട്രി ലെവല്‍ സെഗ്‌മെന്റില്‍ റെനോ ക്വിഡ് ആയിരിക്കും എതിരാളി. എന്നാല്‍ ഫ്യൂച്ചര്‍ എസ് എപ്പോള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി വ്യക്തമാക്കിയിട്ടില്ല. 2019 ല്‍ മിക്കവാറും പ്രൊഡക്ഷന്‍ റെഡി മോഡല്‍ കാണാന്‍ കഴിയുമായിരിക്കും. മൈക്രോ എസ്‌യുവി സ്റ്റാന്‍സ്, അപ്‌റൈറ്റ് ഡിസൈന്‍ എന്നിവ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന് മോഡേണ്‍, അര്‍ബന്‍ ലുക്ക് സമ്മാനിക്കുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ന്നതാണ്. ഫ്‌ളാറ്റ് ഹുഡ് കാണാനാകും. ബ്രൈറ്റ് ഓറഞ്ച് ബോഡി നിറവും പേള്‍ വൈറ്റ് ആക്‌സന്റുകളും ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിനെ കൂടുതല്‍ മനോഹരമാക്കുന്നു.

2. ടാറ്റ മോട്ടോഴ്‌സ് 45എക്‌സ്

ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിച്ച ഏവരിലും ഏറ്റവുമധികം താല്‍പ്പര്യമുണര്‍ത്തിയ കണ്‍സെപ്റ്റ് കാറായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ 45എക്‌സ്. ഓട്ടോ എക്‌സ്‌പോയില്‍ 45എക്‌സ് കണ്‍സെപ്റ്റ് ആഗോള അരങ്ങേറ്റമാണ് നടത്തിയത്. ബോള്‍ഡ് സ്റ്റെലിംഗ് ഈ കണ്‍സെപ്റ്റ് കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. യൂറോപ്യന്‍ കാറുകളിലെ ഡിസൈന്‍ ഭാഷയാണ് 45എക്‌സ് കണ്‍സെപ്റ്റ് എന്ന ഹാച്ച്ബാക്കില്‍ കാണുന്നത്. പിന്നില്‍നിന്ന് നോക്കിയാല്‍ ലാന്‍ഡ് റോവറാണോ എന്നുപോലും സംശയിച്ചുപോകും. ടാറ്റ മോട്ടോഴ്‌സിന്റെ എഎംപി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ആദ്യ മോഡല്‍ കൂടിയാണ് 45എക്‌സ് കണ്‍സെപ്റ്റ് കാര്‍. റൂഫ് സ്‌പോയ്‌ലര്‍, കോണ്‍ട്രാസ്റ്റ് റൂഫ് എന്നിവ സ്‌പോര്‍ടിനെസ് നല്‍കുന്നു.

3. മഹീന്ദ്ര ടിയുവി സ്റ്റിംഗര്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റാണ് ടിയുവി സ്റ്റിംഗര്‍. മഹീന്ദ്ര ടിയുവി 300 അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ടിയുവി സ്റ്റിംഗര്‍. മസ്‌കുലര്‍ സ്റ്റാന്‍സാണ് ടിയുവി സ്റ്റിംഗര്‍ കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവി കണ്‍സെപ്റ്റിന്റെ പ്രത്യേകത. മുന്നില്‍ വലിയ വലിയ ക്രോം ഗ്രില്ല് കാണാം. എല്‍ഇഡി ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ ലാംപുകളും സ്‌റ്റൈലിഷ് തന്നെ. ഹുഡിന് കീഴില്‍ 2.2 ലിറ്റര്‍ എംഹോക് എന്‍ജിന്‍ തന്നെയായിരിക്കും. പരമാവധി 140 ബിഎച്ച്പി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നതാണ് ഈ എന്‍ജിന്‍.

4. കിയ എസ്പി എസ്‌യുവി കണ്‍സെപ്റ്റ്

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തിയത്. ഓട്ടോ എക്‌സ്‌പോയിലെ ശ്രദ്ധേയ പവലിയനുകളിലൊന്നായിരുന്നു കിയ മോട്ടോഴ്‌സിന്റേത്. എസ്പി എന്ന എസ്‌യുവി കണ്‍സെപ്റ്റാണ് കിയ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചത്. പുറത്തിറക്കിയാല്‍ ഹ്യുണ്ടായ് ക്രേറ്റയായിരിക്കും എതിരാളി. എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അടുത്ത വര്‍ഷം കാണാന്‍ കഴിഞ്ഞേക്കും. 2019 അവസാനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ലുക്കിന്റെ കാര്യത്തില്‍ കിയ മോട്ടോഴ്‌സിന്റെ സവിശേഷമായ ഗ്രില്ല് മുന്നില്‍ കാണാന്‍ കഴിയും. ഇത് എസ്‌യുവിക്ക് അഗ്രസീവ് സ്റ്റാന്‍സ് നല്‍കുന്നു. പിന്നില്‍നിന്ന് നോക്കിയാല്‍ ഹ്യുണ്ടായ് ക്രേറ്റയാണെന്ന് തോന്നിപ്പിക്കും. സ്‌പോര്‍ടേജ് എസ്‌യുവി എസ്പി കണ്‍സെപ്റ്റിന് പ്രചോദനമായിട്ടുണ്ട്. 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, പുതിയ 1 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ എന്‍ജിന്‍ എന്നിവയായിരിക്കും ഹൃദയ ഭാഗത്ത്.

5. റെനോ ‘ദ കണ്‍സെപ്റ്റ്’

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കണ്‍സെപ്റ്റിന്റെ പേര് ‘ദ കണ്‍സെപ്റ്റ്’ എന്നു തന്നെയാണ്. മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നമാണ് ദ കണ്‍സെപ്റ്റ്. റെനോയുടെ ചെന്നൈയിലെയും മുംബൈയിലെയും ഡിസൈന്‍ സ്റ്റുഡിയോയില്‍ ഇന്ത്യക്കാരനാണ് കാറിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. റെനോ ഇതാദ്യമായാണ് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുന്നത്. ക്വിഡ് അന്തര്‍ദേശീയ പ്രൊജക്റ്റ് ആയിരുന്നു. അല്‍പ്പം വലിയ ഹാച്ച്ബാക്കാണ് ദ കണ്‍സെപ്റ്റ്. ലൈറ്റിംഗ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് നല്‍കിയിട്ടുള്ളത്. പേള്‍ വൈറ്റ്, യെല്ലോ എന്ന കൂള്‍ കളര്‍ കോമ്പിനേഷനിലാണ് കാര്‍ വരുന്നത്. എല്ലാം ശരിയായി നടന്നാല്‍ ദ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ വൈകാതെ കാണാം.

Comments

comments

Categories: Auto